2011ൽ പൃഥ്വിരാജ് സുകുമാരൻ സുപ്രിയയുടെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ, ഒരു നടൻ മാത്രമായിരുന്നു അദ്ദേഹം. എട്ട് വർഷങ്ങൾക്കിപ്പുറം നടനിൽ നിന്നും ഒരുപാട് ദൂരം താണ്ടി മലയാള സിനിമക്ക് ഒരു മികച്ച മേൽവിലാസം തന്നെ നൽകാൻ പൃഥ്വിരാജിന് കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന റെക്കോർഡ് ലൂസിഫർ യാഥാർഥ്യമാക്കി എന്ന് മാത്രമല്ല, 50 കോടി ക്ലബ്ബിൽ ഇടം നേടിയ നിർമ്മാതാവും, സംവിധായകനും നടനും എന്ന ഖ്യാതി കൂടി പൃഥ്വിരാജ് സ്വന്തമാക്കി.
എന്നാൽ അതിനു പിന്നിൽ പൃഥ്വിയുടെ കുടുംബവും ഒട്ടേറെ ത്യാഗം സഹിച്ചിരുന്നു. ലൂസിഫറും നയനും കയ്യടക്കി വച്ചത് പൃഥ്വിയുടെ ഭാര്യ സുപ്രിയക്കും മകൾക്കും ഒരുപക്ഷെ കിട്ടുമായിരുന്ന വിലപ്പെട്ട സമയം കൂടിയാണ്.
അടുത്തിടെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഒടിയൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ചിത്രങ്ങളുടെ വിജയാഘോഷം നടന്ന വേളയിലാണ് സുപ്രിയ അതേപ്പറ്റി തുറന്നു പറഞ്ഞത്.
പല വൈകുന്നേരങ്ങളിലും പൃഥ്വിയുടെ 'രണ്ടാം ഭാര്യയെ' ചൊല്ലി താൻ വഴക്കിട്ടിരുന്നു എന്ന് സുപ്രിയ. അത് മറ്റാരുമല്ല ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. അത്രയേറെ സമയം പൃഥ്വി സിനിമ എന്ന സപര്യക്കായി ചെലവഴിച്ചിരുന്നു. പക്ഷെ, നടനിൽ നിന്നും പൃഥ്വി എന്ന ഭർത്താവ് സംവിധായകനായും നിർമ്മാതാവായും വളർന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ സദസ്സിനോട് പങ്കു വയ്ക്കുകയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.