കോവിഡ് രണ്ടാം തരംഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഷൂട്ടിംഗ് നിർത്തിവച്ചു. 2021 മാർച്ച് മാസം തുടക്കത്തിൽ കാഞ്ഞിരപ്പള്ളിയിലാണ് ചിത്രീകരണം ആരംഭിച്ചത്.
പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യും ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക് പോസ്റ്റ് വഴിയാണ് അക്കാര്യം അറിയിച്ചത്.
മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. 'എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
സുരേഷ് ഗോപിയും മകന് ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.
Also read: Prithviraj | Kaduva| കോവിഡ് വ്യാപനം; ഷൂട്ടിംഗ് നിർത്തിവച്ച് പൃഥ്വിരാജ് ചിത്രം 'കടുവ'
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റർ ശ്യാം ശശിധരൻ,സംഗീതം ജേക്സ് ബിജോയ്,സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ,ആർട്ട് നിമേഷ് എം താനൂർ.
1986ൽ പുറത്തിറങ്ങിയ 'സായം സന്ധ്യ' എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രത്തിലെ രവി എന്ന കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് അങ്ങോട്ട് നായർ സാബ് (1989), ഭൂപതി (1997), ലേലം (1998), വാഴുന്നോർ (1998), പത്രം (1999), ട്വന്റി ട്വന്റി (2008), സലാം കശ്മീർ (2014) തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.
അടുത്തിടെ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സുരേഷ് ഗോപി പൂർത്തിയാക്കിയിരുന്നു. ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ 250-ാം ചിത്രമായ മാസ് പടം 'ഒറ്റക്കൊമ്പനും അണിയറയിൽ പുരോഗമിക്കുന്നു.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ഇതിലെ സുരേഷ് ഗോപിയുടെ സാൾട് ആൻഡ് പെപ്പർ ലുക്ക് സിനിമ ഇറങ്ങും മുൻപേ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രം പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനൊടുവിൽ മുന്നോട്ടു പോവുകയായിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ, പോലീസുമായി നടത്തിയ വർഷങ്ങളുടെ നിയമയുദ്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
Summary: Shooting of Suresh Gopi-Joshiy movie Paappan stalled until further notice owing to the rise in Covid casesഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.