• HOME
 • »
 • NEWS
 • »
 • film
 • »
 • സ്ലീപ്‌ലെസ്സ്‌ലി യുവേർഴ്സ്: IFFKയിൽ സുദേവ് നായർ

സ്ലീപ്‌ലെസ്സ്‌ലി യുവേർഴ്സ്: IFFKയിൽ സുദേവ് നായർ

 • Last Updated :
 • Share this:
  #മീര മനു

  തിരുവല്ലയിലെ 'താക്കോൽ' ചിത്രീകരണത്തിൽ നിന്നും നേരെ തിരുവനന്തപുരത്തേക്ക്. യാത്ര കഴിഞ്ഞു വൈകുന്നേരം ഹോട്ടൽ മുറിയിൽ എത്തിചേർന്ന് ഒരൽപ്പം പോലും വിശ്രമിക്കാൻ നേരമില്ല. നേരെ തന്റെ ചിത്രം സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് പ്രദർശിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയായ ന്യൂ തിയേറ്ററിലേക്ക്. ഉറക്കമില്ലാത്തവരുടെ കഥ പറയുന്നവരുടെ ചിത്രം കാണാൻ അറിഞ്ഞുകൊണ്ടല്ലെങ്കിലും തീർത്തും വിശ്രമിക്കാൻ അവസരമില്ലാത്ത സാഹചര്യത്തിൽ നിന്നുമൊരു വരവ്. പ്രദർശനം തുടങ്ങാൻ എണ്ണപ്പെട്ട നിമിഷങ്ങൾ മാത്രം. അപ്രതീക്ഷിത അതിഥിയെ കണ്ട ആരാധകർ ഫോട്ടോ സെഷനും തങ്ങളുടെ ഉറക്കക്കുറവിന്റെ കഥകൾ പറയാനും കൂടിയായി ചുറ്റും കൂടി. ആ നിമിഷങ്ങൾക്കിടെ സുദേവ് ന്യൂസ് 18 കേരളത്തോട് സംസാരിക്കുന്നു.

  എപ്പോഴത്തെയും പോലെ എളിമയുടെ മുഖമുദ്ര ഇപ്പോഴും ഉണ്ട്. ക്ഷീണത്തിന്റെ തരി പോലും മുഖത്ത് കാണുന്നില്ല. ഒരുപക്ഷെ തീർത്തും ഫിറ്റ്നസ് ഫ്രീക്കായ സുദേവിന് ഇതൊന്നും അത്ര കാര്യമല്ലായിരിക്കാം. നല്ല സിനിമയിൽ വരിക എന്നതാണ് സുദേവന്റെ നിയമം. അതുകൊണ്ടാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ താരത്തെ തിരഞ്ഞു പിടിച്ച്‌ സ്ക്രിപ്ട് അയച്ചു കൊടുത്തപ്പോഴും യെസ് പറയാൻ തയ്യാറായത്. ചിത്രത്തിലെ നായകൻ ജെസ്സി ഉറക്കം കളയുന്നത് നീണ്ട നാല് ദിവസം തുടർച്ചയായാണ്. സ്വാഭാവികമായും തോന്നാം അത്യാവശ്യം തിരക്കുള്ള നടനിത് ജീവിതത്തിലും സംഭവിക്കാം. പക്ഷെ വാസ്തവം മറിച്ചാണ്.  "അതിരാവിലെ എഴുന്നേൽക്കാറാണ് പതിവ്. എല്ലാ ദിവസവും അഞ്ചു മണി അല്ലെങ്കിൽ അഞ്ചരയോടെ എഴുന്നേൽക്കും. രാത്രി 11നും 12നും ഇടക്ക് ഉറങ്ങാൻ കിടക്കും. എഞ്ചിനീറിങ്ങിനു പഠിക്കുമ്പോൾ ഞാൻ നൈറ്റ് ഔൾ (രാത്രി ഉറക്കമില്ലാതിരിക്കുന്നയാൾ) ആയിരുന്നു. ഇപ്പൊ അത് മാറി വെളുപ്പിനെ എഴുന്നേൽക്കുന്നയാളായി." പക്ഷെ ചിത്രത്തിനായി ഉറക്കമിളച്ചത് സംവിധായകരായ ഗൗതം സൂര്യ, സുദീപ് ഇളമൺ എന്നിവരാണ്. ചിത്രത്തിലേതു പോലെ ഉറക്കമില്ലാത്ത നാല് ദിനങ്ങൾ പരീക്ഷിച്ചു തയ്യാറാക്കിയതാണ് സ്ക്രിപ്ട്. മേളയിൽ 'മലയാള സിനിമ ഇന്ന്' വിഭാഗത്തിലാണ് ചിത്രം.

  മലയാള സിനിമയിൽ, വില്ലൻ ലുക്കിൽ അങ്ങ് ബോളിവുഡിൽ നിന്നും വന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങി വരവറിയിച്ച ആളാണ് സുദേവ്. മലയാളിയെങ്കിലും ഉത്തമ വില്ലൻ എന്ന ഭാവത്തിനു ചേരുന്ന ബോളിവുഡ് നടൻറെ ലുക്കാണ് ഇവിടെയും വില്ലനായി തിളങ്ങാൻ സുദേവിന് ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ കൊണ്ട് വരുന്നത്. എന്നാൽ ഏതെങ്കിലും സ്ഥിരം റോളിൽ തളച്ചിടപ്പെടാൻ സുദേവ് തയ്യാറല്ല.

  "എങ്ങനെയെങ്കിലും ഒരു തരത്തിൽ പ്രചോദനം നൽകുന്ന കഥാപാത്രമാവണമെന്നു നിർബന്ധമുണ്ട്. അല്ലെങ്കിൽ വളരെ നല്ല ഡയറക്റ്റർ ആവണം. ഏതു റോളും ചെയ്യാൻ തയ്യാറാണ്, വില്ലനായാലും പാവമായാലും. ഈ സിനിമ എടുത്തവരുടെ റിസർച്ച് ആണെല്ലാം. ഉറക്കമില്ലായ്മ, അതിന്റെ എഫക്ട്, ലക്ഷണങ്ങൾ എല്ലാം അവർ കണ്ടെത്തിയതാണ്. ഞാൻ അതിന്റെ ചുവടുപിടിച്ചാണ് മുന്നോട്ടു പോയത്. ഞാൻ ആക്ടിങ് മാത്രമാണ് ചെയ്തത്. കുറെ ഷൂട്ടിംഗ് രാത്രിയാണ് നടന്നത്, അങ്ങനെ കുറച്ചുറങ്ങാതിരുന്നെന്നേയുള്ളൂ."

  നോൺ-ലീനിയർ കഥ പറച്ചിൽ രീതിയാണ് ചിത്രത്തിലുടനീളം. ജെസി, മാനു എന്നിങ്ങനെ ഒന്നിച്ചു ജീവിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിൽ ഉറക്കക്കുറവ് വരുത്തുന്ന പ്രശ്നങ്ങൾ പല വികാരങ്ങളിലൂടെയും, അവസ്ഥകളിലൂടെയും പറഞ്ഞു പോകുന്ന കഥ. ജെസി എന്ന ജേർണലിസ്റ്, ഡോക്യുമെന്ററി സംവിധായകനും, തീർത്തും ലക്ഷ്യബോധമില്ലാത്ത അയാളുടെ പങ്കാളി മാനസിയും (ദേവകി) ആണ് കഥാപാത്രങ്ങൾ.

  ഇല്ല, മജീദിയുടെ മൊഹമ്മദിന് കേരളത്തിലും വേദിയില്ല

  എസ്‌റയും എബ്രഹാമിന്റെ സന്തതികളും സുദേവിന് നൽകിയ മൈലേജ് വളരെ വലുതാണ്. ഇനി ഇറങ്ങാനുള്ളത് നിവിൻ പോളി നായകനാവുന്ന മിഖായേലാണ്. വില്ലൻ വേഷമാണതിൽ. കൂടാതെ ഫഹദ് ഫാസിൽ, സായി പല്ലവി എന്നിവർ വേഷമിടുന്ന പേരിടാത്ത ചിത്രത്തിലും ഒരു വ്യത്യസ്ത വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിയയുടെ തിരക്കൊഴിഞ്ഞാൽ മുംബൈയിൽ വെബ് സീരീസിന്റെ നിർമ്മാണത്തിലാണ് സുദേവ്.

  സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് തുടങ്ങാറായി. പ്രേക്ഷകർ നിറഞ്ഞ തിയേറ്ററിനുള്ളിൽ ഒപ്പം താരവും കൂട്ടുകാരും. രാത്രി പ്രദർശനത്തിനെത്തിയ 72 മിനിറ്റ് ചിത്രം കണ്ടിറങ്ങിയവരുടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങാൻ ക്ഷമയോടെ, സ്ലീപ്‌ലെസ്സ്‌ലി, സുദേവ്.

  First published: