#മീര മനുഭയവിഹ്വലതകളിലൂടെ കടന്നു പോയ ഒരു നിപ കാലത്തെ പ്രമേയമാക്കി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ സുപ്രധാന കഥാപാത്രമായ നേഴ്സ് ലിനിയുടെ വേഷം അവതരിപ്പിച്ച് നിർമ്മിച്ച വൈറസ്. മികച്ച നിരൂപണ ശ്രദ്ധയും പ്രേക്ഷക പ്രതികരണവുമായി വൈറസ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. ന്യൂസ് 18 മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ റിമ കല്ലിങ്കൽ.
വൈറസ് സിനിമയുടെ നിർമ്മാതാവ് റിമ, നേഴ്സ് അഖിലയായ റിമ, സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ റിമ. ഇതിൽ ആരാണ് ഇപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത്?ഇതിൽ എല്ലാരും ഹാപ്പി ആണല്ലോ. ആഷിഖ് അബുവിന്റെ ഭാര്യയായ ഞാൻ എപ്പോഴും ഹാപ്പി ആണ്. ഇപ്പോൾ പ്രൊഡ്യൂസർ എന്ന നിലയിൽ സന്തോഷം തോന്നുന്നു. കുറേക്കാലങ്ങൾക്കു ശേഷമാണ് ഞാൻ വീണ്ടും അഭിനയിക്കുന്നത്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള, ജനങ്ങൾ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു കഥാപാത്രമായിട്ട് കുറച്ചു നേരം ജീവിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്. അതൊരു അനുഗ്രഹമാണ്.
നേഴ്സ് ലിനിയുടെ കുടുംബത്തെയും, നിപയെ മറികടന്നവരെയും സിനിമ ചെയ്യുന്നതിന് മുൻപായി നേരിൽ കണ്ടപ്പോഴത്തെ അനുഭങ്ങൾ:അവരുടെ സ്വകാര്യതയെ മാനിച്ച് കൊണ്ടാണ് ഞങ്ങൾ ഈ സിനിമ ചെയ്തത്. നമ്മുടെ ഒരു ആവശ്യത്തിന് വേണ്ടി അവർ അനുഭവിച്ച വ്യഥയിലൂടെ ഒന്നാകെ നടത്തിക്കുക ശരിയല്ല എന്ന് കൃത്യമായി ബോധ്യം ഉണ്ടായിരുന്നു. അവർക്കു പറയാനുള്ളത് വാങ്ങുക എന്നല്ലാതെ ഒരു രീതിയിലും അങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടില്ല. അവർക്ക് വേദന തോന്നാതെ പറയാൻ പറ്റിയ കാര്യങ്ങൾ മാത്രമേ കേൾക്കുകയും എടുക്കുകയും ചെയ്തിട്ടുള്ളൂ.
![]()
ചിത്രീകരണ വേളയിൽ റിമ
നേഴ്സ് ലിനിയെന്ന സിസ്റ്റർ അഖിലയായി മാറിയപ്പോൾ:സിസ്റ്റർ ലിനിയുടെ അവസാന നിമിഷങ്ങളാണ് ഞങ്ങൾ കാണിച്ചിട്ടുള്ളത്. കുടുംബത്തിന് പോലും ഇടപെടാൻ സാധിക്കാതിരുന്ന സമയമായിരുന്നല്ലോ അത്. അവസാന നിമിഷങ്ങളിൽ അവർ എന്ത് ചിന്തയിലൂടെയാണ്, വികാരങ്ങളിലൂടെയാണ് കടന്നു പോയതെന്ന് വളരെ അഗാധമായി പ്രോസസ്സ് ചെയ്യേണ്ട കാര്യമാണ്. ആ ഘട്ടത്തിലും സാഹചര്യത്തിലും നിൽക്കുന്ന ഒരാൾ എന്താവും ചിന്തിച്ചിരിക്കുക, എങ്ങനെയാവും തിരിഞ്ഞു നോക്കിയിട്ടുണ്ടാവുക എന്നൊക്കെ മനസ്സിലാക്കേണ്ടിയിരുന്നു. ഇനി കുടുംബത്തെ കാണാൻ പറ്റില്ല, മക്കളെ കാണാൻ പറ്റില്ല എന്ന് മനസ്സിലാക്കി അവസാന യാത്രക്ക് തയ്യാറെടുത്തിരിക്കുന്ന വ്യക്തിയുടെ അവസ്ഥ എന്തായിരുന്നെന്ന് ആരോടാണ് ചോദിക്കുക? ഇതിനുള്ള തയ്യറെടുപ്പ് എങ്ങനെ ആവണമെന്ന് എനിക്കറിയില്ലായിരുന്നു. വല്ലാത്തൊരു പ്രക്രിയയിലൂടെയാണ് ഞങ്ങൾ കടന്നു പോയത്.
നേഴ്സ് ലിനിയുടെ സഹപ്രവർത്തകരെ കണ്ടപ്പോൾ നേരിട്ട പ്രതികരണം എന്താണ്?നേഴ്സ് കമ്മ്യൂണിറ്റിയിൽ ഒരാൾക്കായിരുന്നല്ലോ ഇങ്ങനെ സംഭവിച്ചത്. അതിന്റെ മുഴുവൻ സ്നേഹവും കൊടുത്താണ് അവസാന ഘട്ടങ്ങളിൽ അവർ ലിനിയെ പരിചരിച്ചിരുന്നെന്നാണ് നമുക്ക് കിട്ടിയ വിവരം. അവരിൽ ഒരാൾക്ക് ഈ അവസ്ഥ വന്നപ്പോൾ എത്രത്തോളം സഹാനുഭൂതിയോടും സഹതാപത്തോടും കൂടി പരിചരിച്ചു എന്ന് തെളിയിക്കുന്നതാണ് സിനിമയിൽ സിസ്റ്റർ അഖിലയോട് ഡോക്ടർ ഉണ്ണിമായ സംസാരിക്കുന്ന സീനിൽ കാണുന്നത്. അവിടെ ലഭിച്ച ബഹുമാനമാണ് ഞങ്ങൾ അടിവരയിട്ട് പറയാൻ ശ്രമിച്ചത്. അവർ ചെയ്യുന്ന കാര്യങ്ങളുടെ ആഴം അവർക്കു മാത്രമേ അറിയുള്ളൂ. എത്രയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാലും അവരുടെ മാനസിക സംഘർഷങ്ങൾ, അവർ അനുഭവിച്ചത് തന്നെയാണ്. പൂർണ്ണ ബഹുമാനത്തോടെ അത് ഉൾക്കൊള്ളാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
റിലീസിന് ശേഷമുള്ള പ്രതികരണം.ആളുകൾക്ക് ഈ സിനിമയെക്കുറിച്ച് പലതരത്തിലുള്ള റീഡിങ് ഉണ്ടായിരുന്നു. രാഷ്ട്രീയ ലക്‌ഷ്യം വച്ചുകൊണ്ടുള്ള അല്ലെങ്കിൽ, ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള, ബിംബാരാധനക്കുള്ള സിനിമ എന്ന ധാരണ ഉണ്ടായിരുന്നു. മനുഷ്യരുടെ സിനിമയായി നിലകൊണ്ട് നിപ കാലത്ത് അവിടെയുണ്ടായിരുന്ന സാധാരണക്കാരായ മനുഷ്യർ അവരുടെ ഉള്ളിലെ ഹീറോസിനെ തിരിച്ചറിഞ്ഞു അതിനെ പുറത്തു കൊണ്ട് വന്ന് നേരിട്ടതിനോടുള്ള ആദരം ആണ് ഇതെന്ന തിരിച്ചറിവിൽ രണ്ടു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചതാണ് ഈ സിനിമയുടെ വിജയം.
Read: 'റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു'; വൈറസ് കണ്ട് ലിനിയുടെ ഭർത്താവ് സജീഷിന്റെ പ്രതികരണംരണ്ടതാമതും നിപ വരുന്നു. ശേഷം വൈറസ് തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം. ഇതെങ്ങനെ ഉൾക്കൊള്ളാൻ സാധിച്ചു?ഭയമാണ് ആദ്യം തോന്നിയത്. നിപയും പ്രളയവും അതിജീവിച്ച് നിൽക്കുന്ന ജനതയ്ക്ക് ഇനി ഒരു തവണ കൂടി ഇതിലൂടെ കടന്നു പോകേണ്ടി വരരുതേ എന്ന പ്രാർത്ഥനയായിരുന്നു. കേരളത്തിൽ ഉള്ള ആളുകൾ മികച്ച കാര്യങ്ങൾ അർഹിക്കുന്നവരാണ്. രണ്ടാമത് തോന്നിയത് ധൈര്യമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പലരോടും നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഇവർ എത്രത്തോളം തയ്യാറെടുത്തിരുന്നു, ഇതിനെ പറ്റി എന്തുമാത്രം അവഗാഹം ഉണ്ട്, ഇതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവർ അത്രയും ആത്മവിശ്വാസം ഉള്ളവരായിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ എന്ത് ചെയ്യും, ഇതെവിടുന്നു വന്നു എന്നൊന്നും അറിയാത്ത ഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. എന്തൊക്കെയാണ് ആവശ്യം എന്ന് മനസ്സിലാക്കി നേരിടാനുള്ള ധൈര്യം ജനങ്ങൾക്ക് നൽകാൻ ഇവിടുത്തെ ആരോഗ്യ മന്ത്രാലയത്തിന് സാധിച്ചത് വലിയൊരു കാര്യമാണ്. കേരള മോഡൽ വികസനത്തിന്റെ ഒരു മുഖമുദ്ര തന്നെയാണിത്.
നിപ ബാധിച്ച സൗബിൻ ഷാഹിറിന്റെ കഥാപാത്രം വളരെയധികം യാഥാർഥ്യം തുളുമ്പുന്നതായിരുന്നു. പ്രേക്ഷകരും അത് സമ്മതിക്കുന്നുണ്ട്.തിയേറ്ററിനുള്ളിലെ ഭീകരതയുടെ ഇടയിൽ നിന്നും കാണുമ്പോൾ ആ ഒരു ഫീലിംഗ് ഉണ്ടായിരുന്നെന്ന് പലരും പറഞ്ഞിരുന്നു. അത് റീക്രിയേറ്റ് ചെയ്യാൻ സാധിച്ചു എന്നത് ഒരു നല്ല കാര്യമായി എന്ന് തോന്നുന്നു.
Read: Virus movie review: ആ നിപ കാലം അതിജീവിച്ചതെങ്ങനെ? നേരിന്റെ നേർചിത്രമായി വൈറസ്മികച്ച സ്ക്രിപ്റ്റ് വൈറസിന്റെ നെടുംതൂണ് തന്നെയാണ്. ഇതിനായുള്ള പ്രവർത്തനത്തിൽ തിരക്കഥാകൃത്തിനൊപ്പം പിന്നണിപ്രവർത്തകരുടെ പിന്തുണ എത്രത്തോളമുണ്ട്?പിന്നിൽ മുഹ്‌സിൻ, ഷറഫ്, സുഹാസ് എന്നീ മൂന്നു പേരും ഉണ്ട്. റിസർച്ചിന്റെ ഭാഗമായി ഷറഫ് മാത്രം 100ഓളം പേരെ പോയി കണ്ടിട്ടുണ്ട്. ഈ സിനിമ എഴുതി തുടങ്ങുന്ന ഘട്ടം മുതൽ ഞങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് പറയുന്നത് നിപ കാലത്ത് ജീവൻ നഷ്ടപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഒരുപാട് വേദനയിലൂടെ കടന്നു പോയ ആളുകൾക്കെല്ലാം കൃത്യമായ ആദരം ആയിരിക്കണം എന്നതായിരുന്നു.
ഒരുപാട് സങ്കടങ്ങളും വിഷമങ്ങളുമായി നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി ജീവിക്കുന്നവർക്ക് എന്തെങ്കിലും തരത്തിൽ പ്രതീക്ഷയോ, പോസിറ്റീവ് സന്ദേശമോ, കൈത്താങ്ങോ ആവണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടു കൂടിയാണ് ഇതിൽ ഓരോരോ കാര്യങ്ങളും എഴുതിയത്, ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഇത്രയധികം ഉപകഥകളും, സമാന്തര കഥകളും, പ്രധാന പ്രമേയവും ഉൾക്കൊള്ളിക്കുക എളുപ്പ കാര്യമല്ല. അവർ മൂന്നു പേരും അഭിനന്ദനം അർഹിക്കുന്നു. ഉദ്ദേശിക്കുന്ന തരത്തിൽ, മാനുഷികത നിറയുന്ന, ഒത്തൊരുമയുടെ സന്ദേശം നൽകുന്ന, എവിടെ ഇരുന്നു കാണുന്ന മനുഷ്യനും ബന്ധിപ്പിക്കാവുന്ന കഥയാവണം ഇതെന്നുള്ളത് ഇവർ മൂന്നു പേരും ആഷിഖും തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.
റിലീസിന് ശേഷം നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂരിന്റെ പ്രതികരണം എന്തായിരുന്നു?ഒരുപാട് സ്ഥലത്തു വച്ച് ഞങ്ങൾ കാണുകയും, സംസാരിക്കുകയും, കാര്യങ്ങൾ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. റിലീസ് സമയത്ത് ഞങ്ങൾ ഒരുമിച്ച് സിനിമ കണ്ടു. സജീഷ് അവിടെയിരുന്നു കാണുന്നു എന്നത് എനിക്ക് ശ്വാസം മുട്ടുന്ന അനുഭവമായിരുന്നു. എങ്ങനെ ആ സിനിമ മുഴുവനും അദ്ദേഹം കാണും എന്ന ചിന്തയായിരുന്നു. കണ്ടു ഇറങ്ങുമ്പോൾ കൈപിടിച്ചു കുറെ നേരം നിന്നു എന്നല്ലാതെ ഒന്നും പറയാനായില്ല. കുറച്ചു നേരം അവിടെ നിന്നിരുന്നു എന്ന് മാത്രം. പെട്ടെന്ന് ഞാൻ പോവുകയാ എന്നും പറഞ്ഞു പോയി. മക്കളോട് കാര്യം പറഞ്ഞു, അവർക്കു മനസ്സിലായിട്ടുണ്ട് എന്ന രീതിയിലാണ് സജീഷ് സംസാരിച്ചത്. അവർ മെല്ലെ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അങ്ങനെ തന്നെ ആവണം എന്നാണ് എന്റെയും ആഗ്രഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.