• HOME
  • »
  • NEWS
  • »
  • film
  • »
  • കൗതുകം നിറഞ്ഞ ഒരു മേള

കൗതുകം നിറഞ്ഞ ഒരു മേള

  • Last Updated :
  • Share this:
    വിനോദ് സുകുമാരന്‍ (സംവിധായകന്‍/ ഫിലിം എഡിറ്റര്‍)

    ചലച്ചിത്രമേളകളിലെത്തുന്ന സിനിമകളെ 'ട്രൂ സിനിമ' എന്ന നിലയിലാണ് ഞാന്‍ കാണുന്നത്. യഥാര്‍ത്ഥ ജീവിതത്തോട് ടുത്തുനില്‍ക്കുന്നവയാണ് അവയിലേറെയും. മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളുമാണ് പൊതുവെ സിനിമകളുടെ പ്രമേയങ്ങളെങ്കിലും ലോക സിനിമകളില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രീകരിക്കപ്പെടുന്നത്. ലോകവ്യാപകമായി മനുഷ്യനെ ഒരുമിപ്പിക്കുന്നതും അവന്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ തന്നെയാണ്. ഒരു വിദേശ സിനിമ മറ്റൊരു രാജ്യത്തുള്ളയാള്‍ക്ക് ഫീല്‍ ചെയ്യുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നതുമൊക്കെ ഇക്കാരണത്താലാണ്.

    ഭാഷാപരമായോ രാജ്യാന്തരമായോ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെക്കുറെ സമാനവുമാണ്. ആധുനികലോകത്ത് ജീവിതം കൂടുതല്‍ സങ്കീര്‍ണമാണ്. സാങ്കേതികമായി വളരുന്തോറും മാനുഷികത കുറഞ്ഞുവരുന്ന പ്രതിഭാസം ലോകവ്യാപകമായി ഉണ്ടെന്നു തന്നെയാണ് പല സിനിമകളും നല്‍കുന്ന സന്ദേശം. ഇത്തരം പ്രമേയങ്ങളെ കലാപരമായും സാങ്കേതികമായും സന്നിവേശിപ്പിച്ച സിനിമകളാണ് മേളകളിലെത്തുന്നത്. ഇത്തരം ചലച്ചിത്രമേളകളിലൂടെ മാത്രമേ പുതിയ കാഴ്ചപ്പാടിലേക്ക് പുത്തന്‍ ജനത നയിക്കപ്പെടൂ.

    മറ്റു പല ചലച്ചിത്രമേളകളെക്കാള്‍ കേരളത്തിലെ മേള ഏറെ കൗതുകം നിറഞ്ഞതാണ്. ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്നു എന്നതാണ് ഇതിന്റെ വലിയൊരുപ്രത്യേകത. അതുകൊണ്ടു തന്നെ വിദേശീയരും ഈ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്.

    മറ്റൊരു രാജ്യത്തും ലഭിക്കാത്തത്രയും വലിയ വരവേല്‍പാണ് മലയാളികള്‍ പല വിദേശ ചിത്രങ്ങള്‍ക്കും നല്‍കുന്നത്. മലയാളികള്‍ കാട്ടുന്ന ഈ വ്യഗ്രത വിദേശ ഫിലിം മേക്കേഴ്സും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മേളകളിലെത്തുന്ന സിനിമകളിലേറെയും' ഇഷ്യൂ ബേസ്ഡ്' ആണ്. എന്നാല്‍ സാങ്കേതികമായി മികവ് പുലര്‍ത്തുന്ന സിനിമകളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. സിനിമയെ ഒരു സാങ്കേതിക കലയായി തന്നെ കാണണം. എന്തു കഥയും പറയുക എന്നുള്ളതല്ല എങ്ങനെ പറയാം, സിനിമയെ ഒരു മീഡിയം എന്ന നിലയില്‍ എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കും എന്നൊക്കെ പലപ്പോഴും ചര്‍ച്ച ചെയ്യുന്നില്ല. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ മാത്രമാണ് പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്. കല ഒരു തരത്തില്‍ വിസ്മരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഥ പറയാന്‍ കലയെ എന്തുമാത്രം പ്രയോജനപ്പെടുത്തുന്നുണ്ടെന്നുകൂടി ചര്‍ച്ച ചെയ്യണം.

    First published: