News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 15, 2021, 6:33 PM IST
മോഹൻലാലും സത്യൻ അന്തിക്കാടും
6മലയാള സിനിമയ്ക്ക് നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നിവരുടേത്. മികച്ച തിരക്കഥകളിൽ കുടുംബ ചിത്രങ്ങൾ അണിയിച്ചൊരുക്കി മുന്നേറിയ ഈ കൂട്ടുകെട്ടിനിടയിൽ ഉണ്ടായ ഒരു സൗന്ദര്യപിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
'വരവേൽപ്പ്' എന്ന സിനിമയ്ക്ക് ശേഷം 1994ൽ 'പിൻഗാമി' ഉണ്ടാവുന്നത് വരെയാണ് ആ 'പിണക്ക കാലം'. പിന്നീട് പിൻഗാമിക്കും രസതന്ത്രത്തിനും ഇടയിൽ ഒരു 12 വർഷത്തെ ഇടവേള വീണ്ടും ഉണ്ടായി. ഇതിനിടെ 1997ൽ ഇറങ്ങിയ തമിഴ് ചിത്രം 'ഇരുവർ' സെക്കന്റ് ഷോ കണ്ടയുടൻ മോഹൻലാലിനെ വിളിച്ചഭിനന്ദിച്ചതും സത്യൻ അന്തിക്കാട് ഓർക്കുന്നു.
തൃശൂർ ടൗണിൽ 'ഇരുവർ' സിനിമ കണ്ട് വീട്ടിലെത്താനുള്ള ക്ഷമയില്ലായിരുന്നു സത്യൻ അന്തിക്കാടിന്. മൊബൈൽ ഫോൺ ഇല്ലാത്ത കാലം. ലാലിനെ വിളിച്ചേ തീരൂ എന്നായി. ആ സിനിമ അത്ര കണ്ട് ആകർഷിച്ചിരുന്നു. അങ്ങനെ ഗോവയിലേക്ക് ഒരു എസ്.ടി.ഡി. ബൂത്തിൽ നിന്നും വിളിച്ചു പാതിരാത്രി മോഹൻലാലിനെ അഭിനന്ദിക്കുകയായിരുന്നു സത്യൻ അന്തിക്കാട്. (വീഡിയോ ചുവടെ)
വിചാരിച്ച സമയത്ത് മോഹൻലാലിനെ കിട്ടാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം. ആ കാലയളവിൽ മുഴുവനും തിരക്കേറിയ നടനായി മോഹൻലാലും അത്രതന്നെ തിരക്കുള്ള സംവിധായകനായി സത്യൻ അന്തിക്കാടും മാറി.
മോഹൻലാൽ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവർ കാണുകയും സംസാരിക്കുകയും ചെയ്തു. ഹ്യൂമർ പറയുന്നതിനേക്കാളും എൻജോയ് ചെയ്യുന്ന ആളാണ് സത്യൻ അന്തിക്കാട് എന്ന് മോഹൻലാൽ. അവർ തങ്ങളിൽ ചിരിച്ച ശേഷം മാത്രമേ പ്രേക്ഷകർക്ക് ചിരിക്കാനുള്ള അവസരം നൽകൂ എന്ന് മോഹൻലാൽ.
ഒന്നിച്ചു ചെയ്ത ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു ആശാരി പണിക്കാരൻ എന്ന ആ കഥാപാത്രത്തിൽ നിന്നുമാണ് രസതന്ത്രം സിനിമയിലേക്കെത്തിയത്. പക്ഷെ അപ്പോഴേക്കും ശ്രീനിവാസൻ, ലോഹിതദാസ്, രഘുനാഥ് പലേരി പോലുള്ള തിരക്കഥാകൃത്തുക്കൾ കിട്ടാതായി. ഈ സിനിമയ്ക്കായി തിരക്കഥാകൃത്തിന്റെ ജോലി സത്യൻ അന്തിക്കാട് സ്വയം ഏറ്റെടുക്കുകയായിരുന്നു.
2008ൽ റിലീസ് ചെയ്ത 'ഇന്നത്തെ ചിന്താവിഷയമാണ്' ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം. ഏറ്റവും ദീർഘമായി തുടരുന്ന ഈ ഇടവേളയ്ക്കു ശേഷം ഇരുവരുടേതുമായി ഒരു ചിത്രം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Published by:
user_57
First published:
January 15, 2021, 6:14 PM IST