• HOME
  • »
  • NEWS
  • »
  • film
  • »
  • Saranya Sasidharan | ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ; എല്ലാവരും പ്രാർത്ഥിക്കണം എന്ന് അമ്മ

Saranya Sasidharan | ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ; എല്ലാവരും പ്രാർത്ഥിക്കണം എന്ന് അമ്മ

നടി ശരണ്യയുടെ യൂട്യൂബ് ചാനലിൽ ഇക്കുറി എത്തിയത് അമ്മ. ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ

ശരണ്യ ശശിധരനും അമ്മയും

ശരണ്യ ശശിധരനും അമ്മയും

  • Share this:
ഇക്കുറി ശരണ്യയുടെ യൂട്യൂബ് ചാനലിൽ വന്നത് അമ്മയാണ്, ഒപ്പം ശരണ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ കുട്ടൂസൻ എന്ന മഞ്ഞക്കുപ്പായക്കാരൻ ടെഡിബെയറും. തീരെ സുഖമില്ലാത്ത ശരണ്യ വിശ്രമത്തിലാണ് എന്ന് അമ്മ. സീരിയൽ ലോകത്ത് തിളങ്ങി നിന്ന ശരണ്യയെ 2012 മുതലാണ് ബ്രെയിൻ ട്യൂമർ വേട്ടയാടാൻ ആരംഭിച്ചത്. ഏഴു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോൾ വീണ്ടും ആ അവസ്ഥ നേരിടാൻ തയാറെടുക്കുകയാണ് ശരണ്യ.

ശരണ്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പങ്കിടുന്ന യൂട്യൂബ് ചാനലിൽ വന്ന് അമ്മയാണ് ഈ വിവരം പറഞ്ഞത്. സ്കാനിംഗ് റിപ്പോർട്ടിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആഴ്ച തന്നെ ശസ്ത്രക്രിയയുണ്ടാവും. ഏവരുടെയും പ്രാർത്ഥന തേടിയും ഇതുവരെ അകമഴിഞ്ഞ് സഹായിച്ചവരോടുള്ള നന്ദി അറിയിച്ചുമാണ് ശരണ്യയുടെ അമ്മ യൂട്യൂബ് വീഡിയോയിൽ എത്തിയത്.

ശസ്ത്രക്രിയകൾക്കിടെ പലപ്പോഴായി ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. 'ഛോട്ടാ മുംബൈ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.

2012 മുതൽ നടത്തിയത് മേജർ സർജറികൾ ആയിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. 2019 ൽ ചെയ്ത ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റു നടക്കാനുള്ള സ്ഥിതിയിലേക്കെത്തിയത്.

ശരണ്യയുടെ യൂട്യൂബ് ചാനൽ സംഭവബഹുലമാണ്. ഓരോ ദിവസത്തെയും രസകരമായ സന്തോഷങ്ങൾ ശരണ്യ ഇവിടെ അവതരിപ്പിക്കും. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ എത്ര വലുതെന്ന് ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്ന കുഞ്ഞ് നുറുങ്ങുവെട്ടം കൂടിയാണ് ശരണ്യയുടെ വീഡിയോകൾ.

ഇഷ്‌ട ഭക്ഷണം, എണ്ണകാച്ചൽ, അടുത്തുള്ള അമ്പലത്തിലെ പ്രാർത്ഥന, കൂട്ടുകാരെ കാണൽ എന്നിങ്ങനെ 'സ്നേഹ സീമ' എന്ന വീട്ടിലെ ഓരോ ചലനവും ശരണ്യയുടെ വീഡിയോകളിൽ കാണാം.ശരണ്യയുടെ യൂട്യൂബ് ചാനൽ

വളരെയടുത്താണ് ശരണ്യ യൂട്യൂബ് ചാനലുമായി തന്റെ സർഗാത്മക കഴിവുകളെ പൊടിതട്ടിയെടുത്തത്. അഭിനയ രംഗത്ത് സജീവമാകുന്ന കാര്യത്തെ പറ്റിയൊന്നും ശരണ്യ ഇപ്പോൾ പറയുന്നില്ല. പക്ഷേ യൂട്യൂബിൽ സ്വന്തമായി ഒരു ചാനൽ തുറന്ന് അതിൽ ദൈനംദിന കാര്യങ്ങളും മറ്റും വീഡിയോ രൂപത്തിൽ ശരണ്യ അവതരിപ്പിക്കുന്നുണ്ട്.

ആട്ടവും പാട്ടും ഒന്നുമല്ല ഇവിടെ കാണാൻ കഴിയുന്നത്. തീർത്തും സ്വസ്ഥമായി ഒഴുകുന്ന നദി പോലുള്ള ശരണ്യയുടെ ചുറ്റുപാടും അവിടുത്തെ അന്തരീക്ഷവും ഒക്കെ ചേർന്നതാണ്. Citylights- Saranya's Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

പ്രളയബാധിതർക്ക് കൈത്താങ്ങായി ശരണ്യ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്കു ചികിത്സാ സഹായമായി ലഭിച്ച തുകയുടെ ഒരു ഭാഗം സംഭാവന ചെയ്തിരിക്കുകയാണ് ശരണ്യ.

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.." ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു.

Summary: Actor Saranya Sasidharan to undergo surgery to remove brain tumor once again
Published by:user_57
First published: