പുതിയ ചിത്രത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും നായികാ നായകന്മാരാവുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി.
'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അച്ഛൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ടൊവിനോയും കീർത്തിയും ആദ്യമായാണ് ഒന്നിക്കുന്നതും.
നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വാശി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത് വിട്ടത് ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എന്‍.എം, കലാ സംവിധാനം- മഹേഷ് ശ്രീധർ, മേക്കപ്പ്- പി.വി. ശങ്കർ, കോസ്റ്റ്യൂം- ദിവ്യ ജോർജ്, സൗണ്ട് ഡിസൈനിങ്- എം.ആർ. രാജകൃഷ്ണൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്.വാഴുർ ജോസ് എന്നിവരാണ് മറ്റ് താരങ്ങളുടെ നിർണയം നടക്കുന്നു.
ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2017ല്‍ പുറത്തിറങ്ങിയ മാച്ച് ബോക്സ്സാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
മലയാളത്തിൽ കീർത്തി ഏറ്റവും അടുത്തായി വേഷമിട്ട ചിത്രം മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' ആണ്. അന്യ ഭാഷാ ചിത്രങ്ങളിൽ സജീവമായ കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുകയായിരുന്നു. മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രം നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. രജനികാന്ത് ചിത്രം 'അണ്ണാത്തെ'യിലെ നായികമാരിൽ ഒരാൾ കീർത്തി സുരേഷ് ആണ്. തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ സജീവമാണ് കീർത്തി.
'മഹാനടി' എന്ന സിനിമയിലെ പ്രകടനത്തിന് കീർത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ടൊവിനോ തോമസിന്റേതായി ഒട്ടനവധി ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ പുതിയ ചിത്രങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. തിയേറ്ററിൽ റിലീസ് ചെയ്ത 'ഫോറെൻസിക്കിന്' ശേഷം ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത മലയാള ചിത്രം എന്ന് ചരിത്രം കുറിച്ച 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയിലെ നായകനും ടൊവിനോയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Keerthy suresh, Tovino Thomas, Vaashi movie