• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആനി മോനേ സ്നേഹിക്കുന്നതുപോലെ മാഗിയ്ക്ക് എന്നേ സ്‌നേഹിക്കാന്‍ പറ്റുമോ? ഈ ചോദ്യത്തിന് 30 വയസ്

മലയാളിക്ക് അന്ന് അത്ര പരിചിതമല്ലാത്ത അതിസങ്കീര്‍ണ്ണമായ വിഷയം പ്രമേയമാക്കിയ ഒരു ചിത്രത്തിന്റെ ക്ലൈമാക്സായിരുന്നു ഇത്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. 1989 ഒക്ടോബര്‍ 19നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.

Chandrakanth viswanath | news18-malayalam
Updated: October 19, 2019, 4:32 PM IST
ആനി മോനേ സ്നേഹിക്കുന്നതുപോലെ മാഗിയ്ക്ക് എന്നേ സ്‌നേഹിക്കാന്‍ പറ്റുമോ? ഈ ചോദ്യത്തിന് 30 വയസ്
dasharatham
 • Share this:
ആനി.. മോനേ സ്നേഹിക്കുന്നതുപോലെ... മാഗിയ്ക്ക് എന്നേ സ്നേഹിക്കാന്‍ പറ്റുമോ?മാഗിയുടെ ചുമലില്‍ കൈവെച്ച് രാജീവ് മേനോന്‍ ഇതു ചോദിക്കുമ്പോൾ അയാളുടെ കൈവിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങിനെ അന്ത്യകാലത്ത് മക്കള്‍ അടുത്തില്ലാതെ അനാഥനായ ദശരഥനേപ്പോലെ അയാളുടെയും പുത്രദുഃഖത്തിന്റെ കണ്ണീര്‍ കാണികളിലേക്കു പകര്‍ന്നു

മലയാളിക്ക് അന്ന് അത്ര പരിചിതമല്ലാത്ത അതിസങ്കീര്‍ണ്ണമായ വിഷയം പ്രമേയമാക്കിയ ഒരു ചിത്രത്തിന്റെ ക്ലൈമാക്സായിരുന്നു ഇത്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. 1989 ഒക്ടോബര്‍ 19നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്.

മകനെ ഉപേക്ഷിച്ച് ഒരമ്മ, മകനുവേണ്ടി യാചിച്ച് മറ്റൊരു അമ്മ

വിവാഹം കഴിക്കാന്‍ താല്പര്യമില്ലാത്ത രാജീവ് മേനോന്‍ എന്ന കോടീശ്വരനായി മോഹന്‍ലാല്‍. മറ്റൊരാള്‍ക്കു വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്കു നല്കുന്ന ആനിയായി രേഖ. രാജീവിന്റെ വീട്ടുജോലിക്കാരിയായ മാഗിയായി സുകുമാരി. ആനിയുടെ നിസഹായനായ ഭര്‍ത്താവ് ചന്ദ്രദാസായി മുരളി. വാടകഗര്‍ഭപാത്രത്തില്‍ കൃത്രിമ ബീജധാരണത്തിലൂടെ അനന്തരാവകാശിയെ നേടാന്‍ കാത്തിരിക്കുന്ന രാജീവ് മേനോന് അമ്മ വെറുമൊരു സാങ്കേതിക പദവി മാത്രമല്ല എന്ന തിരിച്ചറിവാണ് നല്‍കുന്നത്. മാതൃത്വത്തിന്റെ രണ്ടു മുഖങ്ങളാണ് ആ രംഗത്തില്‍ വെളിവായത്. കുട്ടിക്കാലത്ത് തന്നേ ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയ അമ്മ എന്ന സ്ത്രീയോടുള്ള അയാളുടെ വെറുപ്പ് മറ്റൊരാളില്‍ നിന്ന് പണം കൈപ്പറ്റി അമ്മയായിട്ടും ആ കുഞ്ഞിനേ സ്വന്തമാക്കാനായി അയാളോട് യാചിച്ച ആനിയെന്ന സ്ത്രീയുടെ മുന്നില്‍ ഉരുകിപോകുകയായിരുന്നു ഈ രംഗത്തില്‍. പുരസ്‌ക്കാരങ്ങള്‍ നേടിയ മറ്റു പലസിനിമകളിലേക്കാള്‍ മികച്ച പ്രകടനമായിരുന്നു മോഹന്‍ലാല്‍ ഈ രംഗത്തില്‍ കാഴ്ചവെച്ചത്. സ്നേഹം നല്‍കാതെ ഉപേക്ഷിച്ച അമ്മ നല്‍കിയ അനാഥത്വത്തില്‍ നിന്ന് രക്ഷപെടാന്‍ ഒരു അനന്തരാവകാശിക്കു വേണ്ടി കാത്തിരുന്ന തന്നെ മറ്റൊരു അമ്മ വീണ്ടും തോല്പിച്ച് അനാഥനാക്കിയ ആ മുഹൂര്‍ത്തത്തിലെ മാനസികാവസ്ഥ വിറയ്ക്കുന്ന തന്റെ കൈവിരലുകളിലേക്ക് കൊണ്ടുവരികയാണ് മോഹന്‍ലാല്‍ ചെയ്തത്. അതുകൊണ്ടു തന്നെയാണ് സാമ്പത്തികവിജയത്തേക്കാളേറെ ആ ചിത്രവും അതിലുപരി ആ രംഗവും പ്രേക്ഷകരുടെ മനസില്‍ ഇന്നും മായാതെ നില്ക്കുന്നത്.

അഭിനയം വിരല്‍ത്തുമ്പോളം

അന്ന് 28 കാരനായ മോഹന്‍ലാല്‍ ഇത്ര സങ്കീര്‍ണമായ ഒരു കഥാപാത്രത്തേ ഉള്‍ക്കൊണ്ടത് അദ്ഭുതകരമായ വിധത്തിലായിരുന്നു എന്ന് ചിത്രത്തിന്റെ ക്യാമറാമാനായ വേണു ഒരിക്കല്‍ പറയുകയുണ്ടായി.പൊതുവേ അസ്വസ്ഥത തോന്നുന്ന തരത്തിലായിരുന്നു മോഹന്‍ലാല്‍ ആ കഥാപാത്രമായി പെരുമാറിയിരുന്നത് .ഈ അഭിനയത്തില്‍ എന്തോ പന്തികേടുണ്ടോയെന്നു പോലും ചിത്രീകരണവേളയില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍ സിനിമ പൂര്‍ണതയില്‍ കാണുമ്പോഴാണ് ചെറുപ്പത്തിലെ അനാഥത്വം സൃഷ്ടിച്ച ആകുലതകളില്‍ ആടിയുലഞ്ഞ ഒരു മനസിന്റെ പ്രതിഫലനമായിരുന്നു അതെന്ന് മനസിലാകുകയെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ സംരഭം

പിന്നീട് യോദ്ധാ, സോപാനം, ഡോക്ടര്‍ പശുപതി തുടങ്ങിയ ചിത്രങ്ങളെടുത്ത സാഗാ ഫിലിംസെന്ന നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത്. വി.സി ജോര്ജ്ജ് എന്ന അപ്പച്ചന്‍, ശ്രീനിവാസ ഷേണായ്, എ പി ആന്റണി എന്നിവരായിരുന്നു ആ ബാനറിന്റെ പിന്നില്‍.

കേരളത്തിലെ 10 കൊലപാതകങ്ങൾ തിരശീലയിൽ കണ്ടതെങ്ങിനെ ?

വെറുക്കപ്പെട്ട അമ്മ

അമ്മയോടുള്ള വെറുപ്പില്‍ വിവാഹം വേണ്ടെന്നു വെച്ച മദ്യപാനിയായ രാജീവിന് മക്കള്‍ എന്ന സങ്കല്‍പം നല്‍കുന്നത് സുഹൃത്തായ സക്കറിയയും കുടുംബവുമാണ്. നെടുമുടി വേണുവും കെപി എ സി ലളിതയും ഈ വേഷങ്ങള്‍ ചെയ്തത്. വിവാഹം കഴിക്കാതെ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ അനന്തരാവകാശിയെ നേടാം എന്ന ആശയം നല്‍കുന്ന ഡോക്ടര്‍ ഹമീദായി സുകുമാരന്‍ എത്തി.

കൂട്ടുകെട്ടുകളുടെ തുടക്കം

അണിയറക്കാരുടെ ശിരസ്സില്‍ പ്രശസ്തിയുടെ പൊന്‍ തൂവല്‍ നല്‍കിയ കിരീടത്തിനു തൊട്ടു പിന്നാലെയാണ് ഈ ചിത്രം പുറത്തു വന്നത്. മോഹന്‍ ലാല്‍ സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ രണ്ടാമത്തെ ചിത്രം.അതു കൊണ്ട് തന്നെ രണ്ടു ചിത്രങ്ങളും തമ്മില്‍ താരതമ്യവും ശക്തമായിരുന്നു. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ഹിറ്റു ജോഡിയായ മോഹന്‍ ലാല്‍ രേഖ ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ഇത്. തമിഴിൽനിന്ന് റാംജി റാവ് സ്പീക്കിങ്ങിലൂടെ മലയാളത്തിലെത്തിയ രേഖയുടെ അടുത്ത ചിത്രമായിരുന്നു ദശരഥം. ആനിയെ അവതരിപ്പിച്ചതിന് അവര്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

മന്ദാരച്ചെപ്പുണ്ടോ ?

പൂവച്ചല്‍ ഖാദര്‍ എഴുതി ജോണ്‍സന്‍ സംഗീതം നല്‍കിയ രണ്ടു ഗാനങ്ങള്‍ ഇന്നും പുതുമ മാറാതെ നില്‍ക്കുന്നു. മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ എന്ന ഗാനം ചില ബാന്‍ഡുകള്‍ ഏറ്റെടുത്തതോടെ പുതിയ തലമുറയിലേക്ക് എത്തി. ചിഞ്ചിലം തേന്മൊഴി, ചിന്തുകള്‍ മണ്ണില്‍ നീളെ, എന്ന ഗാനവും ശ്രദ്ധേയമായിരുന്നു.

ചിത്രം ലോഹിതദാസിന് തിരക്കഥയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടിക്കൊടുത്തു. മറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു ഇത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍