പുതിയ തുടക്കങ്ങൾക്കും, പുത്തൻ വാർത്തകൾക്കും നാന്ദി കുറിക്കുകയാണ് സിനിമാ ലോകം ഇന്ന്. അടുത്തതായി തിയേറ്ററിലെത്താൻ പോകുന്ന തൻ്റെ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളർന്നു വരുന്ന ചലച്ചിത്രകാരന്റെ വേഷമാണ് ടൊവിനോക്കുള്ളത്. ചിത്രീകരണം പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുകയാണ്.
ടൊവിനോയുടെ നായികയായി എത്തുന്നത് അനു സിത്താരയാവും. മാധ്യമ പ്രവർത്തകയും, നായകന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയുമാണ്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. മധു അമ്പാട്ട് ക്യാമറയും, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.
കഴിഞ്ഞ വർഷം ഓസ്കാർ പുരസ്‌കാര വാർത്ത നിറഞ്ഞു നിൽക്കുന്ന സമയത്ത് സംവിധായകൻ സലിം അഹമ്മദ് ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ആരഭിനയിക്കുമെന്നോ, ചിത്രത്തിന്റെ പ്രമേയം എന്തെന്നോ പുറത്തുവിടാത്ത ഒരു പോസ്റ്ററിലൂടെയായിരുന്നു പ്രഖ്യാപനം. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സലിം അഹമ്മദ്. കാനഡയായിരുന്നു ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ പ്രധാന ലൊക്കേഷൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.