പ്രേക്ഷകർ 100 സിനിമകളായി കാണുന്ന മുഖം. സൈജു കുറുപ്പ് (Saiju Kurup) എന്ന നടൻ 'ഉപചാരപൂർവ്വം ഗുണ്ട ജയനിൽ' (Upacharapoorvam Gunda Jayan) എത്തിനിൽക്കുമ്പോൾ 'മയൂഖം' എന്ന ചിത്രം 15ലധികം വർഷങ്ങൾക്ക് പിന്നിലായിരുന്നു എന്ന് ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു. ആദ്യ ചിത്രത്തേക്കാൾ, അതുമല്ലെങ്കിൽ, ആദ്യ നാളുകളിലെ സിനിമകളേക്കാൾ സൈജു കുറുപ്പ് പ്രേക്ഷക മനസ്സുകളിൽ ചേർന്ന് നിൽക്കുകയാണിപ്പോൾ. വളരെയേറെ റിസർവ്ഡ് കഥാപാത്രങ്ങളിലൂടെ പരിചയിച്ചു തുടങ്ങിയ സൈജു ഒരുനാൾ കൂട്ടത്തിലൊരുവൻ എന്ന നിലയിലെ വേഷങ്ങളുമായി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിവന്നു. അക്കൂട്ടത്തിൽ ഹ്യൂമർ വേഷങ്ങളിൽ ഇപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നു.
'ട്രിവാൻഡ്രം ലോഡ്ജിലെ' ഷിബു വെള്ളായണി, 'ആട്' സിനിമകളിലെ അറക്കൽ അബു, 'പോക്കിരി സൈമണിലെ' ബീമാപള്ളി നൗഷാദ്, 'ജനമൈത്രിയിലെ' സംയുക്തൻ തുടങ്ങിയ പേരുകൾ സൈജുവെന്ന നടന് ഹ്യൂമർ എത്രത്തോളം വഴങ്ങും എന്നതിന് ഉദാഹരണം. വരാനിരിക്കുന്നത് ഹ്യൂമറിൽ ഒരുക്കിയ നായക കഥാപാത്രമാണ്. പേരിൽ തന്നെ കൗതുകം ഒളിപ്പിച്ച് ദുൽഖർ സൽമാൻ നിർമ്മിച്ച്, അരുൺ വൈഗ സംവിധാനം ചെയ്ത 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ഫെബ്രുവരി 25ന് ബിഗ് സ്‌ക്രീനുകളിൽ തെളിയുന്നു. പുതിയ സിനിമയേയും 100 ചിത്രങ്ങളിലൂടെയുള്ള യാത്രയെക്കുറിച്ചും സൈജു കുറുപ്പ് ന്യൂസ് 18 മലയാളത്തോട്.
കരിയറിൽ 100 സിനിമകൾ പൂർത്തിയാക്കിയ വേളയിൽ 'മയൂഖം' മുതൽ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' വരെയുള്ള യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ തൃപ്തനാണ്. എന്റെ സിനിമാ ജീവിതം തീർത്തും യാദൃശ്ചികമായിരുന്നു. ആദ്യ സിനിമയിൽപ്പോലും എത്തിപ്പെടുമെന്നു കരുതിയതല്ല. 'മയൂഖം' ഉൾപ്പെടെ ചെയ്തതെല്ലാം ബോണസാണ്. 100 സിനിമകൾ പൂർത്തിയാക്കുമെന്നൊന്നും ആദ്യ നാളുകളിൽ പ്രതീക്ഷിച്ചിട്ടില്ല. എല്ലാത്തിനും എം.ജി. ശ്രീകുമാർ സാറിനും ഹരിഹരൻ സാറിനും നന്ദി പറയുന്നു. ശ്രീകുമാർ സാർ വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എല്ലാം ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്. ഒപ്പം ഈശ്വര നിശ്ചയം, ഹരിഹരൻ സാറിന്റെ അനുഗ്രഹം, അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും പ്രാർത്ഥനയും ഒപ്പമുണ്ട്.
സിനിമയിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു. തുടക്കകാലത്ത് ഒരു കഥാപാത്രത്തെ എങ്ങനെ സ്വീകരിച്ച് അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് അധികം ധാരണയില്ലായിരുന്നു. അതുകൊണ്ട് അക്കാലങ്ങളിൽ അധികം സിനിമകൾ ഇല്ലാതെപോയി. സിനിമയിലെ അനുഭവസമ്പത്ത് കൊണ്ട് അതേക്കുറിച്ചുള്ള അറിവ് വർദ്ധിച്ചു. ഓരോ കഥാപാത്രവും അഭിനയത്തെ മൂർച്ചകൂട്ടുന്നതിനു പിന്നിൽ പ്രവർത്തിച്ചു. നൂറാമത്തെ സിനിമ എല്ലാവരും ഇഷ്‌ടപ്പെടുമെന്നു കരുതുന്നു.
'ഗുണ്ട ജയനിൽ' പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം?
ഇടിയും തല്ലുമായി ഒരുകാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച മുൻ ഗുണ്ടയാണ് ജയൻ. ഇപ്പോൾ 45 വയസ്സിനടുത്ത് പ്രായമുള്ള അയാൾ ഭാര്യയും മകളും മൂന്നു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ്. ലോവർ മിഡിൽ ക്ലാസ് ജീവിതമാണവരുടേത്. എന്നാൽ, പഴയ കലിപ്പ് അടങ്ങിയിട്ടില്ലാത്ത ജയൻ നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോഴും അൽപ്പം ഭയമുണ്ട്. എന്ത് പ്രശ്നമുണ്ടായാലും സംരക്ഷിക്കാൻ ഗുണ്ട ജയനുണ്ടാവുമെന്ന വിശ്വാസം കുടുംബത്തിനുണ്ട്.
ഭർത്താവ് മരിച്ചുപോയ മൂത്ത സഹോദരിയുടെ മകളുടെ വിവാഹം അച്ഛന്റെ സ്ഥാനത്തു നിന്നുകൊണ്ട് നടത്തിക്കൊടുക്കുന്ന ജയന്റെ കഥയാണ് സിനിമ. കല്യാണ വീട്ടിലെ കോമഡി, ട്രാജഡി, ട്വിസ്റ്റ്, സസ്പെൻസ്, കുടുംബ ബന്ധങ്ങൾ, ഇമോഷൻസ് ഒക്കെയും ചേർന്ന എന്റെർറ്റൈനെർ സിനിമയാണിത്.
ചേർത്തലയിലായിരുന്നു ചിത്രീകരണം. ചേർത്തല സ്വദേശികളായ സംവിധായകനും എനിക്കും പരിചിതമായ ഭൂപ്രദേശമാണത്. മറ്റുള്ളവർക്ക് ഇത് പുതിയ അനുഭവമായിരുന്നു. ഒട്ടേറെ പുതുമുഖങ്ങളുണ്ട്. ഈ സിനിമയിലൂടെ മലയാള സിനിമ മേഖലയ്ക്ക് ഒരുപിടി നല്ല അഭിനേതാക്കളെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഹ്യൂമർ വേഷങ്ങളിലേക്ക് ചുവടുമാറ്റിയപ്പോൾ വന്ന കഥാപാത്രങ്ങൾ മുൻപത്തേക്കാളും ശ്രദ്ധ നേടി. ഓരോ റോളും മറ്റൊന്നുമായി നല്ല വ്യത്യസ്തത പുലർത്തുകയും ചെയ്യുന്നുണ്ട്. ഹ്യൂമർ ചെയ്താൽ നന്നാവുമെന്ന് അച്ഛൻ പറഞ്ഞിരുന്നു എന്ന് ഒരിക്കൽ കേട്ടിട്ടുണ്ട്
'ട്രിവാൻഡ്രം ലോഡ്ജിലെ' ഹ്യൂമർ വേഷമാണ് കരിയർ ബ്രേക്ക് ആയത്. അതിനു ശേഷം ഹ്യൂമറും സീരിയസും ആയ വേഷങ്ങൾ ഒരുപോലെ ചെയ്യാൻ അവസരമുണ്ടായി. കൂടുതൽ സിനിമകൾ ലഭിക്കാൻ ഹ്യൂമർ പഠിക്കാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്. 'ഹ്യൂമർ ചെയ്യാനും വേണ്ടി പഠിക്കാൻ പറ്റുമോ?' എന്നായിരുന്നു അന്ന് ഞാൻ ചോദിച്ചത്. എനിക്ക് സിനിമകൾ വേണം, കുടുംബമുണ്ട്, വരുമാനം വേണം എന്നുള്ള ചിന്തയിൽ നിന്നാണ് അച്ഛനങ്ങനെ പറഞ്ഞത്.
2018ലായിരുന്നു അച്ഛന്റെ മരണം. അതിനു മുൻപ് ഞാൻ 'ട്രിവാൻഡ്രം ലോഡ്ജ്', 'വെടിവഴിപാട്', 'ആട് 1', 'ആട് 2', 'തീവണ്ടി' സിനിമകളിലെ ഹ്യൂമർ വേഷങ്ങൾ ചെയ്തിരുന്നു. അതൊക്കെയും കണ്ട് സംതൃപ്തനായാണ് അച്ഛൻ പോയത്. അച്ഛന്റെ അഭാവം ഏൽപ്പിച്ച ശൂന്യത ജീവിതത്തിലിപ്പോഴുമുണ്ട്, അദ്ദേഹം ആഗ്രഹിച്ചത് കണ്ടിട്ട് പോയി എന്നോർക്കുമ്പോൾ മാത്രമാണ് സമാധാനം.
ഹ്യൂമർ ചെയ്യാൻ ആരംഭിച്ചതും, വ്യത്യസ്തത നിറഞ്ഞ വേഷങ്ങൾ ലഭിച്ചുതുടങ്ങി. 'മേപ്പടിയാൻ', 'തീവണ്ടി' സിനിമകളെടുത്താൽ സ്വാർത്ഥതാല്പര്യങ്ങൾ കൊണ്ട് ഗ്രേ ഷെയ്ഡ് ഉള്ള വേഷങ്ങളാണ്. 'ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലെ' കാൻസർ സ്‌പെഷലിസ്റ്റ് സീരിയസ് കഥാപാത്രമെങ്കിലും, ഹ്യൂമറസാണ്. അദ്ദേഹം ചില കാര്യങ്ങൾ വിശദീകരിച്ചു പറയുന്നതിൽ ഹ്യൂമർ അടങ്ങിയിട്ടുണ്ട്. 'ആട്' കരിയറിലെ നാഴികക്കല്ലായി. അതോടുകൂടി കുട്ടികൾക്കും പ്രായമായവർക്കും എന്റെ മുഖം പരിചിതമായി മാറി. ഇനി വരാനിരിക്കുന്ന സിനിമകളിൽ വ്യത്യസ്തത നിറഞ്ഞ നല്ല കഥാപാത്രങ്ങളുണ്ട്.
സൈബർ ഡീഗ്രേഡിങ് കാലത്തെ മലയാള സിനിമയെക്കുറിച്ച്. താങ്കൾ വളരെ മികച്ച വേഷം ചെയ്ത 'മേപ്പടിയാൻ' ഈ പ്രവണതയുടെ ആഘാതം നേരിട്ടിരുന്നു. ഇതിൽ നിന്നും മലയാള സിനിമയെ രക്ഷപെടുത്താൻ കഴിയും എന്ന് തോന്നുന്ന നിർദ്ദേശങ്ങളുണ്ടോ?
പ്രേക്ഷകരെ രസിപ്പിക്കാനാണ് ഒരു സിനിമ ചെയ്യുന്നത്. ഞാൻ അഭിനയിച്ച സിനിമകൾ ശരാശരിയോ മോശമോ ആയാലും അതിനെക്കുറിച്ച് നെഗറ്റീവ് പറയുന്നവരെ ഓർത്ത് ആശങ്കപ്പെടാറില്ല. അത്തരം ആശങ്കകളുമായി ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല എന്നതുതന്നെ കാരണം.
ദുൽഖർ സൽമാൻ എന്ന നിർമ്മാതാവിനെക്കുറിച്ച്
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ഈ സിനിമ ചെയ്യുന്നതിനും മുൻപ് ഒരുവട്ടം ഞങ്ങൾ സംസാരിച്ചു. അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ മാത്രമല്ല, മറ്റഭിനേതാക്കളുടെ നല്ല സിനിമകളും കഥകളും നിർമ്മിക്കാൻ വേണ്ടിയാണ് വേഫെറർ ഫിലിംസ് എന്ന നിർമ്മാണ കമ്പനി തുറന്നത്. ഇവിടെ അഭിനേതാക്കൾ, സംവിധായകർ തുടങ്ങി ഒട്ടനവധി പ്രതിഭകളുണ്ട്. അവരെ വച്ച് സിനിമ ചെയ്യുന്നത് അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. നിർമ്മാതാവെന്ന നിലയിൽ ഞങ്ങൾക്ക് പരിപൂർണ്ണ പിന്തുണയുമായി ഏതുകാര്യത്തിനും ഒപ്പമുണ്ടാകും. അതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷനും റിലീസും വരെ എത്തിനിൽക്കുമ്പോഴും ഞങ്ങൾ വളരെ കൂൾ ആയിരുന്നു. ദുൽഖർ സൽമാനോടും വേഫെറർ ഫിലിംസിനോടും നന്ദി അറിയിക്കുന്നു.
100 സിനിമകൾ കഴിഞ്ഞ വേളയിൽ സിനിമയിൽ മറ്റു പ്ലാനുകൾ എന്തെങ്കിലും?
സംവിധാനം, എഴുത്ത്, ക്യാമറ, മേക്കപ്പ്, ആർട്ട് ഒക്കെ നമുക്ക് പറ്റാത്ത കാര്യങ്ങളാണ്. നിർമ്മാതാവാകാൻ താത്പ്പര്യമുണ്ട്. എന്നെങ്കിലും അതിനുള്ള സാഹചര്യം വരുമ്പോൾ ഒരു സിനിമയെങ്കിലും പ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.