പ്രളയം മൂടുന്നതിന് മുൻപ് കേരള ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം എന്തെന്ന് ചോദിച്ചാൽ ഉത്തരം നിപ്പ പനി എന്നല്ലാതെ മറ്റൊന്നല്ല. കോഴിക്കോട് ജില്ലയെ മാത്രമല്ല, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മഹാമാരി കവർന്നത് 17 ജീവനുകളാണ്. എന്നാൽ അക്കാലത്ത് അധികം ആരും അറിയാതെ ഒരു പ്രമുഖ താരം ഇവിടെ വന്നു പോയിരുന്നു. കേരളത്തിലും വൻ ആരാധകരുള്ള ദേശീയ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ അന്ന് കോഴിക്കോടുണ്ടായിരുന്നു. ശേഷം ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയ ശേഷം അത് ട്വീറ്റ് ചെയ്ത് ആശംസകൾ അർപ്പിച്ചാണ് പഠാൻ അന്നത്തെ തന്റെ അനുഭവം വിവരിക്കുന്നത്. 'ഭീതിജനകം' എന്നാണ് പഠാൻ ആ കാലഘട്ടത്തെ പറ്റി പറയുന്നത്.
കുഞ്ചാക്കോ ബോബൻ, രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. കൂടാതെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ജൂൺ 7ന് റിലീസ് ആവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.