Thallumaala review | സാധാരണ നിലയിൽ പുതുതായി സൗഹൃദം സ്ഥാപിക്കുന്ന രീതികൾ എങ്ങനെയാണ്? കൈകൊടുത്ത്, മുഖത്ത് നോക്കി ചിരിച്ച്, കുശലാന്വേഷണം നടത്തി ഒക്കെയല്ലേ കീഴ്വഴക്കം? ആദ്യ കാഴ്ച്ചയിൽ തന്നെ തമ്മിലടിച്ച് സുഹൃദ്‌വലയം വലുതാക്കുന്നവരെ കണ്ടിട്ടുണ്ടോ? കാണാത്തവർ മീറ്റ് മിസ്റ്റർ വസിം (ടൊവിനോ തോമസ്). പള്ളിപ്പറമ്പിലും, പൊതുവഴിയിലും, പാർക്കിംഗ് ഏരിയയിലും ഒക്കെയായി തല്ലികൂട്ടിയ വകുപ്പിൽ കിട്ടിയവരാണ് ടിയാന്റെ ചങ്ക് ബഡീസ്. അങ്ങനെ സ്ഥിരമായി ഒപ്പം കൂടിയ, എന്തിനും പോന്നവരുമായാണ് കക്ഷിയുടെ നടപ്പ്. 'തല്ലുമാല' (Thallumaala) എന്ന സിനിമയുടെ പേരിന് യാതൊരു വിധ പേരുദോഷവും വരുത്താത്തവരാണ് വസീമും കൂട്ടുകാരും.
യൂത്തിന്റെ പടം കോളേജിന് പുറത്തിറങ്ങേണ്ട സമയം അതിക്രമിച്ചു എന്ന് മലയാള സിനിമ കുറച്ചു കാലമായി സൂചനകൾ തന്നുവരുന്നുണ്ട്. അതിനിടയിൽ നമ്മൾ അന്തർദേശീയമായി, അതിവായനയും, അതിഭാവുകത്വവും, അന്തർധാരയും ഒക്കെ ചേർന്ന സിനിമകളുടെ പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു വരികെയാണ് പൊന്നാനിയിൽ നിന്നും ടി വസീമിന്റെയും കൂട്ടാളികളുടെയും കാമുകി ബീപാത്തുവിന്റെയും (ഫാത്തിമ ബീവി) കടന്നുവരവ്.
യൂത്തിന്റെ ഇടയിൽ ട്രെൻഡ് ആയ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ മുൻനിർത്തിയുള്ള കാഴ്ചകളാണ് ചിത്രത്തിന്റെ ഉള്ളടക്കം. വളരെ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ കണ്ട ഹിപ്പി- ബ്രേക്ക് ഡാൻസ് അനുഭാവികൾ, ചെത്ത് പിള്ളേർ തുടങ്ങി ഫ്രീക്കന്മാർ വരെ പരിണമിച്ച യുവത്വത്തിന്റെ ഒരു വിഭാഗത്തെ, മേമ്പൊടിയായി വിതറാതെ, അവരെക്കുറിച്ചൊരു സിനിമ എന്ന സാധ്യതയാണ് 'തല്ലുമാല'.
തുടക്കത്തിൽ പറഞ്ഞത് പോലെ, ഒൻപത് എപ്പിസോഡുകളായി, പല ഡോസുകളിൽ തൊട്ടതിനും പിടിച്ചതിനും വിളിച്ചുവരുത്തിയതിനും എല്ലാം അടിച്ചു തീർക്കുന്ന യുവാക്കളാണ് പ്രധാന കഥാപാത്രങ്ങൾ. തല്ലിൽ പ്രധാനിയായ വസിം 'മണവാളൻ വസിം' എന്ന് വൈറലായി, തരംഗം തീർക്കും മുൻപേ വൺ മില്യൺ ഫോളോവേഴ്‌സുമായി ഹിറ്റായ സോഷ്യൽ മീഡിയ സെൻസേഷനാണ് ഗൾഫ് മലയാളിയായ കാമുകി ബീപാത്തു എന്ന ഫാത്തിമ ബീവി (കല്യാണി പ്രിയദർശൻ). ഇവരുടെ പ്രണയവും വിവാഹദിനവും വരെയുള്ള ബന്ധം പ്രധാന ഫോക്കസ് ആക്കി നിർത്തി അതിനു ചുറ്റും തല്ലിത്തീർപ്പ് നടപ്പിലാക്കുന്നതാണ് കഥ.
യുവത്വം അനുഭവിക്കുന്ന എല്ലാ പ്രിവിലേജുകളും ചേർത്തൊരു പ്രമേയമാണ് ഈ ചിത്രം. തല്ലു കഥ പറയുമ്പോ, അത് തല്ലിപ്പൊളിയാവാതെ നോക്കാൻ സംവിധായകൻ ഖാലിദ് റഹ്മാന്റെ നേതൃത്വത്തിലെ അണിയറക്കാർ ചെറുതല്ലാത്ത ശ്രദ്ധ നൽകിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി കഠിനപ്രയത്നം വേണ്ടിവന്നത് സംഗീത സംവിധായകൻ വിഷ്ണു വിജയ്ക്ക് ആവും. ഓപ്പണിങ് സീൻ മുതൽ ക്ലൈമാക്സ് വരെ അടിക്കടി അടി രംഗങ്ങൾ ഉണ്ടാവുമ്പോഴും, ആക്ഷൻ കൊറിയോഗ്രാഫിക്കൊപ്പം ഒഴുകുന്ന സംഗീതമാണ് സിനിമയിലേക്ക് പ്രേക്ഷകനെ പിടിച്ചടുപ്പിക്കുന്ന മടുപ്പുളവാക്കാത്ത ഘടകം. ആകെ കളറായ പിള്ളേരുടെ കഥയിൽ കോസ്റ്യൂം ഡിസൈനിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയത്തിന് ചേരുന്ന നിലയിലാണ് വസീമിന്റെ കൂട്ടുകാരെയും കാസ്റ്റ് ചെയ്തത്. വസിം വേണ്ടെന്നു വച്ചാലും 'വസിയേ' എന്ന വിളിയിൽ അടുത്ത അടിക്ക് സെറ്റിടാൻ ഇവർ ധാരാളം. വസീമിന്റെ കൂട്ടുകാരായി ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായ അദ്രി ജോ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരുണ്ട്. കൂടാതെ ലുക്മാൻ അവറാൻ, 'വിജയ് സൂപ്പറും പൗർണ്ണമിയും' സിനിമയിലെ അതിഥിവേഷം ചെയ്ത് ശ്രദ്ധ നേടിയ അസിസ്റ്റന്റ് ഡയറക്ടർ ഓസ്റ്റിൻ എന്നിവരും കൂടി ചേർന്നാൽ സുഹൃദ് സംഘം പൂർണ്ണം.
യൂത്തന്മാരുടെ പ്രതീകമായി ടൊവിനോ തോമസും, അടിയുണ്ടാക്കുന്നവന്മാരെക്കാൾ തല്ലു പ്രിയനായ എസ്.ഐ. റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു. നായിക എന്ന നിലയിൽ ഫാത്തിമ ബീവിക്ക് ഏറെ സ്ക്രീൻ സ്‌പെയ്‌സ് ഇല്ലെങ്കിലും, ടൊവിനോ- കല്യാണി കെമിസ്ട്രി വർക്ക് ആയിട്ടുണ്ട്. ജോണി ആന്റണി, നീന കുറുപ്പ്, ബിനു പപ്പു തുടങ്ങിയ പരിചിത മുഖങ്ങളും തങ്ങളെ ഏൽപ്പിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. ഒരു തട്ടുപൊളിപ്പൻ പടത്തിനുള്ളിൽ നോൺ-ലീനിയർ ശ്രമവും കാണാം.
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'മസാബ മസാബ'യിൽ 24കാരിയായ ഖയാനത്ത് എന്ന ഇന്റർനെറ്റ് സെൻസേഷൻ ഫാഷൻ ഡിസൈനറെ സീരീസ് പ്രേമികളായവർ കണ്ടുകാണും. അത്തരമൊരു സാധ്യത മലയാളത്തിൽ ബൃഹത്തായ രീതിയിൽ ശ്രമിക്കാൻ ഖാലിദ് റഹ്മാനും സംഘവും നടത്തിയ ചുവടുവയ്പ്പ് പുതുമയുള്ള ഒരു പ്രമേയം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. യൂത്തിനെ ലക്‌ഷ്യം വച്ചുള്ളതാണ് സിനിമ എന്ന് അടിവരയിട്ടു പറയാം.
അപ്പോൾ പിന്നെ ആരാധകരേ വരുവിൻ തല്ല് കാണുവിൻ, കയ്യടിക്കുവിൻ, ശാന്തരാകുവിൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kalyani priyadarshan, Thallumaala movie, Tovino Thomas