• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES THEERAME SONG OF MALIK MALAYALAM MOVIE GOES VIRAL

കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം? ' മലയാളം കീഴടക്കിയ ഒരു പാട്ടിനേക്കുറിച്ച്

എങ്ങോ അന്ന്യം നിന്ന് പോയ വരികളിലെ മനോഹാരിത കഴിഞ്ഞ കുറച്ചു നാളുകളിലായി പുറത്തിറങ്ങിയ ഗാനങ്ങളിലൂടെ തിരികെ വരുന്ന കാഴ്ച കണ്ട് വരുന്നുണ്ട്.

 അന്‍വര്‍ അലി വരികളും സുഷിന്‍ ശ്യം ഈണവും നല്‍കിയ ഗാനം അത്രയും ഹൃദ്യമാണ്‌

അന്‍വര്‍ അലി വരികളും സുഷിന്‍ ശ്യം ഈണവും നല്‍കിയ ഗാനം അത്രയും ഹൃദ്യമാണ്‌

 • Share this:
  തീരമേ...തീരമേ നീറുമലകടലാഴമേ...
  ഹൃദയത്തെ തഴുകി കടന്നു പോകുന്ന ഒരു തെന്നലായി മാറിയിരിക്കുകയാണ് മാലിക്ക് എന്ന സിനിമയിലെ മനോഹര ഗാനം. വെറുതെയെങ്കിലും ഈ പാട്ട് മൂളാത്തവരായി മലയാളികള്‍ ആരും തന്നെയുണ്ടാവില്ല. അത്രയും ഹൃദ്യമായിക്കഴിഞ്ഞു അന്‍വര്‍ അലി വരികളും സുഷിന്‍ ശ്യം ഈണവും നല്‍കിയ ഗാനം. മലയാളത്തിന്റെ വാമ്പാടിയായ ചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ മിക്കവരും ആശംസകള്‍ അറിയിച്ചതും ഈ പാട്ട് പാടിയാണ്.
  നിരവധി പേരാണ് തീരമേ എന്ന ഗാനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

  നാരായണന്‍ നമ്പുവിന്റെ വരികളിലൂടെ

  മലയാള ഗാനശാഖ കവിതകള്‍കൊണ്ട് സമ്പന്നമായ ഒരു കാലമുണ്ടായിരുന്നു. പിന്നീട് സിനിമക്ക് ആവശ്യമായ ജനകീയത മുന്‍ നിര്‍ത്തി വരികളെ അതിന്റെ സത്ത കൈവിടാതെ അവതരിപ്പിച്ച ഗാനങ്ങള്‍ പിറന്നു. പിന്നീടെപ്പോഴോ ഈണങ്ങളുടെ പ്രാമുഖ്യം കൂടി വരികയും വരികളുടെ പ്രാധാന്യം കുറയുകയും ചെയ്തു. അങ്ങനെ എങ്ങോ അന്ന്യം നിന്ന് പോയ വരികളിലെ മനോഹാരിത കഴിഞ്ഞ കുറച്ചു നാളുകളിലായി പുറത്തിറങ്ങിയ ഗാനങ്ങളിലൂടെ തിരികെ വരുന്ന കാഴ്ച കണ്ട് വരുന്നുണ്ട്.

  മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മാലിക്ക് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു. സുഷിന്‍ ശ്യാം നല്‍കിയ ഈണങ്ങള്‍ക്ക് കവി കൂടിയായ അന്‍വര്‍ അലി ആണ് വരികള്‍ എഴുതിയത്. കെ. എസ്.ചിത്രയുടെ ശബ്ദത്തില്‍ വന്ന 'തീരമേ..' എന്ന ഗാനം ഇതിനോടകം വന്‍ ഹിറ്റ് ആയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും, ടീവിയിലും ഒക്കെയായി പുറത്ത് വരുന്ന ഷോര്ട്ട് വീഡിയോസ് എല്ലാം 'തീരമേ' എന്ന ഗാനത്തിന്റെ ഭാഗങ്ങള്‍ പാടി ഉള്ളതാണെന്നത്  പാട്ടിന്റെ ജനകീയതയെ സൂചിപ്പിക്കുന്നു.

  'തീരമേ' എന്ന ഗാനത്തില്‍ അന്‍വര്‍ അലിയുടെ വരികള്‍ വളരെ വ്യത്യസ്തമാണ്. മലയാളത്തില്‍ അങ്ങനെ അധികം ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകള്‍ ഭംഗിയായി ഗാനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മരതകഗൃഹം, അപരിചിതപുരം, കരുണകരം, പവിഴദ്വീപഹൃദം, പെരുങ്കടലനുരാഗം, ഹൃദയദ്വീപിലുദിച്ചു, സ്വപ്ന മധുരിതപുരം, ജ്വലല്‍സൂര്യന്‍, തുടങ്ങിയ വാക്കുകള്‍ മലയാളത്തില്‍ അധികം വന്നിട്ടില്ലാത്തവയാണ്. ഒരു പ്രണയ ഗാനം എന്നത് നമ്മള്‍ കുറച്ചുനാളായി കണ്ടുവന്നിരുന്ന ഒരു ഫോര്‍മാറ്റ് ഉണ്ട്. മഴ, പനിനീര്‍, കണ്ണ്, മിഴി, പ്രാണന്‍,തെന്നല്‍, ഇളം കാറ്റ്, പൂക്കള്‍, മധുരം, അനുരാഗം, പൊയ്ക, നിലാവ്, കനവ്, തോരാതെ, മായാതെ,ഉയിര്,... ഇവിടെയാണ് അന്‍വര്‍ അലി ഉപയോഗിച്ച വാക്കുകളുടെ പ്രസക്തി. സ്ഥിരമായി നിലനിന്നു പോയ പ്രണയ ഗാനങ്ങളുടെ ഒരു ലിറിക്കല്‍ ഫോര്‍മാറ്റിന്റെ പൊളിച്ചെഴുത്താണ് ചില വാക്കുകളിലൂടെ അന്‍വര്‍ അലി നല്‍കിയത്. അവിടെയാണ് അദ്ദേഹത്തിന്റെ പ്രസക്തിയും.

  'കഥയിലെ ഹൂറിയോ ഞാന്‍?
  കടല്‍നടുക്കോ നിന്റെ മരതകഗൃഹം?
  കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
  ഇവിടമോ ശരണാലയം? നീ തരും കരുണാകരം?
  നമ്മളെത്തിയ പവിഴദ്വീപഹൃദം?
  തേടിയ തീരം ദൂരം?..'

  തീരമേ എന്ന പാട്ടിന്റെ പല്ലവി ആണ് ഇത്. ഗാനം കഴിയാറാകുമ്പോള്‍ ഈ വരികള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ചില വാക്കുകള്‍ മാറിയതായി ശ്രദ്ധിച്ചാല്‍ കാണാം.
  'അപരിചിതപുരം' എന്നത് 'സ്വപ്നമധുരിതപുരം' ആയി. അതുപോലെ ശരണാലയം(പ്രണയാലയം), കരുണകരം (പ്രാര്‍ഥനയായിടം), കഥയിലെ ഹൂറിയോ ഞാന്‍? (കഥയിലെ ഹൂറിയെന്നെ). തന്റെ പ്രണയം സത്യമാകുമോ, വിജയമാകുമോ എന്ന് തനിക്ക് അപരിചിതമായ ഒരു സ്ഥലത്ത് എത്തുമ്പോള്‍ സംശയിക്കുന്ന നായിക ഗാനത്തിന്റെ അവസാനം ആകുമ്പോഴേക്കും സംശയമെല്ലാം മാറുകയും തന്റെ പ്രണയം സാക്ഷാത്കാരം ആയതിന്റെ സന്തോഷവും ആണ് ഈ വരികളില്‍ പറയുന്നത്.

  അന്‍വര്‍ അലി ഉപയോഗിച്ച വാക്കുകള്‍ ഒന്നും തന്നെ കടിച്ചാല്‍ പൊട്ടുന്ന വമ്പന്‍ വാക്കുകളൊന്നുമല്ല. വളരെ സാധാരണമായ ആയ ആര്‍ക്കും മനസിലാകുന്ന വാക്കുകള്‍ മാത്രമാണ്. കവികള്‍ ആകുമ്പോള്‍ അവരുടെ കഴിവുകള്‍ കാണിക്കാനായി ആരും ഉപയോഗിക്കാത്ത ആര്‍ക്കും മനസിലാകാത്ത കുറേ യമകണ്ഠന്‍ വാക്കുകള്‍ പാട്ടുകളില്‍ ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ വാക്കുകള്‍ കാവ്യാത്മകം ആയി ഉപയോഗിക്കുമ്പോള്‍ മാത്രമേ വരികള്‍ ജനകീയമാവുകയുള്ളു എന്ന പക്ഷക്കാരന്‍ ആണ് ഞാന്‍. ഒ എന്‍ വി മാഷൊക്കെ കുന്നിമണി ചെപ്പും, കുഞ്ഞിക്കിളിയെ കൂടെവിടെ, ഒക്കെ എഴുതിയത് അത്രെയും ലളിതവും, ഹൃദ്യവും, ജനകീയവും ആയിയാണ്.

  വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ബി. കെ ഹരിനാരായണന്‍, തുടങ്ങിയ പുതു ഗാനരചയിതാക്കളും അവരുടെ ഗാനങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. ഇപ്പോള്‍ ഇതാ അന്‍വര്‍ അലിയും. ഇടക്കാലത്തു ക്ഷീണം സംഭവിച്ച 'സിനിമഗാനങ്ങളിലെ വരികളുടെ ഭംഗി' ഇവരിലൂടെ മലയാള സിനിമയിലേക്ക് തിരികെ വരുന്നുണ്ട്.  തീരമേ പാട്ടിന്റെ മുഴുവന്‍ വരികള്‍ ചുവടെ ചേര്‍ക്കുന്നു
  ശന്തിരപ്പുതുനാരിയിന്മനം
  കൊള്ളെ ജോറില് വാ മാരനെ
  ശോഭിയില്‍ ശുടര്‍ വന്തെരിന്തും
  തെളിവൊടെ മാരാ
  രസമൊടെ വാ..

  തീരമേ.. തീരമേ.. നീറുമലകടലാഴമേ
  ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെന്‍ സൂര്യനേ..
  തീക്ഷ്ണമായ് പുല്‍ക കിരണകരങ്ങളാല്‍
  ഇവളെ നീ.. ആകാശമേ..
  കഥയിലെ ഹൂറിയോ ഞാന്‍?
  കടല്‍നടുക്കോ നിന്റെ മരതകഗൃഹം?
  കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
  ഇവിടമോ ശരണാലയം? നീ തരും കരുണാകരം?
  നമ്മളെത്തിയ പവിഴദ്വീപഹൃദം?
  തേടിയ തീരം ദൂരം?

  ശന്തിരപ്പുതുനാരിയിന്മനം
  കൊള്ളെ ജോറില് വാ മാരനെ
  ശോഭിയില്‍ ശുടര്‍ വന്തെരിന്തും
  തെളിവൊടെ മാരാ
  രസമൊടെ വാ..

  രാവിവള്‍ പകലിനെ സ്‌നേഹാന്ധമാം
  ജ്വലല്‍സൂര്യനാല്‍ മീളിടുമ്പൊഴെന്‍
  പ്രാണനില്‍ പകരുമിരമ്പക്കടല്‍
  ചിരം നീ, പെരുങ്കടലനുരാഗമേ..
  ഒരേ രാഗതാളങ്ങളാല്‍ നീര്‍ന്നിതാ
  മിനിക്കോയ് തീരങ്ങള്‍ താരാട്ടായ്
  പുലര്‍കാറ്റായി നീ
  അരികില്‍ ഞാനറിയാതാലോലമായ്

  കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിന്റെ മരതകഗൃഹം
  കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
  ഇവിടെ നിന്‍ പ്രണയാലയം എന്റെ പ്രാര്‍ത്ഥനയായിടം
  നമ്മളെത്തിയ പവിഴദ്വീപഹൃദം
  തേടിയ തീരം ദൂരം

  തീരമേ.. തീരമേ.. നീറുമലകടലാഴമേ
  ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെന്‍ സൂര്യനേ..
  തീക്ഷ്ണമായി പുല്‍ക കിരണകരങ്ങളാല്‍
  ഇവളെ നീ...
  Published by:Karthika M
  First published:
  )}