സൈജു കുറുപ്പ് (Saiju Kurup) നായകനായ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' (Upacharapoorvam Gunda Jayan) എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി 25 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ രചിച്ചതും അദ്ദേഹമാണ്. രാജേഷ് വർമ്മയുടേതാണ് തിരക്കഥ. ഇപ്പോഴിതാ കുടുംബശ്രീ അംഗങ്ങളെ നേരിട്ട് കാണാനെത്തിയിരിക്കുകയാണ് ഗുണ്ട ജയനും കൂട്ടരും.
വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ ഈ ചിത്രത്തിൽ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ ചിത്രത്തെ വരവേൽക്കും എന്നാണു പ്രതീക്ഷ. അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയൻ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിക്കുകയാണ്.
ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറ സാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയൻ എന്നും അണിയറ പ്രവർത്തകർ പറയുന്നു.
വെഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, 'തട്ടീം മുട്ടീം' ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.
Summary: Team Upacharapoorvam Gunda Jayan organised a meet and greet programme with Kudumbashree members, who played an important role in the movie releasing on February 25. It marks the 100th movie of Saiju Kurup
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.