• HOME
 • »
 • NEWS
 • »
 • film
 • »
 • Varaal review | രാഷ്ട്രീയ ചതുരംഗക്കളത്തിൽ 'വരാൽ' പോലെ പിടിതരാതെ ദാവീദും ഗോലിയാത്തും

Varaal review | രാഷ്ട്രീയ ചതുരംഗക്കളത്തിൽ 'വരാൽ' പോലെ പിടിതരാതെ ദാവീദും ഗോലിയാത്തും

Varaal review | 'വരാൽ' രാഷ്ട്രീയ കേരളത്തിന്റെ നേർചിത്രമോ? റിവ്യൂ

വരാൽ

വരാൽ

 • Share this:
  Varaal review | കേരളം ഉറ്റുനോക്കുന്ന 2024ലെ തെരഞ്ഞെടുപ്പ് കാലം. ഷഷ്ഠിപൂർത്തിയും സപ്തതിയും കഴിഞ്ഞാലും പാർട്ടിയും പോളിറ്റ് ബ്യൂറോയും നിയമസഭയും ചേർന്ന് എല്ലാമെല്ലാമായ രാഷ്ട്രീയ ഭീഷ്മാചാര്യൻ അച്യുതൻ നായർ (പ്രകാശ് രാജ്) നയിക്കുന്ന കക്ഷിക്ക്‌ ലക്ഷ്യം ഭരണത്തുടർച്ചയുടെ മൂന്നാമൂഴം. പതിവിൽ നിന്നും വ്യതിചലിച്ച്, യുവരക്തത്തെ കളത്തിലിറക്കി, കൈവിട്ട അധികാരം തിരികെപ്പിടിക്കാൻ എതിർചേരിയിൽ നിന്നും വ്യക്തിജീവിതം കൊണ്ട് കെട്ടിപ്പടുത്ത ആൾബലത്തിന്റെ ഊക്കുള്ള, ഹീറോ എന്നോ വില്ലനെന്നോ വിളിക്കാൻ സാധിക്കാതെ വഴുതുന്ന 'വരാൽ' അഥവാ ഡേവിഡ് ജോൺ മേടയിൽ (അനൂപ് മേനോൻ). രാഷ്ട്രീയക്കാരന്റെ വേഷം വെള്ളയും ഖദറും എന്ന പതിവ് ഫോർമുലക്ക് പുറത്ത് കറുത്ത കുപ്പായം അണിഞ്ഞ 'കറുത്ത കുതിര'യാണയാൾ.

  കൊല്ലം 2024 ആയാലും, ജാതി വോട്ട് കൊണ്ട് വിലപേശിയും, കുതുകാൽ വെട്ടിയും, വെളിച്ചം മങ്ങിയാൽ പരസ്ത്രീബന്ധം പുലർത്തിയും ജനത്തിന്റെ മുന്നിൽ നേതാക്കൾ ചമയുന്നവരുടെ ഇടയിൽ വരാൽ പോലെ തെന്നുന്ന യുവ തുർക്കി, ഡേവിഡ്. പേരിലെ സമാനത മാറ്റി നിർത്തിയാൽ, ദാവീദിനെപ്പോലൊരു നിഷ്കളങ്കനെ ഡേവിഡിൽ പ്രതീക്ഷിക്കാതിരിക്കാം. പക്ഷെ ലക്ഷ്യം മറുപക്ഷത്തെ ഗോലിയാത്തിനെ വീഴ്ത്തുക മാത്രം.

  കഴിവും സ്വാധീനവും മാത്രമല്ല, രാഷ്ട്രീയ ചതുരംഗക്കളിയിൽ മുന്നോട്ടുപോകണമെങ്കിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും മാറിമാറിപ്പയറ്റുന്ന ഇരുചേരികളിൽ നിന്നും അച്യുതൻ നായരെ പോലൊരു അതികായൻ പത്തു വർഷങ്ങളായി പടുത്തുയർത്തിയ കോട്ട തകർക്കാൻ ഡേവിഡ് ഇറങ്ങിത്തിരിക്കുമ്പോൾ, ഒരു ദാവീദ്- ഗോലിയാത്ത് കളി കാണാൻ സാധിക്കുമോ? ഇതിനിടയിൽ കരുക്കൾ നീക്കുന്ന അധികാര ദുർമോഹികൾ പയറ്റുന്ന അടവുകളിൽ ആർക്കെല്ലാം അടിപതറും?

  കുറച്ചുവർഷങ്ങൾക്കിടെ ഉഗ്രശേഷിയിൽ വന്നുപോയ ഏറ്റവും വലിയ രാഷ്ട്രീയ ചിത്രമായ ലൂസിഫറിലെ പല ഘടകങ്ങളും ഓർമ്മപ്പെടുത്തുന്നു 'വരാലിന്റെ' മേക്കിങ്. കഥാനായകൻ ഉൾപ്പെടെ ആരും അത്ര നിഷ്കളങ്കരല്ല എന്ന് തുടക്കത്തിലേ പ്രസ്താവിച്ച ചിത്രത്തിന്റെ ഫ്രയിമുകൾ ഇവരുടെ സ്വഭാവത്തെ സസൂക്ഷ്മം പ്രേക്ഷകരിൽ എത്തിക്കാനുള്ള ഉത്പ്രേരകമായി പ്രവർത്തിച്ചു കാണാം. കൂടുതലും ക്ളോസ് ആംഗിൾ ഷോട്ടുകൾ അടുക്കിപ്പെറുക്കി മനോഹരമാക്കിയിരിക്കുന്നു. എഡിറ്റിംഗ് ടേബിളിലെ മികവും പ്രകടം. കഥയുടെ ഗൗരവത്തെ പിന്താങ്ങാൻ പശ്ചാത്തല സംഗീതവും ഇഴചേരുന്നു.  മുന്നേപോയ ചിത്രങ്ങളിൽ നിന്നും വിഭിന്നമാണ്‌ കണ്ണൻ താമരക്കുളം ഏറ്റവും പുതിയതായി സംവിധാനം നിർവഹിച്ച്, അനൂപ് മേനോൻ തിരക്കഥ രചിച്ച 'വരാൽ' എന്നതിന് സൂചനകൾ ആദ്യ ഫ്രയിം മുതലേ കണ്ടുതുടങ്ങും. അതിശക്തമായ രാഷ്ട്രീയ നിരീക്ഷണമാണ് 'വരാൽ'. സങ്കൽപ്പ സൃഷ്‌ടിയിൽ നിന്നും ഉരുത്തിരിഞ്ഞ, ജീവിതത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ഫിക്ഷനൽ ഹീറോയെ ഈ ചിത്രത്തിൽ കാണേണ്ടിവരില്ല. പകരം എപ്പോഴെല്ലാമോ കണ്ടു പഴകിയ പല മുഖങ്ങളുടെയും സാഹചര്യങ്ങളുടെയും രാഷ്ട്രീയ നാടകങ്ങളുടെയും ബിഗ് സ്ക്രീൻ പുനരവതരണം പ്രേക്ഷകരുടെ മുന്നിലേക്ക് ഉരുത്തിരിയുന്നു.

  വെയിലത്ത് പിടിച്ചു നോക്കിയാലും കാണാൻ കഴിയാത്ത നിലയിൽ ഹൈക്കമാൻഡ് കൊടുത്തുവിടുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരെഴുതിയ സീൽ ചെയ്ത കവർ, മനസ്സിൽ അധികാരക്കൊതിയുമായി നീക്കങ്ങൾ നടത്തുന്ന മതപിൻബലമുള്ള പാർട്ടി നേതാവ്, ഏതു കൊലകൊമ്പനെയും കൊമ്പുകുത്തി വീഴ്‌ത്തുന്ന മദാലസ സുന്ദരി, രാഷ്ട്രീയ കോട്ടയ്ക്കു പുറത്ത് ശക്തി ചെലുത്താൻ സ്വാധീനമുള്ള വ്യക്തികൾ ഒക്കെയും പൊതുജനം ഉൾപ്പെടുന്ന പ്രേക്ഷക വൃന്ദത്തിന്‌ കേട്ടുകേൾവിയില്ലാത്ത കാര്യമല്ല എന്നോർത്ത് കുറിച്ച വാക്കുകളും വരികളും ഈ സിനിമയിൽ കാണാം, കേൾക്കാം. രൺജി പണിക്കർ വേഷമിടുക കൂടി ചെയ്ത ചിത്രത്തിൽ അദ്ദേഹത്തിന്റെ പല സിനിമകളിലും ഉച്ചത്തിൽ കേട്ട തരത്തിലെ തീപാറുന്ന ഡയലോഗുകളുമുണ്ട്.

  പുരുഷാധിപത്യം നിറഞ്ഞാടുന്ന പാർട്ടി ഏതായാലും രാഷ്ട്രീയ കേരളത്തിന് ഉറക്കെവിളിച്ചു പറയാൻ ഒരു 'ലേഡി സൂപ്പർസ്റ്റാർ' പോലുമില്ല എന്ന ദയനീയത സിനിമയിലും ഉണ്ട്. പാർട്ടി ചർച്ചയിൽ അഭിപ്രായം ആരാഞ്ഞതും, 'ഇപ്പോൾ തന്നെ പോസ്റ്ററിൽ സ്വന്തം തലയില്ല' എന്ന് പറയുന്ന വനിതാ നേതാവിനെ കാണേണ്ടി വരും. രണ്ടുമണിക്കൂറിൽ രാഷ്ട്രീയക്കളികൾ അരങ്ങുതകർക്കുമ്പോൾ, മെയിൽ ഷോവനിസ്റ്റുകളായ കഥാപാത്രങ്ങളുടെ ഘോഷയാത്രയാണ് ഇവിടെ. തരിമ്പെങ്കിലും സ്ത്രീപക്ഷനായ ആളെന്ന് വിളിക്കാനുള്ളത്, സ്വന്തം ഭാര്യയെ അവരുടെ ദുരിതകാലത്തും ചേർത്തു പിടിക്കുന്ന ഡേവിഡ് മാത്രമാണ്. എന്നാൽ ഇത് ഇയാളെ മൊത്തത്തിൽ അളന്നുതൂക്കുമ്പോൾ പറയാനുംവേണ്ടിയില്ലതാനും.

  ഏതു സിനിമ നോക്കിയാലും, 'ആശാനാക്ഷരം ഒന്ന് പിഴച്ചാൽ 51 പിഴക്കും ശിഷ്യന്' എന്നതാവും തിരക്കഥയുടെ അളവുകോൽ. മറ്റു ഘടകങ്ങൾ അതിന്റെ വഴിക്കുവരണമെങ്കിൽ സ്ക്രിപ്റ്റിന് ശക്തികൂടിയേ തീരൂ. അനൂപ് മേനോൻ എന്ന നായകനെക്കാൾ ഒരുപടി മുകളിലാണ് വരാലിന്റെ കാര്യത്തിൽ അദ്ദേഹത്തിലെ രചയിതാവ്. തന്റെ കാഴ്ചപ്പാടുകൾ സിനിമയായി രൂപം പ്രാപിക്കുമ്പോൾ, കാഴ്ചക്കാരന് എന്തുവേണം എന്ന ധാരണ കിറുകൃത്യമായി അനൂപ് മേനോൻ മനസ്സിലാക്കിയിരിക്കുന്നു.

  മൾട്ടി സ്റ്റാർ ചിത്രത്തിൽ, ഓരോരുത്തർക്കും കൃത്യമായ നിർവഹണ ചുമതലയുണ്ട്. സുരേഷ് കൃഷ്ണ, രൺജി പണിക്കർ, സണ്ണി വെയ്ൻ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. വലിയ ബജറ്റിന്റെയും പ്രചാരണങ്ങളുടെയും കലാശക്കൊട്ടുകളുടെയും അകമ്പടിയില്ലാതെ എത്തിയ ചിത്രം രാഷ്ട്രീയ കാഴ്ചപ്പാടുകളും ചിന്തകളും പുലർത്തുന്ന പ്രേക്ഷർക്ക് തൃപ്തിയോടെ കണ്ടുമടങ്ങാം.
  Published by:Meera Manu
  First published: