നീണ്ട 14 വർഷങ്ങൾക്ക് ശേഷം മലയാളി സിനിമ പ്രേക്ഷകരുടെ നകുലനും ഗംഗയും വീണ്ടും ഒന്നിക്കുന്നു. പക്ഷെ ഇത് മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല. സുരേഷ് ഗോപിയും ശോഭനയും ഒപ്പം നസ്രിയയും അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ. അനൂപിന്റെ ആദ്യ ചിത്രത്തിലാണ് ഇരുവരെയും വീണ്ടും കാണാനാവുക. ഹിറ്റ് ചിത്രങ്ങളിലെ ജോഡികളായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ചുവെങ്കിലും മണിച്ചിത്രത്താഴിലെ നകുലനും ഗംഗയും എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥയാണിത്. പ്രാരംഭ ഘട്ടങ്ങളിലേക്കു കടന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചെന്നൈ കേന്ദ്രീകരിച്ചു വിഭാവനം ചെയ്യുന്ന കഥയാവുമിത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയാണ് ശോഭനയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ശേഷം നൃത്ത പരിപാടികളുടെ തിരക്കിലായി ശോഭന. വളരെ വ്യത്യസ്ത വേഷത്തിലാവും സുരേഷ് ഗോപിയെത്തുക. തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ ശേഷമാവും ഷൂട്ടിംഗ് കാര്യങ്ങളിലേക്ക് കടക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.