ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ അനുസരിച്ചാണെങ്കിൽ സംവിധായകൻ ആറ്റ്ലിയുടെ വിജയ് ചിത്രത്തിൽ വില്ലനായാകും ബോളിവുഡ് സൂപ്പർ സ്റ്റാറിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ അതിഥി വേഷമാകും ഷാരൂഖിനെന്നാണ് പറയപ്പെട്ടിരുന്നുവെങ്കിലും ഇത് വെറുമൊരു അതിഥി വേഷമാകില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകൾ.
വിജയുടെ അറുപത്തിമൂന്നാം ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല. ദളപതി 63 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിൽ ഷാരൂഖ് ആകും മുഖ്യ വില്ലൻ എന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ ക്ലൈമാക്സിനോടടുത്ത് ആകും ബോളിവുഡ് ബാദ്ഷായുടെ കടന്നു വരവ്. ഹിന്ദിയിലെ ഒരു പ്രമുഖ താരം തന്നെ ചിത്രത്തിൽ വേണമെന്ന് നിർമ്മാതാക്കൾ തുടക്കം മുതൽ ആഗ്രഹിച്ചിരുന്നു. സംവിധായകൻ ആറ്റ്‌ലി ഷാരൂഖ് ഖാനെ സമീപിച്ചതോടെ നിബന്ധനകളോട് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
Also Read-വേർപിരിയലിന്റെ ദുഃഖം കവിതയാക്കി യുട്യൂബ് താരം ഹർലീൻ സേഥി
കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഷാരൂഖ് ദളപതി 63നായി ഷൂട്ടിംഗ് ആരംഭിക്കും. നാല്-അഞ്ച് ദിവസം നീളുന്ന ഷൂട്ട് ചെന്നൈയിൽ വേണോ മുംബൈയിൽ വേണോ എന്ന ആലോചനയിലാണ് അണിയറ പ്രവർത്തകർ. നേരത്തെ ഐപിഎൽ കളിക്കിടെ ഷാരൂഖ് ഖാനൊപ്പം ഇരിക്കുന്ന ആറ്റ്‌ലിയുടെ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ തന്നെ കിംഗ് ഖാന്റെ തമിഴ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആറ്റ്ലി ചിത്രമായ മെർസലിന്റെ ഹിന്ദി റീമേക്കിലും ഷാരൂഖ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആറ്റ്‌ലി തന്നെയാകും ചിത്രം ബോളിവുഡിലും ഒരുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atlee, Shah Rukh Khan, Tamil cinema, Tamil film, Vijay63