സായ് പല്ലവി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രം അതിരൻ തെലുങ്കിലും സൂപ്പർഹിറ്റ്. അനുകോനി അതിഥി (അപ്രതീക്ഷിത അതിഥി) എന്ന പേരിൽ മൊഴിമാറ്റിയാണ് ചിത്രം തെലുങ്കിൽ എത്തിയത്.
മെയ് മുപ്പതിനാണ് ഒടിടി പ്ലാറ്റ്ഫോമായ ആഹായിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സായ് പല്ലവിക്ക് ഏറെ ആരാധകരുള്ള തെലുങ്കിൽ മൊഴിമാറ്റ ചിത്രം തിയേറ്റർ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.
എന്നാൽ നിരവധി കാരണങ്ങൾ കൊണ്ട് റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഒടിടി റിലീസ് നടത്തിയത്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനായ നടൻ തരുൺ ആണ് ചിത്രത്തിൽ ഫഹദിന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്.
വിവേക് സംവിധാനം ചെയ്ത അതിരൻ 2019 ഏപ്രിൽ 12 നാണ് മലയാളത്തിൽ റിലീസ് ചെയ്തത്. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുരഭി, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിവേകിന്റെ ആദ്യ ചിത്രമായിരുന്നു അതിരൻ. പിഎഫ് മാത്യൂസ് ആണ് ചിത്രത്തിന് വേണ്ടി രചന നിർവഹിച്ചത്.
അതേസമയം, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്കിന് പുറമേ, മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി ചിത്രം പുറത്തിറങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athiran movie, Fahadh Faasil, Sai Pallavi