വിദ്യ ബാലൻ തമിഴിലേക്ക്. തല അജിത്തിന്റെ ജോഡിയായാണ് വരവ്. അമിതാഭ് ബച്ചൻ, തപ്സി പന്നു തുടങ്ങിയവർ വേഷമിട്ട പിങ്കിന്റെ റീമേക്കിലാണ് വിദ്യ നായികയാവുന്നത്. ഈ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുവയ്ക്കുന്ന ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ പുറത്തിറക്കിയ പ്രസ്താവനയിൽ വിദ്യ-അജിത് ചിത്രം എച്. വിനോദ് സംവിധാനം ചെയ്യും എന്ന് പറയുന്നു. ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
"വിദ്യയെ തമിഴ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. അജിത്തിന്റെ ജോഡിയായി വളരെ പ്രത്യേകതയുള്ള റോളിലാണ് വിദ്യ അഭിനയിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രംഗരാജ് പാണ്ഡേയും ഒരു മുഖ്യ വേഷത്തിലുണ്ട്," പ്രസ്താവനയിൽ പറയുന്നു. അധിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയാങ്, അശ്വിൻ റാവു, സുജിത് ശങ്കർ എന്നിവരാണ് മറ്റഭിനേതാക്കൾ. തല അജിത്, ബോണി ചിത്രത്തിൽ വേഷമിടണമെന്നത് ബോണിയുടെ ഭാര്യയായ അന്തരിച്ച നടി ശ്രീദേവിയുടെ ആഗ്രഹമായിരുന്നു. ഇംഗ്ലീഷ് വിൻഗ്ളീഷിന്റെ തമിഴ് പതിപ്പിൽ അജിത് ഒരു പ്രത്യേക വേഷം ചെയ്തിരുന്നു.
Also read: ഇതാ മമ്മുക്കക്കൊപ്പം സാക്ഷാൽ സണ്ണി!
"ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി അജിത് ഒരു ചിത്രം ചെയ്യണം എന്നത് ഇംഗ്ലീഷ് വിൻഗ്ളീഷ് ചെയ്യുന്ന സമയത്ത് ശ്രീദേവി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം വരെയും അതിനു ചേർന്ന തരത്തിലെ ഒന്നും ഉരുത്തിരിഞ്ഞു വന്നില്ല. പിങ്ക് തമിഴിൽ റീമേക് ചെയ്യണമെന്ന നിർദ്ദേശം വച്ചത് അജിത്താണ്. അവർ അത് സമ്മതിക്കുകയും, അതൊരു മികച്ച തമിഴ് ചിത്രമാകാൻ അജിത് എല്ലാ വിധത്തിലും സംഭാവന ചെയ്യുമെന്നും പറഞ്ഞു," കപൂർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്യുന്നത് നീരവ് ഷാ. അജിത്-ബോണി കൂട്ടുകെട്ടിൽ ഇനിയുമൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. പിങ്ക് റീമേക് മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. അടുത്ത ചിത്രം ജൂലൈ 2019ന് ആരംഭിച്ച് 2020 ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. തെലുങ്കിൽ എൻ.ടി.ആർ. കഥാനായകുടു എന്ന ചിത്രത്തോടെ വിദ്യ അരങ്ങേറ്റം കുറിച്ചിരുന്നു. എൻ.ടി.ആറിന്റെ ഭാര്യ ബസവതാരകത്തിൻറെ വേഷമായിരുന്നു വിദ്യക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.