തിരുവനന്തപുരം: സ്വന്തമായി ഭൂമിയില്ലാത്തതിനാൽ അടുക്കളയും കിടപ്പുമുറിയും വെട്ടിപ്പൊളിച്ചും, പൊതുറോഡ് കുത്തിക്കുഴിച്ചും മരണപ്പെട്ടുപോയ ഉറ്റവരെ അടക്കം ചെയ്യേണ്ടിവരുന്ന കേരളത്തിലെ ദളിത് വിഭാഗത്തിന്റെ ജീവിതങ്ങളിലേക്ക് വാതായനം തുറക്കുന്ന 'സിക്സ് ഫീറ്റ് അണ്ടർ' എന്ന ഡോക്യുമെന്ററി പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ പുതുതായി ആരംഭിക്കുന്ന 'മലയാളം' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
പത്രപ്രവർത്തകനായ സനു കുമ്മിളാണ് ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെയും, അയാളുടെ വ്യത്യസ്തമായ പ്രതിഷേധത്തിന്റെയും കഥ പറയുന്ന 'ഒരു ചായക്കടക്കാരന്റെ മൻകീ ബാത്' എന്ന ഡോക്യൂമെന്ററിയിലൂടെ 2018ൽ ഐ.ഡി.എസ്.എഫ്. കെ.യിൽതന്നെ മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് സനു സ്വന്തമാക്കിയിരുന്നു.
തന്റെ കണ്മുന്പിലുള്ള ദലിത് വിഭാഗത്തിൻ്റെ നേർകാഴ്ചകളാണ് തന്റെ ഡോക്യൂമെന്ററികളിലുള്ളതെന്ന് സനു പറയുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ചടയമംഗലത്തിനടുത്ത്, ഇട്ടിവ പഞ്ചായത്തിലെ ഒരു ദളിത് കുടുംബത്തിൽ, മരണപ്പെട്ട ആളിനെ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ വീടിന്റെ അടുക്കള പൊളിച്ചു അടക്കം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. അങ്ങെനെയായിരുന്നു കേരളത്തിലെമ്പാടുമുള്ള ദലിത് വിഭാഗത്തിൻ്റെ ഭൂമിപ്രശ്നത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഡോക്യുമെന്ററി നിർമ്മിക്കുകയും ചെയ്തത്. സെബിൻ കടയ്ക്കലാണ് ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് അമൽ ജിത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.