ഗ്രെഗ് കാനത്തിനെ അറിയാമോ? ഇന്ന് നടന്ന 91-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന വേളയിൽ മികച്ച മേക്കപ്പ് കലാകാരനുള്ള ഓസ്കർ നേടിയത് കാനമാണ്. ഇന്ത്യക്കാർക്ക് ഗ്രെഗ് കാനം സുപരിചിതനാവുന്നത് കപൂർ ആൻഡ് സൺസ് എന്ന ചിത്രത്തിലൂടെയാണ്. ഋഷി കപൂറിന്റെ മേക്കോവറിന് കാരണം കാനത്തിന്റെ കരവിരുതല്ലാതെ മറ്റൊന്നുമല്ല. കാനത്തിന്റെ നാലാമത് ഓസ്കർ വിജയത്തിളക്കത്തിന് ഋഷി കപൂറും ഭാര്യ നീതുവും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വൈസ് എന്ന ചിത്രത്തിൽ ഹോളിവുഡ് താരം ക്രിസ്ത്യൻ ബെയ്‌ലിനെ മുൻ ഉപരാഷ്ട്രപതി ഡിക് ചെനെയായി രൂപാന്തരപ്പെടുത്തിയത് കാനം ആണ്. സിദ്ധാർഥ് മൽഹോത്രയുടെയും ഫവാദ് ഖാന്റെയും മുത്തച്ഛന്റെ വേഷമായിരുന്നു കപൂർ ആൻഡ് സൺസിൽ ഋഷി കൈകാര്യം ചെയ്തത്. കാനത്തിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്താണ് ഋഷി സന്തോഷമറിയിച്ചത്. ഭാര്യ നീതുവും അഭിനന്ദനം അറിയിച്ചിരുന്നു.
ഒരു ദിവസം അഞ്ച് മണിക്കൂറോളം ചിലവിട്ടാണ് കാനം ഋഷിയുടെ മുത്തച്ഛൻ ഗെറ്റപ് സൃഷ്ടിച്ചത്. കാനത്തിന് 10 തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ദി ക്യൂരിയസ് കെയ്‌സ് ഓഫ് ബെഞ്ചമിൻ ബട്ടൺ, മിസ്സിസ് ഡൌട്ട്ഫയർ ആൻഡ് ഡ്രാക്കുള എന്നീ ചിത്രങ്ങൾക്കായിരുന്നു മുൻപ് ഓസ്കർ നേടിയിരുന്നത്. 2005ൽ, മേക്കപ്പിനായി ഒരു പ്രത്യേക തരം സിലിക്കൺ മെറ്റീരിയൽ രൂപാന്തരപ്പെടുത്തി ഉപയോഗിച്ചതിന് അക്കാഡമിയുടെ ടെക്നിക്കൽ അച്ചീവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.