ആസിഫ് അലി നായക വേഷം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ളയുടെ ട്രെയ്‌ലർ നടൻ നിവിൻ പോളി ഫേസ്ബുക് പേജ് വഴി പുറത്തിറക്കി. ആസിഫ് ആദ്യമായി ഒരു വക്കീൽ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. രസകരമായ ട്രെയ്‌ലറിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഈ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തുന്ന ഷിബ്‌ല കന്നി ചിത്രത്തിനായി വൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. ബോളിവുഡിലെ ഭൂമി പെഡ്നേക്കർ, തെന്നിന്ത്യൻ സിനിമയിലെ അനുഷ്‌ക ഷെട്ടി എന്നിവരെ പോലെ പ്ലസ് സൈസ് ഹീറോയിൻ എന്ന നായികാ സങ്കല്പം മലയാള സിനിമയിൽ കൊണ്ടുവരികയാണ് ഷിബ്‌ല. ഇതിലെ പ്രശ്‌നബാധിത ദമ്പതികളിൽ ഭാര്യാ വേഷം കൈകാര്യം ചെയ്യുന്നത് ഷിബ്‌ലയാണ്.
2018 സെപ്റ്റംബർ മാസം ആസിഫ് അലി തൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരുന്നു. ഏറെ നാളായി ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്ന തൻ്റെ ആഗ്രഹം ചിത്രത്തിലൂടെ സഫലമാകുന്നുവെന്നാണ് ആസിഫ് അലി പോസ്റ്ററിനൊപ്പം കുറിച്ചത്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജനാണ്. ജൂൺ മാസം തിയേറ്ററിലെത്തുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Asif Ali movie, Movie trailer, O.P.160/18 Kakshi Amminipilla, Shibla actress