• HOME
 • »
 • NEWS
 • »
 • film
 • »
 • REVIEW: സൂപ്പർ വിജയ്‌യും പൗർണ്ണമിയും

REVIEW: സൂപ്പർ വിജയ്‌യും പൗർണ്ണമിയും

 • Last Updated :
 • Share this:
  #മീര മനു

  'ആ പെണ്ണുകാണലായിരുന്നു അബദ്ധങ്ങളുടെ തുടക്കം' എന്ന് നെടുവീർപ്പിടുന്ന ഭാര്യാഭർത്താക്കന്മാരെ നിത്യ ജീവിതത്തിൽ പലപ്പോഴും കാണാറുണ്ട്. തമാശ രൂപേണയോ അല്ലെങ്കിൽ ജീവിത ഗന്ധിയായോ തന്നെയാവും പലരും ഇങ്ങനെ പറയുക. അത് കൊണ്ട് തന്നെ ഈ പെണ്ണുകാണൽ മലയാള സിനിമയിൽ വർഷങ്ങളായി പല രൂപത്തിലും ഭാവത്തിലും സംവിധായകരും അഭിനേതാക്കളും അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

  പെൺവീട്ടിൽ വന്ന് 'വെടിയുണ്ട വന്നാൽ വിരിമാറ് കാട്ടി നിൽക്കണം' എന്ന് പറയുന്ന വിപ്ലവകാരിയായ ചെക്കൻ, 'പച്ച തക്കാളിയും' പഴുത്ത തക്കാളിയും' വരുന്നതും കാത്ത് ഉമ്മറത്തിരിക്കുന്ന 'പുര നിറഞ്ഞ' രണ്ടു സഹോദരന്മാർ, ചെക്കനെ ഇഷ്ടപ്പെട്ടാൽ പെണ്ണിൻറെ ആങ്ങളമാർ മുണ്ടുയർത്തിക്കാട്ടുന്ന വിചിത്രമായ 'ആചാര'മുള്ള കുടുംബം, 'എന്നെ കെ.ഡി. കമ്പനി' നോട്ടമിട്ടു വച്ചിരിക്കയാണെന്നു പറഞ്ഞു വന്നവനെ പമ്പ കടത്തുന്ന കുരുത്തംകെട്ട പെണ്ണും ഒക്കെയായി സിനിമാ ഓർമ്മകളിൽ അങ്ങനെ അനർഗ്ഗള നിർഗ്ഗളം ഒഴുകി വരുന്ന എത്രയോ രംഗങ്ങൾ.  ഇതൊക്കെ തന്നെയും തമാശയ്‌ക്കൊരു അമിട്ട് പൊട്ടിക്കുന്ന രീതിയിലാകും പല സിനിമകളിലും അവതരിപ്പിച്ചിരിക്കുന്നതെന്നും കാണാം. എന്നാൽ അക്ഷരാർത്ഥത്തിൽ 'അബദ്ധം' ആയി ഭവിക്കുന്നൊരു പെണ്ണ്കാണൽ കൊണ്ട് വളരെ മനോഹരമായി ഒരു ചലച്ചിത്രം നെയ്തെടുക്കാം എന്ന സംവിധായകൻ ജിസ് ജോയിയുടെ പരീക്ഷണമാണ് ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും.

  1. അലസനായ നായകനെ നന്നാക്കിയെടുക്കുന്ന നായിക എന്ന ടെംപ്ളേറ്റിൻറെ ചട്ടക്കൂടിനെ അങ്ങനേ നിലനിർത്തി ഉള്ളടക്കം വളരെ മനോഹരമായി പൊളിച്ചു പണിത് യുവ തലമുറയുടെ കഥ ഫലവത്തായി അവതരിപ്പിച്ചിരിക്കുകയാണിവിടെ. രചയിതാവും, സംവിധായകനുമായ ജിസ് ജോയ് മുൻ ചിത്രങ്ങളായ സൺ‌ഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ് എന്നിവയിലൂടെ തെളിയിച്ച സാധ്യതകൾ അൽപ്പം പോലും മങ്ങലേൽക്കാതെ ഇവിടെയും നിലനിർത്തുന്നു.

  2. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാവുന്നില്ലെന്നും, അഥവാ ശക്തയായ സ്ത്രീകഥാപാത്രം ഉണ്ടെങ്കിൽ പുരുഷ കഥാപാത്രത്തിൻറെ നിഴലിൽ തളച്ചിടപ്പെടുകയും ചെയ്യുന്നെന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് നായിക ഐശ്വര്യ ലക്ഷ്മി. മുൻപിറങ്ങിയ രണ്ടു ചിത്രങ്ങളിലേതുമെന്ന പോലെ സ്‌ക്രീനിൽ വരുന്ന നിമിഷങ്ങളെല്ലാം മികച്ചതാക്കാനുള്ള ഐശ്വര്യയുടെ കഴിവിൻറെ പുത്തൻ ഉദാഹരണമായി മാറുന്നു വിജയ് സൂപ്പറും പൗർണ്ണമിയും.  3. നമുക്കിടയിലെ ഒരാൾ എന്ന് തോന്നിപ്പിക്കും തരം കഥാപാത്രങ്ങൾ വഴങ്ങുന്ന ആസിഫ് അലി അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം മിഴിവേകിയ കഥാപാത്രമായി മാറുന്നു വിജയ്. ഒരു പക്ഷെ സാൾട് ആൻഡ് പെപ്പറിലെ മനുവിനെപ്പോലെ ആസിഫിനെ അടുത്ത വീട്ടിലെ പയ്യൻ ഇമേജിൽ പ്രേക്ഷകർ ഓർത്തുവയ്ക്കാൻ സാധ്യതയുള്ള കഥാപാത്രമാണിത്.

  4. യുവ തലമുറയ്ക്ക് വേണ്ടിയുള്ള കഥയായിട്ടും അച്ഛൻ കഥാപാത്രങ്ങളായി രഞ്ജി പണിക്കരും സിദ്ധിഖും ആദ്യാന്തം നിറഞ്ഞു നിൽക്കുന്നുവെന്ന സവിശേഷത മാറ്റി വച്ച് ഈ ചിത്രത്തിനൊരു വിലയിരുത്തൽ സാധ്യമല്ല. ഓം ശാന്തി ഓശാനയിലെ അച്ഛൻ കഥാപാത്രവുമായി സമാനതകളുണ്ട് ഏക മകളുടെ അച്ഛൻ വേഷം ചെയ്യുന്ന രഞ്ജി പണിക്കർക്ക്. എങ്കിലും അതിവിടെയൊരു വിലങ്ങുതടിയാവുന്നില്ല. അടുത്തിടെയായി അച്ഛൻ വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സിദ്ധിഖ് ഒരിക്കൽ കൂടി ആ കർത്തവ്യം മനോഹരമായി നിർവ്വഹിച്ചിരിക്കുന്നു. സഹ താരങ്ങളായ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി ജോസ് തുടങ്ങിയവരും നൽകുന്ന സപ്പോർട്ടും സ്ക്രിപ്റ്റിന്റെ ഊർജ്ജസ്വലതയെ നിലനിർത്തുന്നു.

  5. പരത്തിപ്പറച്ചിലിൻറെ വിരസത ഒഴിവാക്കിയിരുന്നെങ്കിൽ ആദ്യ ഭാഗത്തിൻറെ ഭംഗി കുറച്ചു കൂടി കൂട്ടാമായിരുന്നു.

  First published: