• HOME
  • »
  • NEWS
  • »
  • film
  • »
  • Salute review | സല്യൂട്ട്: നേരിന്റെ പാതയിൽ ഒരു പോലീസ് ചിത്രം

Salute review | സല്യൂട്ട്: നേരിന്റെ പാതയിൽ ഒരു പോലീസ് ചിത്രം

Salute review | ആക്ഷൻ രംഗങ്ങളോ, തീപാറുന്ന ഡയലോഗുകളോ, ക്ളോസ് അപ്പിൽ വലിച്ചു കെട്ടിയ കാക്കിക്കാരന്റെ ശൗര്യമോ, സിരകളിൽ നുരപതയുന്ന പശ്ചാത്തലസംഗീതമോ ഇല്ലാതെ ഒരു പോലീസ് കഥ. 'സല്യൂട്ട്' റിവ്യൂ

സല്യൂട്ട്

സല്യൂട്ട്

  • Share this:
ഇനിയും പ്രതിയെ കണ്ടുപിടിക്കാൻ കഴിയാത്ത മാർട്ടിൻ- ഷീബ ദമ്പതികളുടെ കൊലക്കേസിന്റെ പേരിൽ കലുഷിതമായ തിരുവനന്തപുരം മാറനല്ലൂർ പോലീസ് സ്റ്റേഷനും പരിസരവും. 'കഴിവുകേട്' എന്ന് മുദ്രകുത്തി രാഷ്ട്രീയക്കാർ സ്റ്റേഷനിൽ കയറി പോലീസിനു മേൽ കൈവച്ച് തുടങ്ങുന്ന സാഹചര്യം വരെ എത്തിയാൽ പിന്നെന്താണ് പോംവഴി? അപ്പോഴും പ്രതിയെന്നു സംശയിക്കാവുന്ന ഒരാൾ അന്നാട്ടിലുണ്ട്. പിന്നീടങ്ങോട്ട് തെളിവെടുപ്പ് അഥവാ തെളിവ് സൃഷ്‌ടിക്കലും, 'പ്രതിയെ' ഹാജരാക്കലും കോടതിയും കേസും ശിക്ഷയും തകൃതിയായി നടക്കുന്നു. അപ്പോഴും എസ്.ഐ. അരവിന്ദ് കരുണാകരന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കി. മാർട്ടിനെയും ഷീബയെയും നിഷ്ക്കരുണം കൊന്നുതള്ളാനും വേണ്ട കുടിപ്പക നിരുപദ്രവകാരി എന്ന് തോന്നിക്കുന്ന 'പ്രതിയായ' ഓട്ടോ ഡ്രൈവർ മുരളിക്കുണ്ടോ?

ദുൽഖർ സൽമാൻ (Dulquer Salmaan) കാക്കി അണിയുന്നുവെന്ന പേരിൽ പ്രചരിച്ച റോഷൻ ആൻഡ്രൂസ് (Rosshan Andrrews) ചിത്രം 'സല്യൂട്ട്' (Salute) ഇവിടെ തുടങ്ങുന്നു. പോലീസ് എന്നാൽ ഇൻസ്‌പെക്ടർ ബൽറാം, ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്നിവരിൽ ആരംഭിച്ച് കോൺസ്റ്റബിൾ സഹദേവൻ വരെയുള്ള മുഖങ്ങൾ മനസ്സിലേക്ക് കടന്നുവരുന്ന മലയാളി പ്രേക്ഷകർക്ക് നവ്യാനുഭവം സൃഷ്‌ടിക്കാൻ തീരുമാനിച്ചുറപ്പിച്ചുള്ള നിർമ്മിതിയാണ് ഈ സിനിമ. ആക്ഷൻ രംഗങ്ങളോ, തീപാറുന്ന ഡയലോഗുകളോ, ക്ളോസ് അപ്പിൽ വലിച്ചു കെട്ടിയ കാക്കിക്കാരന്റെ ശൗര്യമോ, സിരകളിൽ നുരപതയുന്ന പശ്ചാത്തലസംഗീതമോ അകമ്പടി തീർക്കാത്ത ഒരു സാധാരണ ചിത്രം.

കനിവിന്റെ മുഖമുള്ള, മാനവികതയിൽ കർമ്മമണ്ഡലം തീർത്ത, മനസ്സിനെ സ്പർശിക്കുന്ന വികാരങ്ങളുള്ള, എല്ലാവർക്കും എന്നപോലെ കുടുംബവും ബന്ധങ്ങളുമുള്ള നമുക്കിടയിലെ മനുഷ്യർ തന്നെയാണ് 'ആക്ഷൻഹീറോ' പരിവേഷമില്ലാത്ത ഈ കാക്കിക്കാർ, പ്രത്യേകിച്ചും ദുൽഖർ അവതരിപ്പിച്ച അരവിന്ദ് കരുണാകരൻ. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ പലപ്പോഴും തനിച്ചാവുന്ന അയാൾ, ലക്‌ഷ്യം കാണാതെ മടക്കമില്ല എന്ന് പലയാവർത്തി മനസ്സിനെ പറഞ്ഞുറപ്പിക്കുന്നു.നിയമപാലനത്തിൽ മാത്രമായി തളച്ചിടപ്പെടാതെ, ഒരു കുടുംബ കഥ കൂടി പറയാൻ സ്ക്രിപ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ ഉദ്യമവുമായി മുന്നോട്ടു പോകുമ്പോൾ, അരവിന്ദിന്റെ പ്രധാന എതിരാളി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും, പോലീസാവാൻ തന്നെ പ്രേരിപ്പിച്ച 'ഹീറോ'യുമായ മൂത്ത സഹോദരൻ അജിത് കരുണാകരനാണ്.

ഒരിടവേളയ്ക്കു ശേഷം മനോജ് കെ. ജയൻ (Manoj K. Jayan) നടത്തിയ ശക്തമായ പാത്രാവതരണമാണ് അജിത് കരുണാകരൻ. സഹോദരങ്ങൾ തമ്മിലെ മത്സരം മുറുകുമ്പോൾ, മുന്നിലെ പ്രതിബന്ധം എന്താണോ, അതിനെ തകർത്തെറിഞ്ഞു പോവുക എന്ന ശൈലി അവലംബിക്കുന്ന അജിത്ത്, അനുജൻ അരവിന്ദിന് മുന്നിൽ പൊലീസുകാരൻ മാത്രമായി നിലകൊള്ളുന്നു. കരിയറിന്റെ തുടക്കം മുതൽക്കേ സ്വാഭാവികത അനുഭവവേദ്യമാക്കുന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മനോജ് കെ. ജയനെ തന്നെ അജിത് കരുണാകരൻ എന്ന വേഷത്തിലേക്ക് കണ്ടെത്തിയ തെരഞ്ഞെടുപ്പിനും വേണം സല്യൂട്ട്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടു മനസ്സിലാക്കുമ്പോൾ ഉണ്ടാവുന്ന അനുഭവം പറഞ്ഞുഫലിപ്പിക്കാൻ സാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തുടക്കത്തിൽ പറഞ്ഞ ആഡംബരങ്ങൾ ഏതുമില്ലാത്ത ചിത്രമായത് കൊണ്ട്, ധൃതിപിടിച്ച ഒഴുക്ക് ഈ കഥയ്ക്കില്ല. കഥ, സന്ദർഭം, കഥാപാത്രങ്ങൾ എന്നിവയുടെ എസ്റ്റാബ്ലിഷ്‌മെന്റ് തീർത്ത ആദ്യപകുതി കടന്നുവേണം പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ടുള്ള വളവുകളും തിരിവുകളും കടക്കാൻ. ഒരു ഭാഗം കഴിഞ്ഞാൽ ചിത്രം ദുൽഖർ സൽമാന്റെ വൺമാൻ ഷോയായി മാറുന്ന കാഴ്ച കാണാം.

പോലീസ് കേന്ദ്രകഥാപാത്രമാവുന്ന കുറ്റാന്വേഷണ കഥയെ നാടകീയത നിറഞ്ഞ ക്ളീഷേ, സ്ഥിരം ഫോർമാറ്റിൽ നിന്നും പുറത്തുകൊണ്ടുവരാൻ മലയാള സിനിമ അടുത്തകാലത്തായി നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'സല്യൂട്ട്'. പോലീസിനെക്കുറിച്ചുള്ള വാർപ്പുമാതൃകകളിൽ സത്യത്തിന്റെയും മിഥ്യയുടെയും തോത് അളക്കാൻ എന്തുകൊണ്ടും ഇത്തരം ചിത്രങ്ങൾ ഉപകരിക്കും എന്നതിൽ സംശയം വേണ്ട. മാത്രവുമല്ല, തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങൾ ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ മുന്നേറുമ്പോൾ, മലയാളത്തിനും കിടപിടിക്കുന്ന സ്ക്രിപ്റ്റുമായി ഒപ്പമെത്താൻ ഈ സിനിമകൾ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കാം.

അരവിന്ദ് കരുണാകരൻ ലക്‌ഷ്യം കണ്ടെത്തുമോ? യഥാർത്ഥ പ്രതി മറനീക്കി പുറത്തുവരുമോ? സഹോദരങ്ങളായ പോലീസുകാർ തമ്മിലെ മത്സരത്തിൽ ജയവും തോൽവിയും എങ്ങനെ? ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്. 'സല്യൂട്ട്' സോണിലിവ് (SonyLiv) പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published: