• HOME
 • »
 • NEWS
 • »
 • film
 • »
 • അലമ്പൻ കാണികളുടെ കൂടെ ഞാനുമുണ്ട് സർ! സംവിധായകൻ സനൽ കുമാർ ശശിധരൻ പ്രതികരിക്കുന്നു

അലമ്പൻ കാണികളുടെ കൂടെ ഞാനുമുണ്ട് സർ! സംവിധായകൻ സനൽ കുമാർ ശശിധരൻ പ്രതികരിക്കുന്നു

 • Last Updated :
 • Share this:
  പ്രളയ ബാധിത കേരളത്തെ പുനർ നിർമ്മിക്കാനുള്ള സന്ദേശവുമായെത്തിയതാണ് ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേള. ഇതിൽ ശ്രദ്ധേയം 2000 രൂപയായി ഡെലിഗേറ്റ് പാസ് ഫീസ് ഉയർത്തിയെന്നതാണ്. അതുകൊണ്ടു തന്നെ ഇത്രയും രൂപ കൊടുത്തു പാസ് എടുക്കാൻ കഴിയുന്നവരുടേതായി മേള. അല്ലാത്തവർക്ക് മുന്നിൽ വേദി തുറന്നില്ല. രണ്ടു ദിവസം പ്രൊജക്ടർ തകരാറിലായി പ്രധാന വേദിയിൽ പ്രദർശനം മുടങ്ങിയിട്ടോ, ജൂറി ചെയർമാൻ മാജിദ് മജീദിയുടെ വിവാദ ചിത്രം മുഹമ്മദ് അവസാന നിമിഷം പിൻവലിച്ചത് കൊണ്ടോ പ്രതിഷേധങ്ങളോ, കശപിശയോ ഉണ്ടായതുമില്ല. അങ്ങനെ പ്രശ്ന ബാധിത പ്രദേശമല്ലാതായി മേള മാറിയെന്നതിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്ബുക് പോസ്റ്റ് വഴി പ്രതികരിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ.

  ഇതാ ഒരു ക്രിസ്തുമസ് ചിത്രം

  "ഇത്തവണ IFFK യുടെ പ്രവേശന ഫീസ് 2000 ആക്കിയതുകൊണ്ട് അലമ്പുകൾ കുറഞ്ഞു എന്നും മനസമാധാനമായി സിനിമ കാണാൻ കഴിഞ്ഞു എന്നും, ഇനി എല്ലാവർഷവും ഇങ്ങനെ തന്നെ തുടരട്ടെ എന്നുമുള്ള ചില ടിപ്പണികൾ കറങ്ങി നടക്കുന്നത് കാണുന്നു. ഉള്ളവന്റെ സമാധാനം എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുക. തെരുവുകളിൽ നിന്നും വഴിയോര കച്ചവടക്കാരെയും യാചകരെയും ഒഴിപ്പിക്കുക, മാളുകൾ കെട്ടിപ്പൊക്കുക, അതിന്റെ പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുമായി സെക്യൂരിറ്റി ഗാർഡുകളെ നിർത്തുക. മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയും ഉറക്കെ സംസാരിച്ച് 'അലമ്പു'ണ്ടാക്കുന്നവരെയും കടത്തിവിടാതിരിക്കുക. കാശുള്ളവർക്ക് സമാധാനമായി നടക്കാൻ, ഇരിക്കാൻ, സിനിമകാണാൻ ഒക്കെ ഇത്തരം അടിച്ചുതളിച്ച ഇടങ്ങൾ ഉണ്ടായിക്കൊണ്ടെയിരിക്കുന്നു. കാശുള്ളവൻ തന്നെ ഞങ്ങളാണ് യഥാർത്ഥത്തിലുള്ള അടിസ്ഥാനവർഗം എന്ന ബുദ്ധിജീവി നാട്യം നയിക്കുന്നതുകൊണ്ട്.

  അനൂപ് മേനോനും, രഞ്ജിത്തും കിംഗ് ഫിഷിൽ

  രണ്ടായിരം രൂപയൊക്കെ അത്ര കൂടുതലാണോ എന്ന് അയ്യായിരം തലകളൊക്കെ എന്തായാലും ഇന്നത്തെ കേരളത്തിൽ കുലുങ്ങും. സമാധാനം കിട്ടുമെങ്കിൽ ഫീസ് അയ്യായിരമാക്കിയാലും സാരമില്ലെന്ന് പറയുന്ന എത്രയെങ്കിലും പേർ ഇപ്പറയുന്ന സമാധാനസിനിമാക്കാരിൽ ഉണ്ടാവും. പക്ഷെ അച്ചടക്കത്തോടെ, അലമ്പുണ്ടാക്കാതെ സിനിമ കാണാനെത്തുന്ന വരേണ്യ സിനിമാ പ്രേമികൾ ദയവു ചെയ്ത് കണ്ണുതുറന്ന് ചുറ്റും നോക്കണം. എത്ര യുവാക്കൾക്ക്, എത്ര വിദ്യാർത്ഥികൾക്ക്, ഇടത്തരം ജോലി ചെയ്യുന്ന എത്ര 'അലമ്പ്- മനുഷ്യർക്ക്' നിങ്ങൾ ഇപ്പറയുന്ന സമാധാനം വിലകൊടുത്തു വാങ്ങാൻ കഴിയും എന്ന് വസ്തുനിഷ്ഠമായി ആലോചിക്കണം. അവരെ അകറ്റി നിർത്തിക്കൊണ്ട് വളർത്തിയെടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആ സമാധാനസിനിമ എന്ത് മാറ്റമാണ് പൊതു ആസ്വാദനനിലവാരത്തിൽ ഉണ്ടാക്കാൻ പോകുന്നത് എന്ന് ചിന്തിക്കണം. അലമ്പുകൾ കുറയട്ടെ അച്ചടക്കമുണ്ടാവട്ടെ എന്ന മുദ്രാവാക്യം എന്തായാലും "നഷ്ടപ്പെടുവാൻ വിലങ്ങു മാത്രം, കിട്ടാനുള്ളത് പുതിയൊരു ലോകം" എന്ന മുദ്രാവാക്യം പാടിയവർക്ക് ചേരുന്നതല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.  ഇതെഴുതുമ്പോൾ ഞാനോർക്കുന്നത് ഇരുപത് വർഷം മുന്നേയുള്ള എന്നെ തന്നെയാണ്. ഇന്നെനിക്ക് രണ്ടായിരം രൂപകൊടുത്ത് മേളക്ക് ടിക്കറ്റെടുക്കാൻ കഴിയുമായിരിക്കും. എൻ്റെ ബോധ്യങ്ങളിൽ നിന്നുള്ള സിനിമയിൽ ഒരൽ‌പം വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യാൻ കഴിയുമെങ്കിൽ അത് പതിനായിരം രൂപ വരെ ആയാലും കുഴപ്പമില്ലെന്ന സാമ്പത്തികവുമുണ്ടായേക്കും. പക്ഷെ ഇരുപത് വർഷം മുന്നേ KSRTC ബസിൽ കൺസഷൻ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ടും പത്തു രൂപ ഉണ്ടെങ്കിൽ ഒരു ചായയും പരിപ്പുവടയും കൊണ്ട് വിശപ്പടക്കാൻ കഴിയുമായിരുന്നു എന്നതുകൊണ്ടും സിനിമ കാണാൻ പ്രവേശന ഫീസ് ഇല്ലായിരുന്നതുകൊണ്ടും മാത്രമായിരുന്നു കീസ്ലോവ്സ്കിയുടെയും മക്മൽ ബഫിന്റേയും മൈക്കേൽ ഹനേക്കയുടെയും ടോം ടൈക്കറിന്റെയും ഒക്കെ സിനിമകൾ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞത്. അന്നത്തെ ആ സിനിമകളും ആ അന്തരീക്ഷ ചർച്ചകളുമാണ് ഇന്ന് സാമ്പത്തിക ലാഭത്തിന്റെ വലിയ പ്രലോഭനങ്ങൾ ധാരാളമുണ്ടാവുമ്പൊഴും എന്റെ സിനിമ എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നത്.

  സർ, രണ്ടായിരം രൂപയുടെ മുള്ളുവേലികെട്ടി നിങ്ങൾ പുറത്തുനിർത്താനാഗ്രഹിക്കുന്ന അലമ്പൻ കാണികളുടെ കൂടെ ഞാനുമുണ്ട് സർ. എന്റെ യുവത്വമുണ്ട്. മേളയെ നന്നാക്കാൻ അങ്ങനെ ഒരു വേലിയല്ല വേണ്ടത് സർ. ദയവുചെയ്ത് വലിയസ്വാധീനങ്ങളുള്ള നിങ്ങൾ സമാധാനസിനിമയ്ക്കുവേണ്ടി വാദമുഖങ്ങളുയർത്തുമ്പോൾ രണ്ടായിരം രൂപ എന്ന് കേൾക്കുമ്പോൾ മുഖം വാടുന്ന പാവപ്പെട്ട ആ അലമ്പൻ കാണികളെ കണ്ടില്ലെന്ന് നടിക്കരുത്. അവരിൽ നാളെയുടെ സംവിധായകരും നിരൂപകരും നിലപാടുള്ള രാഷ്ട്രീയക്കാരുമുണ്ടാകും. നമ്മൾ സമാധാനത്തോടെ മരിച്ചുപോവുമായിരിക്കും. അവരാണ് സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടത്. മറക്കരുത്."

  സനലിന്റെ നേതൃത്വത്തിൽ കാഴ്ച നിവ് ഇൻഡി ഫിലിം ഫെസ്റ്റിവൽ എന്ന പേരിൽ മേളയുടെ പ്രധാന വേദിക്കപ്പുറത്തായി സമാന്തര ചലച്ചിത്രോത്സവം നടന്നിരുന്നു. പ്രദർശനങ്ങൾക്കുമപ്പുറം, കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചും മേള വേറിട്ടതായി മാറി.

  First published: