HOME » NEWS » Film » MOVIES SABUMON ABDUSAMAD IS SHOWERED WITH PRAISES FOR HIS CHARACTER PRESENTATION IN JALLIKATTU MOVIE

Interview: തള്ളുമല്ല, തരികിടയുമല്ല; സാബുമോൻ നേരിട്ടത് ജീവന്മരണ പോരാട്ടം

Sabumon Abdusamad is showered with praises for his character presentation in Jallikattu | ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ ഓടിയതും, കിണറ്റിൽ ഇറങ്ങിയതും പറന്നതുമെല്ലാം ചർച്ച ആയപ്പോൾ, സാബുമോൻ ഉൾപ്പെടുന്ന അഭിനേതാക്കൾ ജല്ലിക്കട്ടിൽ നടത്തിയത് ജീവന്മരണ പോരാട്ടമായിരുന്നു

Meera Manu | news18-malayalam
Updated: October 15, 2019, 1:06 PM IST
Interview: തള്ളുമല്ല, തരികിടയുമല്ല; സാബുമോൻ നേരിട്ടത് ജീവന്മരണ പോരാട്ടം
ജല്ലിക്കട്ടിൽ കുട്ടച്ചനായി സാബുമോൻ
  • Share this:
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ട് കണ്ട പലരും ആ രംഗം ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. ഓർക്കാപ്പുറത്ത് സിനിമയിലെ അവസരം തങ്ങളെ തേടിയെത്തിയ ചില മത്സരാർത്ഥികളുടെ മുഖത്തെ അമ്പരപ്പ്. ആ വേദിയിൽ സാബുമോനെ അന്വേഷിച്ചെത്തിയത് സുഹൃത്ത് ലിജോ ജോസ് പെല്ലിശ്ശേരി. രണ്ടു കൂട്ടുകാർ തമ്മിലെ കണ്ടു മുട്ടലിനും പുറത്തൊരു യാത്രയുടെ തുടക്കമായിരുന്നത്.

"റിയാലിറ്റി ഷോ സമയത്ത് ഞങ്ങൾക്ക് ഫോൺ ഉപയോഗിക്കാനോ, പുറംലോകവുമായി ആശയവിനിമയം നടത്താനോ ആവില്ലായിരുന്നു. ലിജോയെ വേദിയിലെ ആൾക്കൂട്ടത്തിനു നടുവിൽ കാണുമ്പോൾ ഞാൻ ചിന്തിച്ചത് ഈ പരിപാടിയുടെ പ്രൊഡക്ഷൻ ടീമിലെ അംഗം ആയിരിക്കുമെന്നാണ്. അതിനു സാധ്യത വളരെ കുറവാണെന്നും അറിയാമായിരുന്നു. ലിജോ എന്തായാലും ഇങ്ങനെ ഒരു പരിപാടിയുടെ അണിയറയിൽ എത്താൻ സാധ്യതയില്ല. എന്നെ അമ്പരപ്പിച്ചു കൊണ്ടാണ് ലിജോ ആ പ്രഖ്യാപനം നടത്തിയത്. ജല്ലിക്കട്ടിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്. തീർത്തും അവിചാരിതമായ കാര്യങ്ങൾ."

സാബുവിൽ നിന്നും ജല്ലിക്കട്ടെന്ന കൾട്ട് മൂവിയിലെ കുട്ടച്ചനിലേക്കുള്ള യാത്രയുടെ തുടക്കം ആ മത്സര വേദിയിൽ നിന്നും ആരംഭിച്ചു. ഇന്നിപ്പോൾ നാട്ടിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിൽ പ്രേക്ഷകർക്കും നിരൂപകർക്കും കുട്ടച്ചന്റെ മുഖവും ആത്മാവുമായി മാറിയ സാബുമോൻ പരിചിതനാണ്.

ബുദ്ധിജീവി തലത്തിലെ സിനിമയാണ് ജല്ലിക്കട്ട് എന്ന് ഒരു വിഭാഗം വാദിച്ചപ്പോഴും സാബുമോന്റെ പ്രകടനത്തെ പറ്റി ഏകാഭിപ്രായം ആണ് എല്ലാ ഭാഗത്തുനിന്നും ഉയർന്നു വന്നത്. കുറച്ചുകൂടി വ്യക്തമായി  പറഞ്ഞാൽ കുട്ടച്ചന് ശേഷം ഇനി ആർക്കും സാബുമോനെ ആ പഴയ ടി.വി. പരിപാടിയുടെ പേരായ 'തരികിട' ചേർത്ത് വിളിക്കാനാവില്ല. ആ കാലങ്ങൾ തമ്മിൽ ഇപ്പോൾ കാതങ്ങൾ ദൂരമുണ്ട്.ജല്ലിക്കട്ട് സിനിമയിൽ പിടിവിട്ടോടുന്ന പോത്തിനെ വെടിവെച്ചു വീഴ്ത്താൻ വരുന്ന, നാട്ടുകാർ ആർപ്പുവിളി യോടെ സ്വീകരിക്കുന്ന തോക്ക്ധാരിയായ കുട്ടച്ചൻ. മുൻപെങ്ങും ചെയ്ത ചില അല്ലറ ചില്ലറ പരിപാടികളുടെ കഥ ഒഴിച്ചാൽ തന്നെ ഏൽപിച്ച ഉദ്യമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പോത്തിന് പിന്നാലെ ഓടുന്ന നാട്ടിലെ ഒരേയൊരു വ്യക്തിയാണ് ഇദ്ദേഹം.

"കുട്ടച്ചൻ ഒരു സർവൈവർ ആണ്. ആ കൂട്ടത്തിൽ ഏറ്റവും അധികം പോസിറ്റിവിറ്റി ഉള്ള ആൾ. അയാൾ മാത്രമാണ് മറ്റേത് ലക്ഷ്യവുമില്ലാതെ തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ചു മടങ്ങണമെന്ന് ആഗ്രഹം ഉള്ളയാൾ."

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ഇന്ന് കാണുന്ന എൽ.ജെ.പി. ആവുന്നതിനും വളരെ മുൻപ് തുടങ്ങിയ സൗഹൃദമാണ് ജല്ലിക്കട്ടിൽ എത്തി നിൽക്കുന്നത്. പണ്ടൊരു സംഗീത ആൽബം സംവിധാനം ചെയ്ത ലിജോമായുള്ള സൗഹൃദമാണ് സാബുവിനെ ഇവിടെ എത്തിച്ചത്. ഒന്നിച്ചുള്ള ആദ്യചിത്രം ഡബിൾ ബാരൽ. ശേഷം തിരക്കുകളുടെ ലോകത്തേക്ക് വഴിപിരിഞ്ഞ ആ സുഹൃത്തുക്കൾ കാണുന്നത് ജല്ലിക്കട്ടിലേക്കുള്ള അപ്രതീക്ഷിത കൂടിച്ചേരലിന്റെ മുഹൂർത്തത്തിലാണ്.

Youtube Video


ടൊറന്റോയിൽ ചിത്രം ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ പലർക്കും അറിയേണ്ടിയിരുന്നത് ഈ ചിത്രത്തിലെ കഥാപാത്രം ചെയ്തവരൊക്കെ അപകടം പറ്റാതെ എങ്ങനെ എത്തിയെന്നാണ്. എന്നാൽ എല്ലാവരും ചെറിയ കഷ്ടപ്പാടുകൾ സഹിച്ചു പൂർത്തിയാക്കിയ ഒരു ചിത്രമാണ് ജല്ലിക്കട്ട് എന്ന് കരുതേണ്ട.

കട്ടപ്പനയിലെ മാമരം കോച്ചുന്ന തണുപ്പത്ത് പരിക്കുപറ്റിയ സാബുമോൻ മാത്രം അനങ്ങാതെ കിടക്കേണ്ടി വന്നത് മൂന്നു ദിവസം. മറ്റൊരു താരമായ ആൻറണി വർഗീസിന് ഷൂട്ടിംഗിനിടെ വീണ മുഖത്ത് പരിക്കുകൾ മാത്രമല്ലായിരുന്നു എണ്ണംപറഞ്ഞ സ്റ്റിച്ചുകൾ സമ്മാനിച്ചാണ് ജല്ലിക്കട്ട് പാക്കപ്പ് പറഞ്ഞത്. ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ ഓടിയതും, കിണറ്റിൽ ഇറങ്ങിയതും പറന്നതുമെല്ലാം ചർച്ച ആയപ്പോൾ, അഭിനേതാക്കൾക്ക് സംഭവിച്ചത് പ്രേക്ഷകർ ഇനിയും അറിഞ്ഞിട്ടില്ല.

"ഗിരീഷ് ഓടി. ഓടിയല്ലേ പറ്റൂ. ഇടി, വീഴ്ച എല്ലാം ഒറിജിനൽ ആയിട്ടാണ് ചെയ്തത്. രാത്രിയിലെ ഫൈറ്റ് സീനിലാണ് ഏറ്റവും കൂടുതൽ പരിക്ക് പറ്റിയത്. ഞാൻ ആശുപത്രിയിലായി. മുഖംപൊത്തി വീണ ആന്റണിക്ക് ഒട്ടേറെ സ്റ്റിച്ചുകൾ വേണ്ടി വന്നു. ചെമ്പനും ചികിത്സ തേടി. പിന്നെ ഡിസംബർ മാസം ആ വെള്ളത്തിനകത്തു ഇറങ്ങി കിടക്കുന്നതു 'വളരെ സുഖമാണ്' കേട്ടോ. ഡിസംബറിൽ എപ്പോഴെങ്കിലും കട്ടപ്പനയിൽ പോകുമ്പോൾ വെള്ളത്തിൽ ചവിട്ടി നോക്കണം. ഐസ് പോലെ ഉറഞ്ഞ വെള്ളമായിരുന്നു. സിനിമയിൽ കാണിക്കുന്ന അതേ സമയത്ത് പൂർണ്ണമായും രാത്രിരംഗങ്ങളിൽ ചിത്രീകരിക്കുകയായിരുന്നു. വെളുപ്പിന് ഷൂട്ടിംഗ് കഴിഞ്ഞ്, രാവിലെ കട്ടപ്പനയിലെ പൊറോട്ടയും ബീഫും കഴിച്ചാണ് ഞങ്ങൾ ഷൂട്ടിംഗ് കാലം ചിലവഴിച്ചത്. നമ്മുടെ ലൈഫിൽ ഇനി അങ്ങനെയൊരു സമയം തിരിച്ചു കിട്ടില്ല."

കുട്ടച്ചൻ എന്ന കഥാപാത്രം ചെയ്യാനായി ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏകദേശം പത്ത് ദിവസം മുൻപ് ലിജോ ജോസ് ലൊക്കേഷനായ കട്ടപ്പനയിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അത്രയധികം ശാരീരികവും മാനസികവുമായ ഇഴുകിച്ചേരൽ കഥാപാത്രത്തിന് അനിവാര്യമായിരുന്നു.അഭിനയ രംഗത്ത് വന്ന വർഷങ്ങൾ പലത് കടന്നു പോയ ശേഷമാണ് സാബുമോൻ എന്ന നടന് അർഹിക്കുന്ന അംഗീകാരം കഥാപാത്രമായി മുന്നിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളായ അയ്യപ്പനും കോശിയും, ധമാക്ക എന്നിവയിലും നെഗറ്റീവ് വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് സാബുമോൻ.

എന്നാൽ ഇതേ വ്യക്തി തന്നെയാണ് ജനമൈത്രി എന്ന ചിത്രത്തിലെ രസകരമായ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. "ജനമൈത്രി യിലെ കഥാപാത്രവുമായി എനിക്ക് പുലബന്ധം പോലും ഇല്ല കേട്ടോ," സാബുമോൻ സത്യം സത്യമായി തന്നെ പറയും.

"ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരിൽ എന്നെ വിളിക്കുന്നതിൽ വിഷമം തോന്നാറില്ല. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കടും പിടുത്തമില്ല. ഞാൻ ഇപ്പോഴും ടെലിവിഷൻ മേഖലയിലെ ഒരു വ്യക്തി ആണെന്നാണ് കരുതുന്നത്. ഫീൽഡിൽ ഒരു ഐഡൻറിറ്റി  ഉണ്ടാക്കി എടുക്കാൻ കഴിയുന്നതും പോസിറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ചിലർ ഉപദേശിക്കാറുണ്ട്.  ഞാൻ അത് കാര്യമാക്കാറില്ല. എങ്ങും അവസരം ചോദിച്ചു പോയിട്ടുമില്ല, ലിജോയുടെ അടുത്തുപോലും. ഡബിൾ ബാരലിലേക്കും എന്നെ ക്ഷണിച്ചിട്ടാണ് എത്തുന്നത്. തരുന്ന വേഷം നല്ല രീതിയിൽ ചെയ്തു കൊടുക്കണം. അതാണ് ആഗ്രഹം."

First published: October 15, 2019, 1:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories