നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഊതി വീർപ്പിക്കലുകളിലല്ല, ഉള്ളടക്കത്തിലാണ് കാര്യം': സത്യൻ അന്തിക്കാട് അഭിമുഖം

  'ഊതി വീർപ്പിക്കലുകളിലല്ല, ഉള്ളടക്കത്തിലാണ് കാര്യം': സത്യൻ അന്തിക്കാട് അഭിമുഖം

  • Share this:
   #മീര മനു

   തനി മലയാളിയുടെ ശൈലിയുമായി ഒരു ക്രിസ്തുമസ് ചിത്രം. നീണ്ട 16 വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട്, സത്യൻ-അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ, ഞാൻ പ്രകാശൻ വെള്ളിവെളിച്ചത്തിലേക്ക്. ഒരിന്ത്യൻ പ്രണയകഥക്കു ശേഷം ഫഹദ് ഫാസിൽ ഒരിക്കൽക്കൂടി ഈ സംവിധായകന്റെ നായകനാവുന്നു. അവകാശവാദങ്ങളൊന്നുമില്ലാതെ, ഉള്ളടക്കം പ്രേക്ഷകരുമായി സംവദിക്കാൻ അവസരമൊരുക്കി കാത്തിരിക്കുന്ന സംവിധായകൻറെ വാക്കുകളിലൂടെയൊരു യാത്ര

   യാത്രക്കാരുടെ ശ്രദ്ധക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിൽ നീണ്ട 16 വർഷത്തെ ഇടവേള. കാരണം 

   അതെന്തുപറ്റിയെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും തന്നെയറിയില്ല. ആ സമയത്ത് ശ്രീനിവാസൻ വേറെ തിരക്കിലായി. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ഉണ്ടായിരുന്നു. ലോഹിതദാസ് എഴുതാൻ തുടങ്ങി. പിന്നെ ഞാൻ ചെല്ലുമ്പോഴേക്കും ശ്രീനിവാസൻ വേറേതെങ്കിലും സിനിമയിലാവും. ആദ്യം, കുറേക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം മനപ്പൂർവം ഒന്ന് മാറി നിൽക്കാമെന്ന് തീരുമാനിച്ചതാണ്. ശ്രീനിയന്ന് ഉദയനാണ് താരത്തിലേക്ക് കടന്നിരുന്നു. ആ സമയത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യം ചെയ്യാൻ നിൽക്കില്ല.   അവസാനം ഞാൻ തന്നെ വിനോദയാത്രക്ക് സ്ക്രിപ്റ്റ് എഴുതി. രസതന്ത്രവും, ഭാഗ്യദേവതയും അങ്ങനെ ഞാൻ തന്നെ എഴുതേണ്ടി വന്നു. അങ്ങനെ അഞ്ചാറു പടങ്ങൾ. വിനോദയാത്രക്ക് അവാർഡും കിട്ടി, ഓടുകയും ചെയ്തു. രസതന്ത്രവും വിജയിച്ചു. പിന്നെ, ഇത് വലിയൊരു ഭാരമാണ്. വേറൊരു എഴുത്തുകാരന്റെയും കൂടി സംഭാവനയും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' ഞാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം, അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്ന് ശ്രീനി പറഞ്ഞു. ആദ്യം ഞങ്ങൾ ഒരു സോഷ്യൽ, പൊളിറ്റിക്കൽ സറ്റയർ ആലോചിച്ചിരുന്നു. വരവേൽപ്പിനു ലഭിച്ചൊരു സ്വീകാര്യതയുണ്ടല്ലോ. പെട്ടെന്നാണീ കഥ കയറിവന്നത്. സരസമായ, കുടുംബങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയമെന്ന രീതിയിൽ, രാഷ്ട്രീയം വിട്ടിട്ട് ഇങ്ങനെയൊരു സിനിമയിൽ വരികയായിരുന്നു.

   ശ്രീനിവാസൻ എന്ന എഴുത്തുകാരനിലെ ചെറുപ്പം

   ശ്രീനി എഴുത്ത് കച്ചവടമായി കരുതുന്നയാളല്ല. ഇപ്പോഴും 'ഞാൻ തിരക്കഥയെഴുതിയാൽ ശരിയാവുമോ?' എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ശരിക്കു പറഞ്ഞാൽ പത്മരാജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പച്ചയായ ജീവിതത്തിൽ സ്പർശിച്ചു കഥയെഴുതുന്നയാളാണ് ശ്രീനിവാസൻ. എന്നും അപ്-ടു-ഡെയ്റ്റാണ്, സാമൂഹിക നിരീക്ഷണവും പത്രവായനയും ഉണ്ട്. എന്നെക്കാൾ കൂടുതൽ, ആഴത്തിൽ വായനാശീലമുള്ളയാളാണ്. വാരിവലിച്ച്‌ പടങ്ങൾ ചെയ്യുന്നയാളല്ല. ഒരു സീനിനെ, അല്ലെങ്കിൽ സീക്വൻസിനെ വേറൊരു എഴുത്തുകാരൻ കാണുന്നതും, ശ്രീനിവാസൻ കാണുന്നതും രണ്ടു വിധത്തിലാണ്. ഉദാഹരണത്തിന് ഒരു പ്രണയ രംഗം, ഒരു പെൺകുട്ടിയോട് പ്രണയം അവതരിപ്പിക്കുന്നത് പല എഴുത്തുകാർക്കും പല രീതിയിൽ പറയാം. ശ്രീനിവാസന്റെ രീതിയിൽ അതിൻറെ തുടക്കവും മറ്റും തികച്ചും വ്യത്യസ്തമാകും. അത് ശ്രീനിവാസന്റെ ചിന്തയിൽ ഉണ്ടാക്കുന്നതാണ്.   സാമൂഹ്യ ബോധമുള്ള, സാമൂഹ്യ വിമർശനങ്ങളുള്ള, സരസമായ തിരക്കഥകളാണ് ശ്രീനിവാസന്റേത്. ഈ സിനിമയിലുമത് കാണാം. നമ്മുടെ കണ്മുന്നിലെ ജീവിതം, എന്നാൽ നമ്മളിതു വരെ സിനിമയിൽ കാണാത്തത്, ഇവിടെയുണ്ട്. എനിക്ക് സ്വന്തമായി കൃഷിയുണ്ട്. എൻ്റെ പാടത്തൊക്കെ നടാൻ വരുന്നത് ബംഗാളികളാണ്. അതൊക്കെ ഞാനീ പടത്തിൽ ഉപയോഗിച്ചിട്ടുണ്ട്. കറന്റ് ആയുള്ള സംഗതികളാണ്. എന്ത് കൊണ്ടാണ് ജനങ്ങൾ ടീസർ ഇത്രയും ഇഷ്ടപ്പെടാൻ കാരണം? അത് നമ്മളെന്നും കല്യാണങ്ങൾക്ക് അനുഭവിക്കുന്ന സീനാണ്. ഇത്രയും രസകരമായി തോന്നിയെങ്കിൽ അതിതിനു മുൻപ് അവതരിപ്പിച്ചിട്ടില്ല എന്നതാണ് കാരണം. ഞങ്ങൾ രണ്ടാളും കൂടിയതങ്ങവതരിപ്പിച്ചു. ഒരു തനി മലയാളിയുടെ സ്വഭാവമല്ലേ ആ കണ്ടത്? പ്രകാശന്റെ ക്യാരക്റ്റർ ഈയൊരൊറ്റ സീനിലൂടെ നമുക്ക്‌ മനസ്സിലാവും. അതൊരു മിനിറ്റിലെ സീനാണ്. സിനിമ രണ്ടു മണിക്കൂർ 10 മിനിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് സീനുകൾ അതിലുണ്ടാവും.

   നമ്മൾ പലപ്പോഴും നാട്ടിൽ പോകുമ്പോൾ ചെറിയൊരു കുശുമ്പ് സ്വഭാവം അനുഭവിക്കാറുള്ളതാണ്. പരിചയമില്ലാത്തവരോട് വഴി ചോദിച്ചാൽ ചിലർ തെറ്റിപ്പറഞ്ഞു തരും. ഒരിക്കൽ ഞാനും ശ്രീനിവാസനും കൂടി ഇന്നസെന്റിന്റെ വീടിനു അര ഫർലോങ് ദൂരെ എത്തിയതായിരുന്നു. രണ്ടു ചെറുപ്പക്കാർ ബൈക്കിൽ വന്ന് വഴി പറഞ്ഞിട്ട് ഞങ്ങൾ ഒരു 20-25 മിനിറ്റ് കറങ്ങേണ്ടി വന്നു. അതൊക്കെ പ്രകാശൻ ചെയ്യും. അത്തരം സീനുകൾ ഉണ്ട്. അയാൾ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിക്കുന്നു. കാശുണ്ടാക്കാൻ നോക്കുന്നു. അങ്ങനെ കുറെ കുതന്ത്രങ്ങൾ. 2018 ലെ നാട്ടിൻപുറത്തുകാരനായ മലയാളി ചെറുപ്പക്കാരന്റെ കഥയാണ് പ്രകാശൻ. ആ പ്രകാശന്റെ ജീവിതത്തിലൂടെ ഒരു ചെറിയ യാത്ര നടത്തുന്നെന്നേ ഞാൻ ഇതിനെപ്പറ്റി പറയുന്നുള്ളൂ. അതിൽ ശ്രീനിവാസന്റെ സംഭാവനകൾ എന്താണെന്ന് നമ്മൾ തിയേറ്ററിൽ കാണാൻ പോവുകയാണ്.

   സിനിമാ നിർമ്മാണം: അന്നും ഇന്നും

   പഴയ കാലഘട്ടത്തിൽ സിനിമാ നിർമ്മാണം എന്നൊരാനന്ദമുണ്ട്. അതിന്റെ പ്രതിഫലവും, അതിൽ നിന്ന് കിട്ടുന്ന മറ്റു നേട്ടങ്ങളും രണ്ടാമതാണ്. സിനിമ തന്നെയാണ് ഏറ്റവും വലുത്. ഒരു സിനിമ കഴിഞ്ഞാൽ അടുത്തതിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. അങ്ങനെ സിനിമയുടെ പിന്നാലെയുള്ളൊരു കുതിപ്പുണ്ടായിരുന്നു. അതിന്നു കുറവാണ്. ഒരു പരിധിവരെ അത് നല്ലതാണെന്നു പറയാം. ഒരു സിനിമ കോൺസെൻട്രേറ്റ് ചെയ്ത് പുറത്തിറക്കിയിട്ട് അടുത്ത സിനിമയുടെ വിഷയത്തിന് വേണ്ടി ഒരു കൊല്ലമോ അതിൽ കൂടുതലോ കാത്തിരുന്ന് ചെയ്യുന്നത് നല്ലതാണ്. പക്ഷെ, അത് ഇതിനേക്കാൾ നന്നാവുകയോ അല്ലെങ്കിൽ വേറൊരു അനുഭവം കാഴ്ചവയ്ക്കുകയോ ചെയ്യുകയാണെങ്കിൽ മാത്രമാണ് ഗുണം ചെയ്യുന്നത്.   നിരന്തരമായി വർക്ക് ചെയ്തിരുന്ന ഒരു തലമുറയിൽ നിന്നും ഇളമുറക്കാർക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. വ്യക്തമായ കാരണം അവർക്ക് മാത്രമേ അറിയുള്ളൂ. ഞാനൊക്കെ ഇപ്പോഴും ആ ട്രാക്കിൽ തന്നെയാണ്. ജോമോൻറെ സുവിശേഷങ്ങൾ കഴിഞ്ഞ്, 2018ലെ സിനിമയാണ് ഞാൻ പ്രകാശൻ. സ്വാഭാവികമായിട്ടും, ചെറിയൊരു ഇടവേള കഴിഞ്ഞാൽ ഞാൻ മറ്റൊരു സിനിമയെപ്പറ്റി ചിന്തിക്കും. സാധിച്ചാൽ ഞാൻ അടുത്ത വർഷം തന്നെ ആ പടം ഇറക്കിയെന്നു വരാം. സിനിമയുടെ പിന്നാലെ യാത്ര ചെയ്യുന്നൊരു ശീലം അന്നത്തെ തലമുറക്കാർ തുടരുന്നുണ്ട്. എന്നാലത് പുതിയ പ്രേക്ഷകരുടെ അഭിരുചി കൂടെ കണക്കിലെടുത്ത് ചെയ്യുമ്പോഴേ വിജയിക്കുള്ളൂ. അല്ലെങ്കിൽ നമ്മൾ വഴിയിൽ വീണു പോകും. നമ്മളെപ്പോഴും, പുതിയ തലമുറയോടൊപ്പം തന്നെ യാത്ര ചെയ്യുക.

   ഈ തലമുറ ഒരു പക്ഷെ നിരന്തരമായി സിനിമയെടുത്താൽ അത് മാറും. ഇന്നത്തെ കാലത്ത് സാമ്പത്തിക നേട്ടങ്ങൾ കൂടിയിട്ടുണ്ട്. സിനിമയ്ക്കു തിയേറ്ററിൽ പ്രേക്ഷകർ കണ്ടു കിട്ടുന്ന വരുമാനം മാത്രമായിരുന്നു പഴയകാല സിനിമയുടെ പ്രതിഫലം. ഒരു സിനിമ പുറത്തിറങ്ങിയാൽ അത് തിയേറ്ററിലോടി തന്നെ കളക്ഷൻ നേടണം. ഇന്നിപ്പോ, ശ്രദ്ധേയമായ അല്ലെങ്കിൽ പ്രതീക്ഷയുള്ള സിനിമയെങ്കിൽ സാറ്റലൈറ് റൈറ്റ് വിറ്റു പോകും. അതിന്റെ വിദേശ റൈറ്റുകൾ നല്ല വിലക്ക് പോകും. ഗാനങ്ങൾക്ക് പ്രത്യേകമായി അവകാശമുണ്ടാവും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ വിപണിയുണ്ട്. വൈഡ് റീലീസ്സാണ്‌. ഒട്ടനവധി വിപുലമായ സാധ്യതകളുണ്ട്. മൊത്തത്തിൽ രീതികൾ മാറിയിട്ടുണ്ട്. അതുകൊണ്ടു കൂടിയാണോ എന്നെനിക്കറിയില്ല.   ഞാൻ പ്രകാശൻ പഴയ തലമുറയും, പുതിയ തലമുറയും ചേർന്നൊരു ബ്ലെണ്ടാണ്. ഫഹദ് ഫാസിലെന്ന ഏറ്റവും പുതിയ തലമുറയിലെ നടൻ. ശ്രീനിവാസനും ഞാനും നാടോടിക്കാറ്റ് അല്ലെങ്കിൽ ടി.പി. ബാലഗോപാലൻ മുതൽ ഒന്നിച്ചുള്ള എഴുത്തുകാരനും സംവിധായകനും. എസ്. കുമാർ എന്ന വളരെ സീനിയറായുള്ള ക്യാമറാമാൻ, ഷാൻ റഹ്മാനെന്ന പുതിയ തലമുറയിലെ സംഗീത സംവിധായകൻ. എല്ലാ വിഭാഗത്തിന്റെയും കൂടിയൊരു മിശ്രണമാണ് ഈ ചിത്രം.

   ഹൈപ്പുകളുടെ ലോകത്തെ സിനിമ

   ഒരു സിനിമ കുപ്പിയിലെ ഭൂതം എന്ന പോലെ കൊണ്ടുനടക്കുന്നത് റിലീസ് ചെയ്യുന്നതുവരെയല്ലേയുള്ളൂ? ശേഷം പടം പൊതുജനത്തിന്റെ മുന്നിലാണ്. പ്രേക്ഷകർ ചിലനേരത്ത് സിനിമക്കാരെക്കാളും മുകളിൽ ചിന്തിക്കുന്നവരാണ്. ആ ധാരണ മനസ്സിലുണ്ടാവണം. ഞാൻ സിനിമ ചെയ്യുമ്പോൾ എന്നെക്കാൾ അറിവുള്ളവരും, കഴിവുള്ളവരുമാണ് ഇത് കാണാൻ ഇരിക്കുന്നത് എന്നുള്ള ബോധം എൻ്റെ മനസ്സിൽ ഉണ്ടാവാറുണ്ട്. ഒരിക്കലും ഓഡിയന്സിനെ വില കുറച്ചു കാണാറില്ല. ഞാനും ഒരു പ്രേക്ഷകനാണല്ലോ. ഒരു സിനിമ വരുമ്പോൾ നമ്മുടെ മനസ്സിൽ അതേപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ ഉണ്ടാവും. അതിനപ്പുറം, എന്ത് ഊതിവീർപ്പിച്ചിട്ടും കാര്യമില്ല എന്നുള്ളത് ഇത്രയും കാലത്തെ സിനിമാ ജീവിതം എനിക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്.

   ഞാൻ പ്രകാശനിൽ ടീസറും ട്രെയ്‌ലറും ഇറക്കിക്കഴിഞ്ഞ് വേറൊന്നും വേണ്ടെന്നു തീരുമാനിച്ചു. ഗാന രംഗങ്ങൾ അതിനുള്ളിൽ തന്നെ കാണിച്ചു പോകുന്നുണ്ട്. ഞാനും ഫഹദ് ഫാസിലും കൂടി ഞാൻ പ്രകാശാണെന്ന സിനിമയുമായി വരുന്നുണ്ടെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് ആദ്യത്തെ ധർമം. റിലീസ് ചെയ്ത ശേഷം ആ സിനിമയാണ് സംസാരിക്കുന്നത്.   എത്രകാലമായി സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞാലും, ഇപ്പോഴും അതിനെ അതിന്റേതായ ഭയത്തോടും, വിനയത്തോടും കൂടി നോക്കിക്കാണുന്നയാളാണ് ഞാൻ. മുൻകാല ഹിറ്റുകൾ പുതിയ സിനിമയുടെ വിജയത്തിന് കാരണമാവുന്നില്ല. കഴിഞ്ഞ പടങ്ങൾ ഓടിയെങ്കിലും, അടുത്ത സിനിമ നന്നായാലേ വിജയിക്കൂ. സിനിമയുടെ ഉള്ളടക്കം നല്ലതെങ്കിൽ, ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. തമിഴിലൊക്കെ നമ്മൾ കാണുന്നുണ്ടല്ലോ, ഒരുപാട് കൊട്ടിഘോഷിച്ചു വന്നതാണ് 2.0യെന്ന സിനിമ അതൊന്നുമില്ലാതെ 96 അല്ലെങ്കിൽ ആ രീതിയിലുള്ള സിനിമകൾ വന്നു. പല ഭാഷകളിലും സംഭവിക്കുന്നത് നല്ല സിനിമകൾ നിലനിൽക്കുന്നുവെന്നതാണ്. കേരളത്തിൽ തന്നെ അതിനുദാഹരണമുണ്ട്. സുഡാനി ഫ്രം നൈജീരിയയുടെ റിലീസിന് മുൻപ് ഒരു ബഹളങ്ങളും ഉണ്ടായിരുന്നില്ല. പക്ഷെ നമ്മളിപ്പോഴുമാ സിനിമ ഓർമ്മിക്കുന്നുണ്ട്.

   ഫഹദ് ഫാസിലെന്ന നടൻ

   ഒരു സംവിധായകന് ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്ന നടനാണ് ഫഹദ്. നമുക്കൊരു കോൺഫിഡൻസ് തോന്നും. നമ്മളൊരു കഥാപാത്രത്തെപ്പറ്റി പറഞ്ഞാൽ, അതിഷ്ടപ്പെട്ടു ചെയ്യുന്നൊരു സുഖമുണ്ടല്ലോ. നമ്മൾ ആഗ്രഹിക്കുന്നതിലും കൂടുതൽ സ്‌ക്രീനിൽ കാണിക്കും എന്നതാണ് ഫഹദിന്റെ പ്രത്യേകത. ഞാനും ശ്രീനിവാസനും കൂടി വികസിപ്പിച്ച സീൻ, ഫഹദ് ചെയ്യുന്നത് കാണുമ്പോൾ നമ്മൾ വിചാരിക്കുന്നതിനുമപ്പുറത്ത് എത്തിക്കാൻ കഴിയുന്നയാളാണ്. ഒരു ബോൺ ആക്ടർ. മോഹൻലാൽ, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ എന്നിവരൊക്കെ അഭിനയിക്കുമ്പോൾ ലഭിക്കുന്നൊരാനന്ദവും ആത്മവിശ്വാസവുമുണ്ട്.   ഫഹദിന്റെ രൂപമാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. കാണുമ്പോൾ ഒരു സാധാരണ ചെറുപ്പക്കാരനാണ്. വരത്തനിൽ വരുമ്പോൾ വേറൊരു സ്റ്റൈലാണ്, തൊണ്ടിമുതലിൽ തനി കള്ളനാണ്, ഒരിന്ത്യൻ പ്രണയ കഥയിൽ അയ്മനം സിദ്ധാർത്ഥൻ അത്തരത്തിൽ ഒരു രാഷ്ട്രീയക്കാരനാണ്. അതുപോലെ വളരെ ഇൻഡിവിജുവാലിറ്റിയുള്ള കഥാപാത്രമാണ് പ്രകാശൻ. ഒരു പക്ഷെ, പിന്നീടൊരിക്കൽ ഓർമ്മിക്കപ്പെടാവുന്ന മറ്റൊരു വേഷം കൂടി കിട്ടിയെന്നു പറയാം. പ്രേക്ഷകർ ഏറ്റെടുക്കുന്നത് വരെ ഞാൻ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. സിനിമക്കായി കുറച്ചു രീതിയിലെ പരസ്യം ചെയ്തിട്ടുള്ളൂ. സാധാരണ പല വെറൈറ്റിയിലെ പരസ്യങ്ങളുണ്ടാവും, കുറെ ആർട്ടിസ്റ്റുകളുണ്ടാവും, ഇതിൽ ഫഹദ് ഫാസിൽ തെങ്ങിൽ കയറുന്നതും, ബൈക്കിൽ നിന്ന് എത്തിനോക്കുന്നതും ഉൾപ്പെടെ കുറച്ചു ഡിസൈനുകൾ മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ഹൈവെയിലൂടെയും മറ്റും പോകുമ്പോൾ ആളുകളിൽ ആ വിഷ്വൽ അങ്ങ് തറയും. സൈഡിൽ കൂടെ പോയിട്ട് ഗോൾ അടിക്കാൻ പറ്റുമോന്നു നോക്കട്ടെ.

   First published:
   )}