അർധരാത്രി. വിജനമായ പാലം. സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രം. ആരുടെയോ വരവും കാത്ത്, ഭയചകിതമായ മുഖത്തോടെ, ആ ചെറുപ്പക്കാരൻ തെരുവിൽ കാത്തുനിൽക്കുകയാണ്. അധികം വൈകാതെ ഒരു കോണ്ടസാ കാർ സ്ലോ മോഷനിൽ അവന്റെ അടുത്തേക്ക്. ഒരാൾ പുറത്തിറങ്ങി കാറിൻറെ ബോണറ്റിനു മേൽ ഇരിപ്പുറപ്പിക്കുന്നു. സൗഹൃദ ഭാവങ്ങളൊന്നും തന്നെ അയാളുടെ മുഖത്തില്ല. കാറിൽ വന്നിറങ്ങുന്ന അധോലോക സംഘമെന്ന് തോന്നിക്കുന്നവർക്ക് ചെറുപ്പക്കാരൻ തൻ്റെ കയ്യിലെ പെട്ടി കൈമാറുന്നു. അതേറ്റു വാങ്ങി ഒരു കാർഡ് അവർ തിരികെ നൽകുന്നു. ഒപ്പം ഒരു തിയതിയും പറയുന്നു.
'എ ഡീൽ ടു റിമംബർ' ഇവിടെ തുടങ്ങുന്നു. ശേഷം 'കൊട്ടേഷന്റെ' മറ്റു പരിപാടികളും. ശ്വാസം അടക്കിപ്പിടിക്കയല്ലാതെ കാഴ്ചക്കാരന് മറ്റൊന്നും സാധ്യമല്ല. പലരും 'അപകടം' എന്ന് പറഞ്ഞത് തന്നെ സംഭവിക്കുകയാണിവിടെ. അതെ ഒരു യുവാവും, യുവതിയും ജീവിതത്തിന്റെ ആ സന്ധിയിൽ എത്തി നിൽക്കുന്നു, വിവാഹം! ഈ കാണുന്നത് ഷോർട് ഫിലിം ആണെന്ന് തോന്നുമെങ്കിലും ഇതൊരു വെഡിങ് ഡേറ്റ് ടീസറാണ്. ജനുവരി 20ന് ഗുരുവായൂരിൽ വിവാഹിതരാവുന്ന മഹേഷിന്റേയും, അമ്പിളിയുടെയും വിവാഹ ടീസറാണിത്.
എസ്.ആർ. സൂരജാണ് വീഡിയോയുടെ ആശയവും, സംവിധാനവും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് രാധാകൃഷ്ണൻ, ശരത് വാടി, എം.ആർ. രജിത്, അസ്സൻ നിധീഷ് എസ്.ഡി., രതീഷ് രോഹിണി എന്നിവരാണ് ക്യാമറക്കു മുൻപിൽ. ആശയം വികസിപ്പിച്ചത് സോനു സുരേന്ദ്രൻ, വിനോദ് ജി, എം.ആർ. രജിത്, അനൂപ് രവീന്ദ്രൻ, ശരത് വാടി എന്നിവർ ചേർന്നാണ്. രചനയും സോനു സുരേന്ദ്രൻ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റു കാര്യപരിപാടികൾ വിഡിയോയിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.