News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 21, 2021, 12:27 PM IST
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ 'നീലവെളിച്ചം' പ്രഖ്യാപിച്ച് ആഷിക് അബു
വൈക്കം മുഹമ്മദ് ബീഷിറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കാൻ ആഷിക് അബു. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്.
'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തിൽ തന്നെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അക്ഷരസുൽത്താന് ആദരപൂർവം എന്ന അടിക്കുറിപ്പോടെയാണ് ആഷിക് അബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.
കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ വൈക്കം മുഹമ്മദ് ബഷീർ മലയാളികൾക്ക് സമ്മാനിച്ച വിഖ്യാതമാ ചെറുകഥയാണ് നീലവെളിച്ചം. ചെറുകഥയെ അടിസ്ഥാനമാക്കി 1964 ൽ എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ്. ബഷീർ തന്നെയായിരുന്നു തിരക്കഥയും ഒരുക്കിയത്. എ വിൻസെന്റിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
ഭാർഗവീനിലയം പുറത്തിറങ്ങി 57 വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിൽ വീണ്ടും നീലവെളിച്ചം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ നിര്‍മ്മല, പ്രേംനസീര്‍, മധു എന്നിവരായിരുന്നു ഭാർഗവീനിലയത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Published by:
Naseeba TC
First published:
January 21, 2021, 12:27 PM IST