HOME /NEWS /Film / സത്യം മാത്രമേ വിജയിക്കൂ; വിലക്ക് നീക്കിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി വിനയൻ

സത്യം മാത്രമേ വിജയിക്കൂ; വിലക്ക് നീക്കിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി വിനയൻ

വിനയൻ

വിനയൻ

"വിലക്ക് നീക്കിയതിനെതിരെ താര സംഘടനയായ അമ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകാത്തതിൽ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനോട് നന്ദിയും സ്നേഹവും ഉണ്ടാകും": വിനയൻ

  • Share this:

    സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക നൽകിയ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി വിനയൻ.

    "എല്ലാ കാലത്തും സത്യം മാത്രമേ വിജയിക്കൂ. നെഗറ്റിവിറ്റി മൈൻഡ് കളഞ്ഞ് ബി. ഉണ്ണികൃഷ്ണൻ പോസിറ്റീവ് ആകണം. വിലക്ക് നീക്കിയതിനെതിരെ താര സംഘടനയായ അമ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകാത്തതിൽ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനോട് നന്ദിയും സ്നേഹവും ഉണ്ടാകും. ഒപ്പം മോഹൻലാലിൻറെ ബുദ്ധിയെ അഭിനന്ദിക്കുന്നു," വിനയൻ പറഞ്ഞു.

    അപ്പീൽ പോയാലും കേസ് നിലനിൽക്കില്ല. ഒരാളുടെ പുറകെ നടന്ന് അയാളെ തകർക്കുയല്ല സംഘടനകൾ ചെയ്യേണ്ടത്. സംഘടനകൾ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്നും വിനയൻ പറഞ്ഞു. അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട  വിനയന്റെ പരാതിയെ തുടർന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ്  സംഘടനകൾക്ക് പിഴ ചുമത്തിയത്. ഇതിനെതിരെയാണ് ഫെഫ്ക സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

    വിനയന്റെ വിലക്ക് നീക്കിക്കൊണ്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 2017ൽ പുറപ്പെടുവിച്ച ഉത്തരവിൽ താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും  ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ വിധിച്ചിരുന്നു.

    തനിക്കു വിലക്കേർപ്പെടുത്തിയതിനെതിരെ വിനയൻ തുറന്ന് പ്രതികരിച്ചിട്ടുണ്ട്. 2020ൽ പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്നം അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വിനയൻ. അന്ന് പറഞ്ഞ വാക്കുകൾ ചുവടെ:

    "നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വർഷമാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാർഡുകൾക്ക് പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണമെന്നാണ് അവർ ചിന്തിക്കുക," വിനയൻ പറഞ്ഞു.

    "അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ. പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ."

    മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ പറഞ്ഞിരുന്നു.

    First published:

    Tags: Director Vinayan, Vinayan, Vinayan director