• HOME
  • »
  • NEWS
  • »
  • film
  • »
  • രാജേഷ് പിള്ളയുടെ സ്മരണയ്ക്ക് മുൻപിൽ ഉയരെ ഫസ്റ്റ് ലുക് പോസ്റ്റർ

രാജേഷ് പിള്ളയുടെ സ്മരണയ്ക്ക് മുൻപിൽ ഉയരെ ഫസ്റ്റ് ലുക് പോസ്റ്റർ

രാജേഷ് പിള്ളയുടെ മൂന്നാം ചരമ വാർഷികത്തിൽ, 'ഉയരെ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഉയരെ ഫസ്റ്റ് ലുക്ക്

ഉയരെ ഫസ്റ്റ് ലുക്ക്

  • Share this:
    മണ്മറഞ്ഞു പോയ സംവിധായകൻ രാജേഷ് പിള്ളയുടെ മൂന്നാം ചരമ വാർഷികത്തിൽ, 'ഉയരെ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാരിയരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. രാജേഷിന്റെ അവസാന സിനിമയായ വേട്ടയിൽ നായിക കഥാപാത്രത്തെ മഞ്ജു ആണ് അവതരിപ്പിച്ചത്. രാജേഷ് പിള്ളയോടും, ഉയരെയുടെ സംവിധായകൻ മനു അശോകനോടും, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടും ഉള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ഛ് എഴുതിയ ഒരു കുറിപ്പിനോടൊപ്പം ആണ്  മഞ്ജു പോസ്റ്റർ പങ്കു വെച്ചത്. ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് നായിക പാർവതി എത്തുന്നത്.



    മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:

    കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

    ‘ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.


    ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം!


    സഞ്ജയ് ബോബി കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പിറന്ന ഉയരെയിൽ  പ്രധാന വേഷങ്ങളിൽ പാർവതിയെ കൂടാതെ ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരാണ് എത്തുന്നത്. ഇവരെ കൂടാതെ പ്രതാപ് പോത്തൻ, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ, സംയുക്ത മേനോൻ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതിൽ അണി നിരക്കുന്നുണ്ട്.  എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കല്പക ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.   മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.

    First published: