ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലിച്ചിത്ര മേളയിൽ ‘ദി കശ്മീർ ഫയൽസ്’ എന്ന് സിനിമയുമായി ബന്ധപ്പെട്ട് ഇസ്രയേലി ചലച്ചിത്രകാരനും ഐഎഫ്എഫ്ഐ ജൂറി തലവനുമായിരുന്ന നാദവ് ലാപിഡ് നടത്തിയ പരാമർശത്തെ തുടർന്നുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. നാദവ് ലാപിഡ് നടത്തിയ പരാമർശങ്ങളും കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന തീവ്രവാദി ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് “കാരണം”, “പ്രത്യാഘാതം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ സംഘടിപ്പിച്ച ഐഎഫ്എഫ്ഐ വേദിയിൽ ഒരാൾ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ലഷ്കർ ഭീകരർ ഒരു കൂട്ടം കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക തയ്യാറാക്കി ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് സംവിധായകൻ തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കശ്മീരിലെ റെസിസ്റ്റന്റ് ഫ്രണ്ട് എന്ന പേരിലുള്ള ഭീകരർ പുറത്തുവിട്ട പണ്ഡിറ്റുകളുടെ ലിസ്റ്റ് സംവിധായകൻ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു. കശ്മീരി പണ്ഡിറ്റുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നിലുള്ള ചോര പുരണ്ട കൈകൾ ആരുടേതാണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നദാവ് ലാപിഡിന്റേയും മെഹബൂബ മുഫ്തിയുടേയും ചിത്രങ്ങൾക്കൊപ്പമാണ് ലിസ്റ്റ് വിവേക് അഗ്നിഹോത്രി പങ്കുവെച്ചിട്ടുള്ളത്. മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്ന സിനിമയാണിതെന്നും ജൂറി ചെയർമാന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നു എന്നുമുള്ള മെഹബൂബ മുഫ്തിയുടെ പരാമർശവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ലഷ്കർ ഇ തൊയ്ബയുടെ (എൽഇടി) മുന്നണിയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന വകവരുത്തേണ്ട 56 കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക പുറത്തുവിട്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
If any Hindu is targeted in Kashmir after this, you know who has the blood on his/her hand.
Pl save this tweet. https://t.co/pju0sohWap
— Vivek Ranjan Agnihotri (@vivekagnihotri) December 5, 2022
ലിസ്റ്റ് പുറത്തുവിട്ട് ഭീകരർ; അന്വേഷണത്തിന് ഉത്തരവിട്ടു
പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് (പിഎംആർപി) കീഴിൽ പ്രവർത്തിക്കുന്ന 56 കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പേരുകളാണ് ലഷ്കർ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ലിങ്ക് ചെയ്ത ബ്ലോഗിൽ വന്നിട്ടുള്ളത്. കശ്മീർ താഴ്വരയിൽ നിയമിതരായ പണ്ഡിറ്റ് ജീവനക്കാരുടെ പട്ടിക ചോർന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ബ്ലോഗിൽ ഈ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഈ ഫോട്ടോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ ബിജെപി വക്താവ് അൽതാഫ് താക്കൂർ ആശങ്ക രേഖപ്പെടുത്തി. ലിസ്റ്റ് ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ സുരക്ഷ ഭരണകൂടവും പോലീസും ചേർന്ന് ഉറപ്പാക്കണമെന്നും താക്കൂർ ആവശ്യപ്പെട്ടു.
മാപ്പ് ചോദിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ
കഴിഞ്ഞ വാരം ഇസ്രായേൽ ചലച്ചിത്രകാരൻ നദാവ് ലാപിഡ് ഗോവൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ നടത്തിയ പരാമർശങ്ങളെച്ചൊല്ലി രാജ്യത്ത് ഹിന്ദുത്വ വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കശ്മീർ ഫയൽസ് എന്നത് ഒരു പ്രൊപ്പഗാൻഡ സിനിമയാണെന്നും ഐഎഫ്എഫ്ഐ പോലൊരു വേദിയിൽ അതു പ്രദർശിപ്പിച്ചത് അശ്ലീലമായി പോയെന്നുമാണ് ജൂറി ചെയർമാൻ കൂടിയായിരുന്ന നദാവ് സമാപന ചടങ്ങിനിടെ വിമർശിച്ചത്. ഇതിന് പിന്നാലെ ലാപിഡിന്റെ പരാമർശത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.