നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • REVIEW: നാട്ടുപച്ചയുടെ കുളിർമയുമായി അച്യുതൻ

  REVIEW: നാട്ടുപച്ചയുടെ കുളിർമയുമായി അച്യുതൻ

  • Share this:
   #മീര മനു

   മച്ച്‌, ടെറസ് എന്നൊക്കെ പറഞ്ഞ് ശ്വാസം മുട്ടിച്ച സാക്ഷാൽ തട്ടുമ്പുറം തട്ടുമ്പുറമായി തന്നെ അവതരിച്ച്‌, സ്റ്റൈൽ ഒട്ടും കുറയ്ക്കാതെ ഒരു സിനിമ കഥയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നൊരു കുഞ്ചാക്കോ ബോബൻ ചിത്രം. എങ്ങോ കുറേക്കാലം മറഞ്ഞു പോയ ശേഷം തിരിച്ചു വരുന്ന പ്രതീതിയാണ് ചാക്കോച്ചൻ അച്യുതനിലൂടെ പ്രേക്ഷകർക്ക് തിരിച്ചു നൽകുന്നത്. ഒരുപാട് നാളുകൾക്കു ശേഷം അനിയത്തിപ്രാവിലും, നിറത്തിലും മലയാളി പ്രേക്ഷകർ നൽകിയ കുന്നോളം സ്നേഹം ചാക്കോച്ചന് മേൽ ഒരിക്കൽ കൂടി ഇട്ടു മൂടാനുള്ള അവസരമാവുകയാണ് തട്ടുമ്പുറത്തു അച്യുതൻ. പേരുപോലെ തന്നെ തട്ടുമ്പുറവും, അച്യുതനും തമ്മിലുള്ള തീർത്തും യാദൃശ്ചികവും എന്നാൽ അടർത്തി മാറ്റാൻ കഴിയാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധവും നല്ലോർമ്മകളിൽ തങ്ങി നിൽക്കുന്ന വിധം ചാലിച്ചവതരിപ്പിക്കുകയാണീ ലാൽ ജോസ് ചിത്രം.

   സംവിധായകന്റെ തന്നെ ആലയിൽ നിന്നും പണി കഴിപ്പിച്ച മറ്റൊരു നന്മ ചിത്രമായ മീശ മാധവന്റെ കുളിർമ്മ തട്ടുമ്പുറത്തു അച്യുതനിലും നിറഞ്ഞു നിൽക്കുന്നു. നാട്ടിൻപുറമാണ് എന്ന് എടുത്തു പറയേണ്ടതില്ല, നാട്ടിലെ പ്രിയങ്കരനായ അച്യുതനും അവിടുത്തെ തന്നെ ഒരു ചെറിയ കുട്ടിയുടെ സ്വപ്നങ്ങളുമാണ് കഥക്ക് ആക്കം കൂട്ടുന്നത്. താൻ കാണുന്ന എല്ലാ സ്വപ്നങ്ങളും ഫലിക്കും എന്നുറപ്പാണവന്. അങ്ങനെയുള്ള അവൻറെ സ്വപ്നങ്ങളിൽ തെളിയുന്നത് നാട്ടിലെ അമ്പലത്തിലെ പ്രധാനിയായ അച്യുതന്റെ ജീവിതമാണ്. അച്യുതനിൽ മോഷണക്കുറ്റം വന്നു പെടുന്നത് മുതൽ ഈ സ്വപ്നം കാണലുകളും, തട്ടിൻപുറത്തെ കാഴ്ചകളും ഇനിയെന്തെന്ന ചിന്തയോടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

   നയൻതാരയുടെ ഇലക്ട്ര തെലുങ്ക് പതിപ്പ്

   അച്യുതന് കൂട്ടായി ചേലപ്രം കൃഷ്ണനുണ്ട്. പിന്നെ ഒരു സൈക്കിളും. കള്ളനല്ലെങ്കിലും ചെയ്യാത്ത കുറ്റത്തിന് സംശയ നിഴലിലായതോടെ അച്യുതൻ പോലീസിന്റെ പുള്ളിയാണ്. അച്യുതന്റെ സവാരിക്കൊപ്പം കഠിനാധ്വാനിയായ മറ്റൊരു വ്യക്തി ക്യാമറാമാനാണ്. തീർത്തും അപരിഷ്കൃതമായ, സ്വത്വം നിറഞ്ഞു തുളുമ്പുന്ന നാട്ടു വഴികളും, മനുഷ്യരും, നിമിഷങ്ങളും ജീവൻ തുടിക്കുന്ന ഫ്രയിമുകളിലാക്കാൻ ക്യാമറക്കണ്ണുകൾക്ക് വൈദഗ്ധ്യമുണ്ട്.

   സ്ക്രിപ്റ്റിലേക്കു കണ്ണോടിച്ചാൽ പ്രണയം ഇങ്ങനെയും പറയാം എന്ന് കാണാം. സിനിമയുടെ നല്ലൊരു ഭാഗവും ഒരു പെണ്ണിനെ പ്രണയിച്ച്‌, എന്നാൽ ക്ലൈമാക്സിൽ മാത്രം മുഖാമുഖം കാണുന്ന കാമുകി-കാമുകന്മാർ മലയാളത്തിൽ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് നമ്മൾ ആലോചിച്ചാൽ മനസ്സിലാവും. എന്നാൽ അയാൾ അവളെ വളരെ അടുത്ത് നിന്നും പല തവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെയെന്ന് തോന്നുന്നില്ലേ? എന്നാൽ ഈ കാണലുകളിലൊന്നും തന്നെ നായികയുടെ കണ്ണിൽ നായകൻ പെടുന്നില്ല താനും. അങ്ങനെയെങ്കിലോ? വളരെ മികച്ച വളവും തിരിവുകളും കൊണ്ട് നാട്ടുപച്ചയുടെ മനോഹാരിതയും അതിൽ ഇതൾ വിരിയുന്ന പ്രണയവും ഇതിലും മികച്ച രീതിയിൽ എങ്ങനെ അവതരിപ്പിക്കാമെന്നു ചോദിച്ചാൽ ഉത്തരമില്ല.   ചാക്കോച്ചനൊപ്പം ഹരീഷ് കണാരൻ മികച്ച സപ്പോർട്ടിങ് റോളിൽ തിളങ്ങുന്നുണ്ട്. തമാശക്ക് ഇത്രയേറെ പുതുമ നിലനിർത്താം എന്ന് തൻറെ ഓരോ ചിത്രത്തിലൂടെയും വിളിച്ചു പറയുന്ന ഹരീഷ് ഒരിക്കൽ കൂടി നിറസാന്നിധ്യമാവുകയാണിവിടെ. മലയാള സിനിമയിൽ ഏതാണ്ട് കാലഹരണപ്പെട്ടു പോയ തനി മലയാളി ഛായയിലെ അമ്മ, അച്ഛൻ, കാരണവ ബന്ധങ്ങൾ മിഴിവോടെ തന്നെ, ഒട്ടും പഴക്കമില്ലാതാക്കി അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ടാൽ ഉണ്ടത് പോലിരിക്കണെമെങ്കിൽ, കണ്ടാൽ കണ്ടത് പോലെയുമാവണം എന്നീ ചിത്രം കണ്ടിറങ്ങിയാൽ പറയാതിരിക്കാനാവില്ല. ഇനി ഒരിക്കൽ കൂടി കാണണം എന്ന് തോന്നിയാലും തെറ്റില്ല.

   First published:
   )}