ഏറെ പ്രതീക്ഷയോടെയാണ് വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ലൈഗർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിനം തന്നെ ആരാധകരെ പോലും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായില്ല. നൂറ് കോടിക്കു മുകളിൽ ബജറ്റിൽ നിർമിച്ച ചിത്രം എട്ട് നിലയിൽ പരാജയപ്പെട്ടു.
ലൈഗറിന്റെ പരാജയം തന്നെ മാനസികമായി തകർത്തിരുന്നുവെന്ന് വിജയ് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പുതിയ ഒരു ചിത്രം പോലും താരം പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ലൈഗറിന്റെ പരാജയം വിജയിയുടെ താരമൂല്യത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം തിന്നനുരിക്കൊപ്പമാണ് വിജയിയുടെ പുതിയ സിനിമ. #VD12 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് താരത്തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ ടോളിവുഡിലെ ചർച്ച.
പിരീഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും വിജയ് എത്തുക. ഈ ചിത്രത്തിനു വേണ്ടി ലൈഗറിന് ലഭിച്ചതിനേക്കാൾ ഉയർന്ന പ്രതിഫലമാണ് താരം വാങ്ങുന്നത്.
45 കോടിയാണത്രേ താരത്തിന്റെ പ്രതിഫലം. ലൈഗർ തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും ദേവരകൊണ്ടയുടെ സിനിമകൾക്ക് നോൺ തിയേറ്ററിക്കൽ വരുമാനവും താരമൂല്യവും ഉയർന്നതാണ്. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. ഇതൊക്കെയാണ് പ്രതിഫലത്തുക കുത്തനെ ഉയരാൻ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.