സായ് പല്ലവിയുടെ തകർപ്പൻ നൃത്ത ചുവടുകളുടെ സ്റ്റിലുമായി മാരി 2 ലെ റൗഡി ബേബി ഗാനം ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അഞ്ചു ലക്ഷത്തോളം തവണ ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടു കഴിഞ്ഞു. വരികളും ചിത്രങ്ങളും മാത്രമാണ് ഇപ്പോൾ ഉള്ളതെങ്കിലും, ചിത്രങ്ങൾ നൽകുന്ന സൂചനയിൽ നിന്നും സിനിമ തിയേറ്ററിൽ എത്തുമ്പോൾ സായ് പല്ലവിയുടെ തകർപ്പൻ നൃത്ത ചുവടുകൾ കാണാം എന്ന് തന്നെയാണ്. പ്രേമത്തിൽ റോക്ക് കുത്ത് എന്ന ഡപ്പാം കൂത്ത് ഗാന രംഗം ആടി തകർത്തയാളാണ് സായ്. ശേഷം ഇറങ്ങിയ അന്യ ഭാഷാ ചിത്രങ്ങളിലും തന്റെ നൃത്ത ചുവടുകൾ കൊണ്ട് മാത്രം സായ് വൻ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ കഥാപാത്രമായാണ് സായ് പല്ലവിയുടെ വരവ്. ധനുഷ് നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്നാട് സ്വദേശിയായ സായ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. ബീജയെന്ന വില്ലൻ വേഷമാണ്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.
ഡിസംബറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർബാർ പ്രൊഡക്ഷൻസ് ആണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.