• HOME
 • »
 • NEWS
 • »
 • film
 • »
 • 12th Man | 'ജീത്തു ജോസഫ്, താങ്കൾ എന്തൊരു മനുഷ്യനാണ്?' '12th മാൻ' കണ്ട ഹ്രസ്വചലച്ചിത്ര സംവിധായകന്റെ കുറിപ്പ്

12th Man | 'ജീത്തു ജോസഫ്, താങ്കൾ എന്തൊരു മനുഷ്യനാണ്?' '12th മാൻ' കണ്ട ഹ്രസ്വചലച്ചിത്ര സംവിധായകന്റെ കുറിപ്പ്

മിസ്റ്ററി ക്രൈം ത്രില്ലർ '12th മാൻ' സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫിനെക്കുറിച്ച് ഒരു കുറിപ്പ്

12th മാൻ

12th മാൻ

 • Share this:
  'ദൃശ്യം' കണ്ട് ജീത്തു ജോസഫ് (Jeethu Joseph) ഫാൻ ആയി മാറിയ ഓരോ പ്രേക്ഷകനെയും ഈ സംവിധായകൻ വീണ്ടും തന്നിലേക്കാകർഷിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ഡിജിറ്റൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ '12th മാൻ' (12th Man). മലയാള സിനിമയിൽ ക്രൈം ത്രില്ലറുകളുടെ പര്യായമായി മാറിയ ഇദ്ദേഹം, മിസ്റ്ററി നിറച്ച മറ്റൊരു കഥയുമായാണ് '12th മാനിൽ' എത്തിയത്. സിനിമ കണ്ട ഹ്രസ്വചിത്ര സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിഷ്ണു ഉദയൻ ഫേസ്ബുക്കിൽ രചിച്ച കുറിപ്പാണ് ചുവടെ. നിരവധി പുസ്കാരങ്ങൾ സ്വന്തമാക്കിയ ചെറു ചിത്രങ്ങൾ ഒരുക്കിയ വിഷ്ണു, മറ്റൊരു ജീത്തു ജോസഫ് മാജിക്കിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:

  'താൻ എന്തൊരു മനുഷ്യനാടോ?' സീ കേരളം ചാനലിലെ saregamapa റിയാലിറ്റി ഷോയിലെ വിധികർത്താവ് ഷാൻ റഹ്മാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ്, താൻ എന്തൊരു മനുഷ്യനാടോ എന്നത്. ഇന്നലെ 12th മാൻ കണ്ട് കഴിഞ്ഞ് അവസാനം A Jeethu Joseph Film എന്ന് കാണിച്ചപ്പോൾ എനിക്ക് തോന്നിയതും ഇതേ വാചകമാണ്. ശരിക്കും, ജീത്തു ജോസഫ് - താങ്കൾ എന്തൊരു മനുഷ്യനാണ്.

  മലയാള സിനിമ ചരിത്രത്തിൽ പ്രമേയപരമായി ഇതിലും മികച്ച കഥകൾ വന്നിട്ടുണ്ട്. തീർച്ച. പക്ഷേ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമയിൽ, രണ്ടു മണിക്കൂറോളം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മാത്രം നടക്കുന്ന ഒരു കഥയിൽ, കാണുന്ന പ്രേക്ഷകനെ മെല്ലെ ആകർഷിച്ച് അവസാനമാകുമ്പോൾ നല്ലൊരു ത്രില്ല് (edge of the seat എന്നൊക്കെ പറയാമോ എന്നറിയില്ല) സമ്മാനിക്കുന്ന മേക്കിങ് ശൈലി.

  ഓരോ സീനും സംഭാഷണവും കഴിയുമ്പോൾ എങ്ങനെയാണ് ഇങ്ങനെയൊരു തിരക്കഥ എഴുതാൻ സാധിക്കുക എന്ന ചോദ്യം മനസിലേക്ക് നിരന്തരം വന്നു. ഇത് പോലൊരു തിരക്കഥ എങ്ങനെ 'foul proof' ആയി സംവിധാനം ചെയ്യാം എന്നും അത്ഭുതപ്പെട്ടു. അത്ര ഗംഭീരമായി സംഗീതവും എഡിറ്റിംഗും പറയുന്ന കഥയിലേക്ക് ഇഴകിചേർന്നിരിക്കുന്നു!

  ജീത്തു ജോസഫ് എന്ന പേര് ശ്രദ്ധിക്കുന്നത് ഡിറ്റക്റ്റീവ് സിനിമയിലെ കൊലപാതകം കാണുന്ന സമയത്താണ്. എത്രമേൽ 'variety' ആണ് ആ കൊലപാതകം എന്ന് അന്ന് അതിശയിച്ചു പോയി. അന്ന് വരെ കണ്ടിരുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ സുരേഷ് ഗോപിയിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു കഥാപാത്രം. പിന്നീട് മെമ്മറീസും ദൃശ്യവും ഒക്കെ വന്നു ആ പേര് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.  ആദ്യമായി ജീത്തു ജോസഫിനെ അടുത്ത് കാണുന്നത്, സുഹൃത്തിന്റെ വിവാഹത്തിനാണ്. ലൈഫ് ഓഫ് ജോസുട്ടയിലെ, ജോസൂട്ടിയെ പോലെ മുണ്ടും ഉടുത്ത് ചിരിച്ച് മൊബൈലിൽ സെൽഫിയും കല്യാണവും പകർത്തുന്ന തനി നാടൻ മലയാളി. സദ്യ സമയത്ത് എനിക്ക് നേരെ എതിരെ ഇരുന്നു ആസ്വദിച്ച്, രണ്ടാമതും പായസം ചോദിച്ച് വാങ്ങി കഴിക്കുന്ന മനുഷ്യനെ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും, ഇങ്ങേരല്ലേ ജോർജ് കുട്ടിനെ സൃഷ്ടിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷേ തന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ വിമർശകരും പ്രേക്ഷകരും ജോസൂട്ടിയെ കാണില്ലായിരിക്കും. പക്ഷേ അന്ന് ഞാൻ അവിടെ കണ്ടത്, യഥാർത്ഥ ജീവിതത്തിൽ ജോർജ്കുട്ടിയും ജോസൂട്ടിയും സമാസമം ചേർന്നൊരു മനുഷ്യനെയാണ്.

  വളരെ സിംപിളായി കാണപ്പെടുന്ന ജീത്തു ജോസഫിൽ നിന്നും ഇനിയും മലയാള സിനിമ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥകളും, ടെക്‌നിക്കലി മുന്നിൽ നിൽക്കുന്ന മേക്കിങ്ങും ഇനിയും കാണാൻ മലയാള പ്രക്ഷേക സമൂഹം ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു കാര്യംകൂടി.. ഇന്നത്തെ മലയാള സിനിമയിൽ, മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ഒരു രഹസ്യ മന്ത്രം ജീത്തുവിന്റെ കൈയിലുണ്ട്. ജീത്തുവിന്റെ കൈയിൽ മാത്രം!
  Published by:user_57
  First published: