പ്രമുഖ റിലീസ് ചിത്രങ്ങളുടെ പതിപ്പ് മോഷ്ടിച്ച് ഇന്റെനെറ്റിൽ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധമായ തമിഴ് റോക്കേഴ്സ് വീണ്ടും. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി പുറത്തിറങ്ങിയ സാഹോയാണ് റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ വന്നത്.
ഓഗസ്റ്റ് 30 നായിരുന്നു സാഹോ റിലീസ്. IMAX ക്യാമറ ഉപയോഗിച്ച് എടുത്തിരിക്കുന്ന സാഹോ ദൃശ്യ മികവിൽ പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുന്ന ചിത്രമാണ്. സർക്കാർ നിരോധിച്ച വെബ്‌സൈറ്റാണ് തമിഴ് റോക്കേഴ്സ്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗങ്ങൾ പ്രതിഷേധിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി ഇടപെട്ടിരുന്നു. എന്നിട്ടും തമിഴ് റോക്കേഴ്സ് സജീവമാണ്.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷൻ ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.