• HOME
  • »
  • NEWS
  • »
  • film
  • »
  • Theerppu review | വരികൾക്കിടയിൽ ഇന്നലെയുടെയും ഇന്നിന്റേയും രാഷ്ട്രീയത്തിനുമേൽ ഒരു 'തീർപ്പ്'

Theerppu review | വരികൾക്കിടയിൽ ഇന്നലെയുടെയും ഇന്നിന്റേയും രാഷ്ട്രീയത്തിനുമേൽ ഒരു 'തീർപ്പ്'

Theerppu review | 'തീർപ്പ്' റിവ്യൂ: ഫ്രയിമുകൾക്കിടയിലൂടെയും, വരികൾക്കിടയിലൂടെയും ഗാഢമായ വായന ആവശ്യപ്പെടുന്ന 'തീർപ്പ്'

തീർപ്പ്

തീർപ്പ്

  • Last Updated :
  • Share this:
Theerppu review | കസേരകളിൽ ഒന്ന് പോലും ഒഴിവില്ലാത്ത ബാറിലെ കോലാഹലങ്ങൾക്കിടയിൽ നായകൻ അബ്ദുള്ള മരയ്ക്കാർ (പൃഥ്വിരാജ്) ഒരു വെള്ള കടലാസ്സിൽ കവിത കുറിക്കുന്നു. ബാറിലെ ടി.വിയിൽ അർണബ് ഗോസ്വാമിയുടെ ചർച്ചയ്ക്ക് കയ്യടിക്കുന്ന മറ്റു കാണികൾ. നായകന് പോയിട്ട്, ബാറിലെ മറ്റുള്ളവർക്കോ വെയ്റ്റർക്കോ പോലും മാസ്കില്ലാത്ത കോവിഡ് കാലം. ടി.വി. ഒച്ചയിലെ അസ്വസ്ഥത മറയ്ക്കാതെ അയാളത് പറയുമ്പോൾ, ഹിന്ദിക്കാരുടെ വിവരക്കേടാണെന്നും കോവിഡ് കാലത്തേ കച്ചവടം ഓർത്ത് ഒന്നും പറയാനും പറ്റില്ലെന്ന് വെയ്റ്റർ. പ്രധാന നായകന്റെ നഷ്‌ടജീവിതത്തിലേക്കുള്ള ആദ്യ കാഴ്ചയാണിത്.

ശേഷം ബാല്യകാല സുഹൃത്തുക്കളായ പരമേശ്വരൻ പോറ്റിയും (സൈജു കുറുപ്പ്), അബ്ദുള്ളയും അവിചാരിതമായി കണ്ടുമുട്ടുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി വർഷങ്ങൾക്കു മുൻപുള്ള ഇരുവരുടെയും സുഹൃത്തായ രാംകുമാർ നായരെ (വിജയ് ബാബു) കാണാനുള്ള പോക്കിൽ, മെച്ചപ്പെട്ട നിലയിൽ കഴിയുന്ന പോറ്റിയും, അബ്ദുള്ളയും തമ്മിലെ ആ ആകസ്മിക കൂടിക്കാഴ്ച അത്ര വെടിപ്പല്ലാത്തതെന്തോ മൂവർക്കുമിടയിൽ സംഭവിച്ചത്തിന്റെ സൂചനകൾ നൽകുന്നു.

രാമനെന്ന രാംകുമാറും ഭാര്യ മൈഥിലിയും അവരുടെ സഹായി പവന പുത്ര ഭേടെയും പ്രധാനമായും വസിക്കുന്ന സാകേതം അഥവാ അക്കോടിയ- സാകേത് എന്ന മുന്തിയ ബീച്ച് റിസോർട്ടിലേക്ക് സിനിമയുടെ ഭൂരിഭാഗവും മാറിത്തുടങ്ങുന്നു. അബ്ദുള്ളയുടെ കണക്കുപുസ്തകം തുറക്കുന്നത് ഇവിടെയാണ്.

1993 ലെ ഒരു ഈദ് കാലത്തേക്കുള്ള ഫ്ലാഷ്ബാക്കിൽ ഇക്കാണുന്ന റിസോർട്ട് നിലകൊള്ളുന്ന സ്ഥലത്തിന്റെ ഉടമ അബ്ദുള്ളയുടെ പിതാവ് ബഷീർ മരയ്ക്കാർ ആണ്. അച്ഛനും അമ്മയും രണ്ടു സഹോദരിമാരും കൂടി ഉണ്ടായിരുന്ന കുടുംബത്തിൽ അവശേഷിക്കുന്ന അബ്ദുള്ള മാത്രമാണ് ഒരു വലിയ നഷ്‌ടത്തിന്റെ കണക്കു ചോദിച്ചു 'തീർപ്പ്' കൽപ്പിക്കാൻ ബാക്കി.

സിനിമ തുടങ്ങുന്നതിനും മുൻപ് മുൻ‌കൂർ ജാമ്യമായി കുറിക്കപ്പെടുന്ന 'സാങ്കല്പികത' പക്ഷെ സിനിമ പറയുന്ന കഥയും കാലഘട്ടവും വച്ച് നോക്കിയാൽ, ഒട്ടേറെ രാഷ്ട്രീയ സാമൂഹിക പ്രകമ്പനങ്ങളെ മറ്റൊരു തലത്തിൽ പറയുന്നു എന്ന് പരാമർശിക്കാതെ പോകാനാവില്ല. തിരക്കഥയിൽ ഇന്നലെയും ഇന്നും പല അളവിലും തൂക്കത്തിലും ഇടപെടുന്നുണ്ട്.

കുറച്ചു കാലങ്ങളായി മലയാള സിനിമ മറന്നു തുടങ്ങിയ കഥാപാത്രങ്ങളുടെ ജാതിപ്പേരിന്റെ മടങ്ങിവരവ് മുഴച്ചു നിൽക്കുന്നുണ്ട്. നായർ, പോറ്റി, മരയ്ക്കാർ, മേനോൻ എന്നൊന്നുമില്ലെങ്കിലും ഈ കഥാപാത്രങ്ങളുടെ ലക്‌ഷ്യം പ്രേക്ഷകരിലെത്താൻ മറ്റു പ്രശ്നങ്ങൾ ഉള്ളതായി കാണുന്നില്ല. വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയത്തെ സർക്കാസത്തിന്റെ അകമ്പടിയോടു കൂടി പറഞ്ഞ ചിത്രമായ 'പഞ്ചവടി പാലത്തിലെ' ദുശ്ശാസ്സന കുറുപ്പ്, ശിഖണ്ഡി പിള്ള തുടങ്ങിയ കഥാപാത്രങ്ങളുടെ മുഴുവൻപേരുകൾക്കു ഒരു ദൗത്യം ഉണ്ടായിരുന്നെങ്കിൽ, ഈ കാലഘട്ടത്തിലെ കഥാപാത്രങ്ങളിലൂടെ പറയുന്ന സിനിമയിൽ അത് ആവശ്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അധികാരമില്ലാത്തവൻ വഞ്ചനയ്ക്കു മേൽ വിജയം നേടുന്നതെങ്ങനെയെന്നു പറയാനുള്ള ശ്രമമാണ് സുപ്രധാന ലക്‌ഷ്യം എന്നിരിക്കെ, അതിലേക്കെത്താനുള്ള, ഒഴിവാക്കാവുന്ന ഒരു ഷോർട്ട് കട്ട് ആയി മാത്രമേ, ഇവിടെ കഥാപാത്രങ്ങളുടെ ജാതിപ്പേരിന് പ്രസക്തിയുള്ളൂ.

'കമ്മാരസംഭവം' എന്ന മെഗാ ക്യാൻവാസിൽ ഫ്രയിമുകൾ തീർത്ത രതീഷ് അമ്പാട്ടും മുരളി ഗോപിയും വീണ്ടുമൊരു വരവ് വരുമ്പോൾ, ചിത്രം പറയുന്ന വിഷയത്തിന് പുറമേ, സാങ്കേതികതയിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടാവും. റിസോർട്ട് ആണെങ്കിലും ആഡംബരം മുറ്റിനിൽക്കുന്ന അക്കോടിയ- സാകേതിലെ പ്രധാന മ്യൂസിയത്തിൽ അരങ്ങേറുന്ന ഭൂരിഭാഗം രംഗങ്ങൾ പക്ഷേ 'കമ്മാരസംഭവത്തോളം' വലുതല്ല. അതിനാൽ തന്നെ സിനിമ പ്രതീക്ഷിക്കുന്ന പ്രതികരണം തിയേറ്ററിൽ എന്നപോലെ ഒ.ടി.ടിയുടെ സാധ്യതയിലും ആസ്വാദനത്തിനു തടസ്സമാവില്ല എന്ന നിലയിലാണ് നിർമ്മാണം.

വ്യക്തമായ രാഷ്ട്രീയം പറഞ്ഞ 'ജനഗണമന'ക്കു ശേഷം പൃഥ്വിരാജ് എന്ന നായകൻ അന്ന് പറഞ്ഞതുമായി ഏറെ ചേർന്ന് നിൽക്കുന്ന മറ്റൊരു വിഷയം മുരളി ഗോപിയുടെ തിരക്കഥയിലൂടെ അവതരിപ്പിക്കുന്നു. പ്രതീകാത്മകതയിലൂടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള മുരളി ഗോപിയുടെ പാടവത്തെ വേണ്ടവിധം പര്യവേഷണം ചെയ്ത സിനിമയാണ് 'തീർപ്പ്'. മുഖ്യധാരാ സിനിമാ പരീക്ഷണം എന്ന് പേരിട്ടു വന്ന ചിത്രം മുഖ്യധാരാ ഫോർമാറ്റിൽ എത്തിക്കാൻ കൂട്ടുപിടിച്ച രംഗവിതാനങ്ങളിൽ എവിടെയോ ശ്രദ്ധ കുറഞ്ഞോ എന്ന് സംശയമുണ്ട്. തീർത്തും ലൗഡ് ആയ പശ്ചാത്തലം സ്വാഭാവികതയുടെ ഒഴുക്കിനു വിഘാതമാവുന്നു.

കഥയുടെ മുന്നോട്ടുപോക്കിനായി അക്കോടിയ-സാകേത് മ്യൂസിയത്തിലെ പല പ്രദർശന വസ്തുക്കളും കൂടെ കൂടുന്ന കാഴ്ചയുമുണ്ട്. ചേർത്തലയിലെ ആശാരി പണിത 'ടിപ്പു സുൽത്താന്റെ സിംഹാസനവും', 'അംശവടിയും' വാർത്തകളിൽ ആഘോഷിക്കപ്പെട്ടതിന്റെ മറ്റൊരു ഏടാണ് രാമന്റെ മ്യൂസിയവും. 'സദ്ദാം ഹുസൈന്റെ പ്രിയപ്പെട്ട വൈൻ' എടുത്തു കുടിക്കുന്ന അബ്ദുള്ള, ഇറക്കിയതിലും വേഗത്തിൽ കാർക്കിച്ചുതുപ്പുന്ന കട്ടൻചായയും, 1983 ക്രിക്കറ്റ് ലോകകപ്പിലെ 'കപിൽ ദേവിന്റെ ബാറ്റ്' കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങളും സിനിമക്ക് നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.

റിസോർട്ടിനായി സ്ഥലമെടുക്കുമ്പോൾ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ബഷീറിന്റെ വീടിനു മേലുള്ള മകുടം വീണുടയുന്നതും, ലക്ഷ്മൺ സേന എന്ന പേരിൽ പരാമർശിക്കപ്പെടുന്ന പാർട്ടിയുടെ സിംഹ തലയുള്ള മുദ്രയും കൊടിയുടെ രൂപവും വാളേന്തിയ അനുയായികളും, മുസ്സോളിനിയുടെയും ഹിറ്റ്ലറുടേയും വസ്ത്രം ധരിച്ചവർ ചെയ്യുന്ന പ്രവർത്തിയും സിംബലിസത്തിലൂടെ പലതും പറഞ്ഞു വയ്ക്കുന്നു.

അതേസമയം, വർഷങ്ങൾക്ക് ശേഷം ഇന്ദ്രജിത് - പൃഥ്വിരാജ് സഹോദരന്മാർ ഒന്നിച്ചൊരു സിനിമയിൽ വരുമ്പോഴുള്ള കോമ്പിനേഷൻ സീനുകൾ കാണാൻ കയറുന്നവർ നിരാശരായേക്കും. പക്ഷേ സിനിമയിൽ വളരെ നിർണ്ണായകമാണ് ഇന്ദ്രജിത്തിന്റെ കല്യാൺ മേനോൻ എന്ന ഡി.ഐ.ജി. കഥാപാത്രം. യുവനായകന്മാർ പ്രധാന ഭാഗങ്ങളിൽ നിറയുമ്പോൾ, സിദ്ധിഖ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ തുടങ്ങിയവരുടെ പ്രകടനം കാണാതെപോകാൻ പറ്റില്ല. പ്രധാനമായും മൂന്നു സ്ത്രീകൾ ഉണ്ടെങ്കിലും, കഥയുടെ നടത്തിപ്പിൽ നിർണ്ണായക സ്വാധീനം പുരുഷകഥാപാത്രങ്ങളിൽ ഒതുങ്ങുന്നു.

ചിത്രം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും, പല തവണയായി, ഗാഢമായ വായന ആവശ്യപ്പെടുന്നു; ഫ്രയിമുകൾക്കിടയിലൂടെയും, വരികൾക്കിടയിലൂടെയും.
Published by:Meera Manu
First published: