• HOME
  • »
  • NEWS
  • »
  • film
  • »
  • 'പുതിയമുഖത്തിലേക്ക് വഴി തുറന്നത് ആ ചെറുപ്പക്കാരന്റെ ജീവിതം'

'പുതിയമുഖത്തിലേക്ക് വഴി തുറന്നത് ആ ചെറുപ്പക്കാരന്റെ ജീവിതം'

Screenwriter Sindhuraj speaks as Prithviraj movie Puthiya Mugham celebrates 10 years | ആക്ഷൻ ഹീറോയായി പൃഥ്വിരാജിന് താരമൂല്യം നൽകിയ 'പുതിയ മുഖം' തിയേറ്ററിലെത്തിയിട്ട് 10 വർഷം

പുതിയമുഖത്തിലെ രംഗം, സിന്ധുരാജ്

പുതിയമുഖത്തിലെ രംഗം, സിന്ധുരാജ്

  • Last Updated :
  • Share this:
ഒരു നടനെന്ന നിലയില്‍ പൃഥ്വിരാജിനെ അടയാളപ്പെടുത്തിയ സിനിമകളുണ്ടായിട്ടുണ്ടെങ്കിലും, ഒരു ആക്ഷന്‍ ഹീറോയെന്ന നിലയില്‍ അദ്ദേഹത്തെ വാണിജ്യ സിനിമ സ്വീകരിച്ചത് പുതിയമുഖത്തിലൂടെയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 23ന് പത്ത് വയസ്സ് തികഞ്ഞ ചിത്രം, താരമെന്ന നിലയില്‍ പൃഥ്വിരാജിന്റെ മൂല്യമുയര്‍ത്തുകയും മുന്നോട്ടുള്ള കുതിപ്പിന് വലിയ ഊര്‍ജ്ജം നല്‍കുകയും ചെയ്തു. അനില്‍ മാത്യു, മുരുകന്‍ എന്നീ നിര്‍മ്മാതക്കള്‍ക്ക് വേണ്ടി ദീപന്‍ സംവിധാനം ചെയ്ത ചിത്രമെഴുതിയത് എം. സിന്ധുരാജാണ്. നന്ദനം എന്ന വന്‍ ഹിറ്റിലാരംഭിച്ച് വാസ്തവം എന്ന സിനിമയിലൂടെ സംസ്ഥാന അവാർഡ് വരെ നേടുകയും ചെയ്ത പൃഥ്വിരാജിന്റെ ഒരു പുതിയമുഖമായിരുന്നു ചിത്രം.മേഘസന്ദേശത്തിലാരംഭിച്ച സിന്ധുരാജിന്റെ എഴുത്ത് ജീവിതത്തിലെ ഒരു പുതിയമുഖം കൂടിയായിരുന്നു ചിത്രം. ലീഡര്‍ എന്ന ചിത്രത്തിലൂടെ വന്ന ദീപന്റെയും പുതിയമുഖമായിരുന്നു ഈ സിനിമ. അഞ്ച് ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത ദീപന്‍ 2017ല്‍ അന്തരിച്ചു. നിഷ്‌ക്കളങ്കനും സംഗീതജ്ഞനുമായ കൃഷ്ണകുമാറെന്ന (കിച്ചു) യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളുടെ കഥ പറഞ്ഞ ചിത്രം യുവാക്കളെ ഏറെ ആകര്‍ഷിക്കുകയും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു.ആ ചിത്രം പിറന്ന വഴികളെക്കുറിച്ച് സിന്ധുരാജ് ന്യൂസ് 18 മലയാളത്തോട്.

ഒരു കല്യാണത്തിന് പോകവേ ലഭിച്ച ത്രെഡിൽ നിന്നും തുടക്കം

തുടക്കത്തില്‍ തന്നെ പൃഥ്വിരാജാകണം നായകന്‍ എന്നുറപ്പിച്ചിരുന്നു. 'അവന്‍ ചാണ്ടിയുടെ മകന്‍' എന്ന സിനിമയുടെ കാലത്താണ് പൃഥ്വിരാജിനോട് ഈ കഥ പറയുന്നത്. കഥ പൃഥ്വിരാജിന് ഇഷ്ടപ്പെട്ടെങ്കിലും അന്നൊരു സംവിധായകന്‍ ഉണ്ടായിരുന്നില്ല. ആലപ്പുഴയില്‍ ഒരു കല്യാണത്തിന് പോയപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണ്  ത്രെഡ്. 'ഞാനൊരു കഥ പറയാം. സിന്ധുവിന് സിനിമയാക്കാന്‍ പറ്റിയതാകും' എന്ന് സുഹൃത്ത് പറഞ്ഞു.

പാരമ്പര്യമായി മാനസിക രോഗത്തിന് ഇരയായ നിരവധിപേരുള്ള വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനിയറിംഗ് കോളേജില്‍ ചേരുന്നു. അവിടെ വച്ച് അയാൾ റാഗ് ചെയ്യപ്പെടുന്നു. റാഗിങ്ങിനെ തുടര്‍ന്ന് അയാളുടെ മാനസിക നില തകരാറിലാകുന്നു. എന്നാല്‍ റാഗിങ് നടന്നതിനെ കുറിച്ച് ആരും വിശ്വിസിക്കുന്നില്ല. പാരമ്പര്യമാണ് ഈ അസുഖത്തിന് കാരണമെന്ന് അയാള്‍ക്ക് ചുറ്റുമുള്ളവര്‍ കരുതുന്നു. സമൂഹം അയാളുടെ അനുഭവം വിശ്വസിക്കാൻ തയാറാവുന്നില്ല. തുടര്‍ന്ന് ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്നു. ഈ സംഭവം കേട്ട് ശരിയ്ക്കും ഞാന്‍ ഞെട്ടി.ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു ഞാൻ അപ്പോള്‍. ഉടൻ വാഹനം നിര്‍ത്തി സംവിധായകന്‍ എം. പദ്മകുമാറിനെ ഇത് ഫോണിലൂടെ വിളിച്ചു പറഞ്ഞു. പിന്നെയാണ് പൃഥ്വിരാജിനെ കാണുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും സംവിധായകനെ നിശ്ചയിച്ചിരുന്നില്ല. പത്മകുമാറാണ് ദീപന്റെ കാര്യം പറയുന്നത്. ഇതിനിടെ ദീപന്‍ ചില കഥകളുമായി പൃഥ്വിരാജിനെ സമീപിച്ചിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹത്തിന് താല്‍പര്യമായില്ല. തുടർന്ന് ഞാനും ദീപനും സംസാരിച്ചു. തിരക്കഥ പൂര്‍ത്തിയായിട്ടാണ് പ്രൊജക്ടിലേയ്ക്കു കടന്നത്. എന്നാല്‍ പൃഥ്വിരാജിനൊപ്പം വേഷം ചെയ്യുന്ന ബാല പ്രൊജക്ടിലേയ്ക്ക് എത്താന്‍ വൈകി. ഞങ്ങള്‍ ബാലക്ക് വേണ്ടി കാത്തിരുന്നു.

ഇതെഴുതിയത് സിന്ധുരാജ് തന്നെയോ?

എന്റെ മറ്റെല്ലാ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ചിത്രമാണ് 'പുതിയ മുഖം'. സൂപ്പര്‍ ഹിറ്റായ ആദ്യത്തെ ചിത്രമെന്ന് പറയാം. എന്നാല്‍ മറ്റു ചിത്രങ്ങളെ പോലെയല്ല ഈ ചിത്രമെന്നത് കൊണ്ടു തന്നെ ഇത് ഞാനാണോ എഴുതിയത് എന്ന് പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതേ പോലെ ഒരു പടം എഴുതണമെന്ന് ഇന്നലെക്കൂടി ഒരു നിര്‍മ്മാതാവ് ആവശ്യപ്പെട്ടുവെന്നതാണ് സത്യം. എന്നാല്‍ ഓരോ ചിത്രവും അതിന്റേതായ രീതിയില്‍ സംഭവിക്കുന്നത് കൊണ്ട് അത്തരമൊരു സാഹസത്തിന് മുതിരുന്നില്ല.

ആക്ഷനല്ല ഇമോഷനാണ് താരം

യുവാക്കളുടെ കഥയാണ് സിനിമ. ആക്ഷനും ക്യാമ്പസും പ്രണയവുമൊക്കെ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ആ സിനിമയിലെ ഇമോഷണല്‍ രംഗങ്ങളാണ് അതിന്റെ കരുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് അതിന് കുടുംബങ്ങളിലും സ്വീകര്യതയുണ്ടായത്. കിച്ചു അടിച്ചത് പ്രേക്ഷകര്‍ ഏറ്റെടുത്തതിന് കാരണം അതിന് പിന്നില്‍ കൃത്യമായ കാരണമുള്ളതുകൊണ്ടാണ്. അയാളുടെ അച്ഛന്‍ കഥാപാത്രമായി വന്ന നെടുമുടി വേണുവുമായുള്ള വൈകാരിക രംഗങ്ങള്‍ മനസ്സിൽ തട്ടിയതുകൊണ്ടാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടായത്. അല്ലെങ്കില്‍ അതു വെറുമൊരു അടിപ്പടമാകുമായിരുന്നു. ഇത്രയധികം ആളുകള്‍ കാണുമായിരുന്നില്ല.രണ്ടു നായികമാര്‍

പ്രിയ മണിയും മീര നന്ദനുമായിരുന്നു നായികമാര്‍. എന്നാല്‍ രണ്ടു നായികമാരുടെ ബന്ധം എങ്ങനെ കൊണ്ടുപോകുമെന്നത് വളരെ ശ്രമകരമായ ഒന്നായിരുന്നു. ശരിയ്ക്കും ഞാണിന്‍മേല്‍ക്കളി. ഞങ്ങള്‍ ചെയ്ത രീതി പ്രേക്ഷകര്‍ സ്വീകരിച്ചു.

ഗതിമാറ്റിയ സംഗീത സംവിധായകൻ

സംഗീത പ്രധാനമായുള്ള ചിത്രമായതിനാല്‍ ഒരു പ്രമുഖ സംഗീത സംവിധായകനെയായിരുന്നു  ഞങ്ങള്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം സൂപ്പര്‍ ഹിറ്റാണെന്നു പറഞ്ഞ ട്യൂണുകളൊന്നും ഞങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. അങ്ങനെയാണ് ദീപക് ദേവിനെ കണ്ടത്. അത് ചിത്രത്തെ തന്നെ മാറ്റിമറിച്ചു. 'പിച്ചവെച്ചനാള്‍ മുതല്‍...' ഈ ഗാനമാണ് പടത്തിന്റെ വരവറിയിച്ചത്. അത്തരത്തിലൊന്ന് ആദ്യമായിരുന്നു എന്നു വേണം പറയാന്. പൃഥ്വിരാജ് ആദ്യമായി പിന്നണി പാടിയതും ഇതിലായിരുന്നു. 'പുതിയ മുഖം' എന്ന ആ ടൈറ്റില്‍ സോങ്ങും സൂപ്പര്‍ ഹിറ്റായി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജായിരുന്നു പ്രധാനപ്പെട്ട ലൊക്കേഷന്‍. ഞാനും പൃഥ്വിരാജും ദീപനും നിർമ്മാതാക്കളും അടങ്ങുന്ന സംഘം തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിൽ ഇരുന്നാണ് ചിത്രം കണ്ടത്. ആദ്യ ഷോയിലെ പ്രതികരണത്തിൽ നിന്ന് തന്നെ ചിത്രത്തിന്റെ വിജയം ഉറപ്പായി. സിനിമ ഹിറ്റായതോടെ ഹിന്ദി, കന്നട റീമേക്ക് അവകാശവും പോയി.

First published: