കൊച്ചി: എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലെത്തി സുരേഷ് ഗോപി നടൻ മോഹൻലാലിനെ സന്ദർശിച്ചു. നിശബ്ദ പ്രചാരണത്തിന്റെ വേളയിൽ മണ്ഡലത്തിന് പുറത്തു വന്നാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. "സിനിമാ ജീവിതം തുടങ്ങുമ്പോൾ, ഒരു സൂപ്പർ താരമെന്നെ കൊണ്ട് നടന്നു. മമ്മുക്കയും അതുപോലെ കൊണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഞാൻ രാജാവിന്റെ മകനിൽ അഭിനയിക്കുമ്പോൾ, ലാലിൻറെ മുറിയിൽ ലാൽ എന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയിരുന്നത്. ആ മുഹൂർത്തം തുടങ്ങി ഇങ്ങോട്ടുള്ള ബന്ധമാണ്. എന്റെ വീട്ടിൽ അമ്മയും, സുചിയും (ലാലിൻറെ ഭാര്യ സുചിത്ര) വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞു പോകുമ്പോൾ ലാലിൻറെ വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്. അമ്മ എനിക്ക് ഇഷ്ടത്തിന് ഭക്ഷണം വിളമ്പി തന്നിട്ടുണ്ട്," സുരേഷ് ഗോപി പറയുന്നു.
അടുത്ത സുഹൃത്തിന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രവർത്തിക്കുന്നതായി മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ കാലം തുടങ്ങുന്ന കാലം മുതലുള്ള ആത്മബന്ധമാണ് ഇരുവരും തമ്മിൽ. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുമ്പോൾ അനുഗ്രഹം വാങ്ങേണ്ടിയിരിക്കുന്നു എന്ന ചിന്തയാണ് ഈ കൂടിക്കാഴ്ചക്ക് പിന്നിൽ. മോഹൻലാലിൻറെ രോഗാതുരയായ അമ്മയെ കാണാൻ കൂടിയാണ് സുരേഷ് ഗോപി എത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയാണ്, ഇതിൽ രാഷ്ട്രീയമില്ല എന്നും സുരേഷ് ഗോപി അറിയിച്ചു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.