ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം ആദിപുരുഷിൽ പ്രഭാസിന്റെ വില്ലനായി സെയ്ഫ് അലി ഖാൻ എത്തും. രാമായണ കഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫും വേഷമിടും.
ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ്
ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ചിത്രത്തിലും വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
ഓം റൗട്ടുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെയഫ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകുന്നതിൽ ആവേശത്തിലാണെന്നും സെയ്ഫ്.
"ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്.
തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. 2022 ലാകും ചിത്രം പുറത്തിറങ്ങുക. നിലവിൽ രാധേശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
പ്രഭാസും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.