ഡിസംബർ 30ന് റിലീസ് തീരുമാനിച്ച സിദ്ധാർഥ് ഭരതൻ ചിത്രം ‘ജിന്ന്’ തിയേറ്ററുകളിലെത്തിയില്ല. സൗബിൻ ഷാഹിർ നായകനായി വേഷമിട്ട ചിത്രത്തിൽ നടി കെ.പി.എ.സി. ലളിതയും അഭിനയിച്ചിട്ടുണ്ട്. റിലീസ് സംബന്ധിച്ച് സിദ്ധാർഥ് ഭരതൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ടവരെ,
ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും.
സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ., മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി. ലളിത, ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.
ചില അന്ധവിശ്വാസങ്ങളുടെ പേരിൽ സിനിമയുടെ പേര് മാറ്റണമെന്ന് പലരും പറഞ്ഞിരുന്നതായി സംവിധായകൻ സിദ്ധാർഥ് നേരത്തെ പറഞ്ഞിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ സാധാരണ നിലയിൽ സംഭവിക്കുന്ന ചെറിയ തടസങ്ങളേയും ആളുകൾക്ക് സംഭവിക്കുന്ന ചെറിയ പരുക്കുകളേയുമൊക്കെ ജിന്നിന്റെ ഇടപെടലായി പലരും വ്യാഖ്യാനിക്കുമായിരുന്നുവെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ പറയുന്നു. പേര് നിശ്ചയിച്ചപ്പോൾ തന്നെ ഇതുമായി മുന്നോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചു. ഇത്തരം പേരുകളിട്ട മുൻ സിനിമകളിൽ സംഭവിച്ച പലതരം ദാരുണ സംഭവങ്ങളുടെ ലിസ്റ്റുമായി ചിലർ വന്നു. അങ്ങനെയൊക്കെ സംഭവിക്കാതിരിക്കണമെങ്കിൽ പേര് മാറ്റുകയേ രക്ഷയുള്ളു എന്നായിരുന്നു വാദം. പരിഹാര മാർഗം തേടി ജോത്സ്യന്റെ അടുക്കൽ പോയവരുമുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഈ പേരിൽ തന്നെ സിനിമ ഇറക്കും എന്നതായിരുന്നു തീരുമാനമെന്ന് സിദ്ധാർത്ഥ് പറഞ്ഞു.
‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം- പ്രശാന്ത് പിള്ള. മൃദുൽ വി. നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
എഡിറ്റർ- ദീപു ജോസഫ്, ആർട്ട് – ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേക്കപ്പ്- ആർ.ജി. വയനാടൻ, പ്രൊഡക്ഷൻ കോണ്ട്രോളർ മനോജ് കാരന്തൂർ. പി.ആർ.ഒ. – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.