• HOME
  • »
  • NEWS
  • »
  • film
  • »
  • Rorschach movie review: അടിമുടി ദുരൂഹത; ഇത് മലയാള സിനിമ കണ്ടും കേട്ടും പരിചയമില്ലാത്തത്

Rorschach movie review: അടിമുടി ദുരൂഹത; ഇത് മലയാള സിനിമ കണ്ടും കേട്ടും പരിചയമില്ലാത്തത്

Rorschach movie review: ഹോളിവുഡ് മികവിൽ ഒരു മമ്മൂട്ടി ചിത്രം. റോഷാക്കിലെ പ്രതീക്ഷകൾ

റോഷാക്ക്

റോഷാക്ക്

  • Share this:
Rorschach review | പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി (Mammootty) ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിയിരിക്കുന്നു. അതുവരെ 'റോഷാക്ക്' (Rorschach) എന്ന പദം (മനഃശാസ്ത്ര പരീക്ഷണ രീതി) മനഃശാസ്ത്ര വിദഗ്ധരും വിദ്യാർത്ഥികളും ഒഴികെ മറ്റാരും കേട്ടിരിക്കില്ല, അതിനുള്ള സാധ്യത മറ്റുള്ളവർക്ക് തീരെക്കുറവാണ്. പേരുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്നും അത് എങ്ങനെ വായിക്കും എന്നും ഒക്കെ ആലോചിച്ചവരും ഉണ്ട്. എന്നാൽ പേര് മാത്രമല്ല, സിനിമ ഇറങ്ങുമ്പോഴും ഇതിനു മുൻപെങ്ങും കണ്ടും കേട്ടും പരിചയമില്ലാത്ത ഒരു ദൃശ്യാനുഭവം ടിക്കറ്റ് എടുത്ത് ബിഗ് സ്‌ക്രീനിൽ കണ്ണുംനട്ടിരിക്കുന്ന പ്രേക്ഷകർക്ക് നൽകും എന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു സിനിമ, അതാണ് 'റോഷാക്ക്'.

റോഷാക്കിന് തൊട്ടു മുൻപ് വരെ പകയുടെയും പ്രതികാരത്തിൻറെയും കഥപറഞ്ഞ സിനിമ ഇറങ്ങിയ സ്ഥിതിക്ക് ഒരു റിവഞ്ച് ത്രില്ലറിൽ അനന്ത സാധ്യതകളുണ്ട് എന്ന് തെളിയിക്കാൻ വേണ്ടിവന്ന കഠിനാധ്വാനം ഫലം കണ്ടോ എന്ന് പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്. പക, കുറ്റകൃത്യം, മനഃശാസ്ത്രം, നിഗൂഢത എന്നിവ ചേരുംപടി ചേർക്കാൻ അറിഞ്ഞാൽ ഉണ്ടാവുന്ന അന്തിമഫലം എങ്ങനെയുണ്ടാവും എന്ന് പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി എങ്ങനെ പറഞ്ഞുകൊടുക്കാം എന്നും ഇവിടെ കാണാം.

സർവ്വതും നഷ്‌ടമായ മനുഷ്യൻ അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ ജീവനപഹരിച്ച ആളോട് എങ്ങനെയെല്ലാം പ്രതികാരം ചെയ്യുമായിരിക്കും? ഈ ചോദ്യം കേട്ടപ്പോൾ മനസ്സിലൂടെ ചിലതെല്ലാം കടന്നുപോയോ? ഈ പറഞ്ഞ കുറ്റവാളി മരിച്ചാലും അയാളിലെ പ്രതികാരാഗ്നി കെട്ടടങ്ങിയില്ലെങ്കിലോ? ലൂക്ക് ആന്റണി എന്ന മധ്യവയസ്കന്റെ (മമ്മൂട്ടി) പക സഞ്ചരിക്കുന്ന വഴിയാണ് 'റോഷാക്ക്'. ഇടിച്ചു തകർന്ന മുൻഭാഗമുള്ള, വൃത്തിയായി സൂക്ഷിക്കാത്ത, രജിസ്ട്രേഷൻ നമ്പർ പോലും ഏതു നാട്ടിലേതെന്നു വായിക്കാൻ സാധിക്കാത്ത വിലകൂടിയ കാറും ഓടിച്ച് അയാൾ തലമുത്തിക്കുന്ന് ഗ്രാമത്തിൽ വരുമ്പോൾ ഊഹിക്കാവുന്നതിലുമധികം ലക്ഷ്യങ്ങൾ ആ മനസ്സിലുണ്ട്.

ഒരു പുസ്തകം വായിക്കും പോലെ, താളുകൾ മറിഞ്ഞു വരുന്ന പ്രതീതിയാണ് ഈ ചിത്രം കാണുമ്പോൾ. അത്രയേറെ ലെയറുകളുണ്ട് ഇവിടെ. ഇതിൽ മനുഷ്യനെക്കാളേറെ അവന്റെ മനഃശാസ്ത്രമാണ് പ്രധാനം. സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ മുതൽ ചർച്ചയായ 'വൈറ്റ് റൂം ടോർച്ചർ' ലൂക്കിന്റെ വിചിത്രമായ മനോവ്യാപാരം വായിക്കാൻ അത്യന്താപേക്ഷിതമാണ്. അതീവ ക്രൂരകൃത്യങ്ങൾ ചെയ്ത കുറ്റവാളികളെ വെള്ള ഒഴികെ മറ്റൊരു നിറവും കടന്നുവരാത്ത മുറിയിൽ അടച്ചിട്ടു ശിക്ഷിക്കുന്ന ചില വിദേശ രാജ്യങ്ങളിലെ രീതിയാണ് 'വൈറ്റ് റൂം ടോർച്ചർ'. ശിക്ഷ അനുഭവിക്കുന്നയാളുടെ മനസ്സിനെയും സ്വഭാവത്തെയും ആഴത്തിൽ ബാധിക്കുന്ന ശിക്ഷാരീതിയാണിത്.

ഓരോ കഥാപാത്രത്തെയും കുറിച്ച് വിശദീകരിക്കുന്നതിനു മുൻപ് സിനിമയുടെ ടെക്നിക്കൽ മേന്മ എടുത്തുപറയേണ്ടിയിരിക്കുന്നു. ക്യാമറ, പശ്ചാത്തല സംഗീത വിഭാഗങ്ങൾ ആദ്യ ഫ്രയിം മുതലേ ശ്രദ്ധ നേടും. പതിയെപ്പതിയെ ചുരുളുകൾ അഴിയുന്ന കഥയെ ഇരുട്ടിൽ മുക്കാതെ നിഴലും വെളിച്ചവും ഷോട്ടിന്റെ രീതിക്കനുസരിച്ച് മാറ്റംവരുത്തിയ ക്യാമറാ മികവാണ് നിമിഷ് രവിയുടേത്. കുറുപ്പിന്റെ ക്യാമറയും നിമിഷിന്റെ കൈകളിൽ ആയിരുന്നു. താരതമ്യേനെ പ്രായം കുറഞ്ഞ ഒരു പ്രതിഭയെ റോഷാക്ക് കൂടി കണ്ടിറങ്ങുമ്പോൾ മലയാള സിനിമ നോട്ടമിട്ടു വച്ചോ.

ഫസ്റ്റ് ലുക്ക് കണ്ടപ്പോഴേ സ്പാനിഷ് ചിത്രം 'ടൈം ക്രൈംസിൽ' നിന്നും ചില സിനിമാ പ്രേമികൾ എന്തെല്ലാമോ പ്രതീക്ഷിച്ചേക്കും. എന്നാൽ രക്തം പുരണ്ട മുഖംമൂടി ഒഴികെ മറ്റൊന്നും അതിൽ നിന്ന്, മമ്മൂട്ടി ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. ഒരുപക്ഷെ ഉദ്വേഗത്തിന്റെ കാര്യത്തിൽ അതേ ഫീൽ ലഭിച്ചേക്കാം. അതുകൊണ്ട് തന്നെയാവണം മിഥുൻ മുകുന്ദൻ ആ തലത്തിൽ ചിന്തിച്ചവരും സിനിമ കാണുന്നു എന്ന സമീപനത്തിൽ ഹോളിവുഡ് പ്രതീതി നൽകുന്ന, സിനിമയുടെ മൂഡിനെ പിടിച്ചുയർത്തുന്ന സംഗീതം ഒരുക്കിയത്.

സംവിധാന മികവിനെക്കുറിച്ച് പറയുമ്പോൾ, തീർത്തും ശാന്തമായ താളത്തിൽ തീർത്ത 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന കുടുംബ ചിത്രമാണ് നിസാം ബഷീർ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രം എന്ന് വിശ്വസിക്കാൻ പ്രയാസമായേക്കും. ഈ ചലച്ചിത്രകാരന്റെ റേഞ്ച് എന്തായിരുന്നു എന്ന് അന്നാരും തന്നെ നിനച്ചിരിക്കാൻ സാധ്യതയില്ല. ഇവർക്കൊപ്പം ചേർന്ന സമീർ അബ്ദുൽ എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്.

ലുക്കിൽ മാത്രമല്ല, താൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ കാര്യത്തിലും യൂത്തന്മാരെ വെല്ലുവിളിച്ചുകൊണ്ടുള്ള പോക്കാണ് മമ്മൂട്ടി. 'ഭീഷ്മപർവത്തിലെ' മൈക്കിളപ്പൻ തുടങ്ങിവച്ച ടെമ്പോയ്ക്ക് തെല്ലും കോട്ടം വരാതെയുള്ള ജൈത്രയാത്രയാണ് അദ്ദേഹം 2022ൽ 'റോഷാക്ക്' കൂടി റിലീസായ വേളയിൽ നടത്തിയിട്ടുള്ളത്. വീങ്ങിവീർത്ത കൺതടങ്ങളും, ആർക്കും എളുപ്പം ഗ്രഹിക്കാൻ കഴിയാത്ത സങ്കീർണതകളും നിറഞ്ഞ ഈ വേഷത്തെ അദ്ദേഹം അത്യന്തം പ്രൊഫഷണലിസത്തോടെ ട്രീറ്റ് ചെയ്ത് മടക്കിയേൽപ്പിച്ചു കഴിഞ്ഞു.

അടുത്തവീട്ടിലെ വ്യക്തി എന്ന തരത്തിൽ വർഷങ്ങളായി കണ്ടുപരിചയിച്ച താരങ്ങൾ പലർക്കും ഇങ്ങനെയും ഒരു കഥാപാത്രമുഖമുണ്ട് എന്ന് കാണാൻ ഈ സിനിമയിലൂടെ മാത്രമേ സാധിക്കൂ. ലൂക്കിനെക്കാൾ നിഗൂഢമായ അമ്മവേഷം ചെയ്ത ബിന്ദു പണിക്കർ തന്നെയാവും ഏറ്റവും കൂടുതൽ ഞെട്ടിക്കുക. സേതുരാമയ്യർ സി.ബി.ഐയിലെ ടെയ്‌ലർ മണി എന്ന നെഗറ്റീവ് വേഷത്തിനു ശേഷം ജഗദീഷ് എന്ന നടനെ ഇത്ര ആഴത്തിൽ സ്കെച്ച് ചെയ്യാൻ റോഷാക്കിലെ അഷ്‌റഫ് എന്ന പോലീസുകാരൻ വരാൻ കാത്തിരിക്കേണ്ടിവന്നു മലയാളി പ്രേക്ഷകന്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലും ആഴമുള്ള കഥാപാത്രമായും ജഗദീഷിനെ പ്രതീക്ഷിച്ചോളൂ. കോട്ടയം നസീർ ആണ് ഞെട്ടിക്കുന്ന മറ്റൊരാൾ. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഗ്രെയ്‌സ് ആന്റണിയുടെ കഥാപാത്രങ്ങൾ പലയാവർത്തി ചർച്ചയായിട്ടുണ്ടെങ്കിൽ, ഇനി സുജാതയുടെ പേരിലാവും നടിയുടെ അടുത്ത മികച്ച കഥാപാത്രം വരുന്നതുവരെ ഓർക്കപ്പെടുക. മമ്മൂട്ടിയുടെ നായികാ വേഷം ചെയ്യുമ്പോൾ, കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന ഗ്രെയ്‌സ് സിനിമയുടെ ശ്രദ്ധേയഭാഗമാണ്. ഷറഫുദീൻ ആണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷം. അതിഥിവേഷത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ഓരോ അഭിനേതാവിനെയും ചിത്രം വാർത്തെടുത്തു.

ഒന്നോ രണ്ടോ കാരണങ്ങൾ പറഞ്ഞ് ഈ സിനിമയെ അപഗ്രഥിച്ച് അവസാനിപ്പിക്കാൻ കഴിയില്ല. എന്നും പുതുമ തേടുന്ന കണ്ണുകളുമായി മലയാള സിനിമയെ ഉറ്റുനോക്കുന്നവർക്ക് തങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് പറഞ്ഞു കൊണ്ട് ഈ സിനിമ കണ്ടിറങ്ങാം എന്ന് ഉറപ്പ് തരാം.  മുഖമൂടിക്കു പിന്നിലെ കണ്ണുകൾ ആരെന്നും അറിയാൻ കാത്തിരിക്കുന്നവരും ഉണ്ടാകുമല്ലോ, അല്ലേ? എന്നാൽപ്പിന്നെ തിയേറ്ററിലേക്കല്ലേ?
Published by:Meera Manu
First published: