HOME /NEWS /Film / Wamiqa Gabbi interview: ഗോദയിൽ നിന്നും നയനിലേക്ക്

Wamiqa Gabbi interview: ഗോദയിൽ നിന്നും നയനിലേക്ക്

വമിഖ ഗബ്ബി  Photo: Anoop Surendran

വമിഖ ഗബ്ബി Photo: Anoop Surendran

നയനിലെ ഈവയായി മലയാളത്തിലേക്കൊരു തിരിച്ചു വരവ്

  • News18 India
  • 3-MIN READ
  • Last Updated :
  • Share this:

    #മീര മനു

    ഗോദയും, മാലൈ നേരത്തു മയക്കവും കണ്ട സംവിധായകൻ ജെനുസ് മുഹമ്മദ് തൻ്റെ അടുത്ത ചിത്രത്തിന്റെ നായികയെ തേടി നേരെ പോയത് ചണ്ഡീഗഡിലെ സിറഗ്പൂരിൽ. നയൻ എന്ന ചിത്രത്തിന്റെ കഥ വമിഖ ഗബ്ബി ആദ്യമായി കേൾക്കുന്നത് അവിടെ വച്ചാണ്. "എന്തിനെന്നെ തേടി ഇവർ ഇവിടെ വന്നു, ഇതെനിക്ക് ചെയ്യാൻ കഴിയും എന്നിവർ ചിന്തിക്കുന്നതെന്തിനാണ്?". ഈ സംശയങ്ങളായിരുന്നു വമിഖയയുടെ മനസ്സ് നിറയെ. പക്ഷെ ആദ്യ കേൾവിയിൽ തന്നെ അതിന്റെ ഭാഗമാവണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, നയനിലെ ഈവയായി മലയാളത്തിലേക്കൊരു തിരിച്ചു വരവ്. അതിഥി സിംഗ് എന്ന ഗോദയിലെ പഞ്ചാബി പെൺകൊടിയെ അളവറ്റ സ്നേഹത്തോടെയാണ് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയത്. രണ്ടു വർഷങ്ങൾക്ക് ശേഷം വമിഖ വീണ്ടും മലയാള സിനിമയിൽ എത്തുകയാണ്, ഹൊററും, ഫാൻറ്റസ്സിയും, സസ്‌പെൻസും എല്ലാം നിറഞ്ഞ നയനിലൂടെ. ന്യൂസ് 18 കേരളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വമിഖ.

    എന്നാൽ കഴിഞ്ഞ ചിത്രങ്ങളിലെ തന്നെ മാറ്റി നിർത്തി, ഒരു വിദ്യാർത്ഥിയായി പരിഹഗണിക്കണം എന്നതായിരുന്നു വമിഖ സംവിധായകൻ ജെനുസിനോട് മുന്നോട്ടു വച്ച ആവശ്യം.

    "ഞാൻ എൻ്റെ 100 ശതമാനവും നൽകാം. പക്ഷെ ഞാൻ ചെയ്യുന്നത് ശരിയായില്ലെങ്കിൽ എന്നോട് പറയണം. അന്ന് മുതൽ ജെനുസ് എന്നോടങ്ങനെയാണ്. സീനിലും, ക്യാമറക്കു മുന്നിലെ വികാര പ്രകടനങ്ങളിലും ഞങ്ങൾ പരസ്പരം കംഫർട്ടബിൾ ആയിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി മാറി. അതുപോലെ തന്നെ, പലപ്പോഴായി ഞാൻ കേരളത്തിൽ ഒത്തിരി നല്ല സുഹൃത്തുക്കളെ കണ്ടു." വമിഖ പറയുന്നു.

    ' isDesktop="true" id="82757" youtubeid="jmebRKH3NQc" category="film">

    ഷൂട്ടിംഗ് പുരോഗമിക്കവേ, വമിഖ ആദ്യമായി പൃഥ്വിരാജിനെ നേരിൽ കാണുന്നു. അയ്യയിൽ തന്നെ അത്ഭുതപ്പെടുത്തിയ താരമാണ് കണ്മുൻപിൽ. "ഞാൻ അധികം തെന്നിന്ത്യൻ ചിത്രങ്ങൾ കാണാത്ത സമയത്താണ് അയ്യ കാണുന്നത്. ആ സിനിമ കണ്ട ശേഷം ഞാനും എൻ്റെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ഫാൻസ്‌ ആണെന്ന കാര്യം പറഞ്ഞു."

    ഓരോ ക്ഷണവും ആസ്വദിച്ചാണ് വമിഖ നയനിലെ ഈവയായി മാറിയത്. "ഷൂട്ടിംഗ് നടന്ന മണാലി വളരെ മനോഹരമാണ്. ഞങ്ങൾ ഷൂട്ട് ചെയ്ത ലൊക്കേഷനുകളും എല്ലാം. ഓരോ ദിവസവും, തൊട്ടടുത്ത ദിവസം എന്ത് ചെയ്യണമെന്ന ചിന്തയായിരുന്നു. പൃഥ്വിരാജ് സാറിനെ പോലുള്ള അനുഭവസമ്പത്തുള്ളവരുടെ ഒപ്പം വർക്ക് ചെയ്യുന്നത് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സഹായിച്ചു. ജെനുസിന്റെ പേര് ഞാൻ വാട്സ്ആപ്പിൽ സേവ് ചെയ്തിരിക്കുന്നത് 'ജെനുസ് ദി ജീനിയസ്' എന്നാണ്. എന്താണ് വേണ്ടതെന്നതിനെക്കുറിച്ച്‌ അദ്ദേഹത്തിന് മനസ്സിൽ വ്യക്തമായ പ്ലാൻ ഉണ്ട്. ഡയറക്റ്ററുടെ വ്യക്തമായ ചിന്താഗതി അഭിനേതാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്നു. ഞാൻ ആസ്വദിച്ചു ചെയ്ത ചിത്രമാണ്. ഞാൻ താമസിക്കുന്ന ചണ്ഡീഗഡിന്റെ അടുത്താണ് മണാലി. എന്നിരുന്നാലും ഞാൻ അവിടെ അധികം സമയം ചിലവഴിച്ചിരുന്നില്ല. ഷൂട്ടിങ്ങിന്റെ ഒന്നൊന്നര മാസം മനോഹരമായിരുന്നു."

    പഞ്ചാബിൽ നിന്നും കേരളത്തിലെത്തി ഇവിടുത്തെ ഗാട്ടാ ഗുസ്തിക്കാരുടെ ഗോദയിൽ അടിതടവ് പയറ്റിയ അദിതി സിംഗിനെ പോലെയാണോ ഈവ? അതോ വ്യത്യസ്തയോ? "ഗോദയിൽ നിന്നും വളരെ വ്യത്യസ്തയാണ് ഈവ. ആ കഥാപാത്രം ചെയ്തപ്പോഴും, ഇപ്പോഴും ഞാൻ വളരെയേറെ സന്തോഷം അനുഭവിക്കുന്നുണ്ട്. ഷൂട്ടിംഗ് നടക്കുന്ന സമയം ഞാൻ ഒരുപാട് പഠിച്ചു. ഞാൻ ആഗ്രഹിച്ച പോലെ അതിഥി സിംഗ് എന്ന ഇമേജ് മാറ്റാൻ അതെന്നെ ഒരുപക്ഷെ സഹായിക്കുമെങ്കിൽ, കുറേക്കൂടിയും മികച്ച ഇമേജ് നൽകാൻ ഉപകരിക്കുമെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോകുന്നു. പ്രേക്ഷകർ ഈവയെ ഇഷ്ടപെടുമെന്ന് വിശ്വസിക്കുന്നു."

    ' isDesktop="true" id="82757" youtubeid="39cFfvYqsQw" category="film">

    എന്തായിരുന്നു മലയാളത്തിലേക്ക് മടങ്ങി വരാൻ ഇത്രയും കാലതാമസം? അതിനുത്തരം മടങ്ങി വരവിനും തക്കതായ ഓഫറുകൾ ഗോദക്കു ശേഷം ലഭിച്ചില്ലെന്നാണ് വമിഖയുടെ ഭാഷ്യം. "ഗോദ കഴിഞ്ഞു ഞാൻ തമിഴ്, പഞ്ചാബി ചിത്രങ്ങളുടെ തിരക്കിൽപ്പെട്ടു. പിന്നെ ഇവിടുന്നു വന്ന ചില ഓഫറുകൾ എന്നെ ആകർഷിച്ചതുമില്ല. നല്ല സിനിമയുടെ വക്താക്കളാണ് മലയാളത്തിൽ. ഒരു മലയാള സിനിമ ചെയ്യണം എന്ന കാരണം കൊണ്ട് മാത്രം ഞാൻ ഇവിടെ സിനിമകൾ ചെയ്യില്ല. ഞാൻ ഇവിടെ കൂടുതൽ സിനിമകൾ ചെയ്യുമ്പോൾ നല്ല കഥാപാത്രങ്ങളും മറ്റും തിരഞ്ഞെടുക്കാനായി കാത്തിരിക്കേണ്ടതായുണ്ട്."

    ഗോദയെന്ന ആദ്യ മലയാള ചലച്ചിത്രത്തിലൂടെ വമിഖയെ പല രീതിയിലാണ് പ്രേക്ഷകർ മനസ്സിലാക്കിയത്. "ആദ്യ ചിത്രത്തിൽ ഒരു പഞ്ചാബി പെൺകുട്ടിയായിരുന്നല്ലോ. ചിലർ കരുതി ഞാൻ ഒരു ഗുസ്തിക്കാരിയായിരിക്കുമെന്ന്. ഞാൻ ഒരു അഭിനേത്രിയാണെന്നും, ഗുസ്തിക്ക് ഞാൻ പ്രത്യേകം പരിശീലനം നേടിയിരുന്നെന്നും ചിലരെയെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു."

    മലയാളത്തിലെ ഓഫറുകൾ കുറഞ്ഞതിനെക്കുറിച്ചു ചോദിച്ചാലും വമിഖക്കു പറയാൻ ഇങ്ങനെയൊക്കെ കാണും. "ഇനി ഒരു പക്ഷെ പഞ്ചാബി ആയതു കൊണ്ട് എനിക്ക് മലയാളം കൈകാര്യം ചെയ്യാൻ അറിയില്ലെന്നവർ വിചാരിച്ചു കാണും. പക്ഷെ നയൻ ചെയ്യുന്ന സമയം ഞാൻ മലയാളം കൈകാര്യം ചെയ്യാൻ പഠിച്ചത് എന്നെ തന്നെ അത്ഭുതപ്പെടുത്തി. നടക്കില്ലെന്നു കരുതിയതൊക്കെ വളരെ ഭംഗിയായി നടന്നു. കാത്തിരുന്നു കിട്ടിയത് വളരെ മികച്ചതായിരുന്നെന്നാണ് എൻ്റെ വിലയിരുത്തൽ. പൃഥ്വിരാജ് സാറിന്റെ ആദ്യ പ്രൊഡക്ഷൻ. പിന്നെ സോണി പിക്ചേഴ്സ്, ജെനുസ്, ഞാൻ വളരെ സന്തോഷം അനുഭവിച്ചു."

    വമിഖ ഗബ്ബി Photo: Anoop Surendran

    മലയാളം ഡയലോഗുകൾ പഠിക്കാൻ വമിഖ എന്ത് ചെയ്തു? "ഒരുപാട് കഠിനാധ്വാനം വേണ്ടി വന്നു. അടുത്ത ദിവസത്തേക്കുള്ള സീനുകൾ ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ ഉടൻ തന്നെ ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്നു പരിശീലിപ്പിക്കും. ഞാൻ ഡയലോഗുകളുടെ മുകളിൽ ഇംഗ്ലീഷ് അർഥങ്ങൾ എഴുതി വയ്ക്കും. ഏതു വാക്കിലാണ് ഊന്നൽ കൊടുക്കേണ്ടതെന്നു നോക്കും, ചിലപ്പോൾ അത് ഹിന്ദിയിൽ പറഞ്ഞു നോക്കും. അതൊരു വലിയ പ്രോസസ്സ് ആണ്. പിന്നെ സെറ്റിൽ കുറച്ചു പ്രോംപ്റ്റിംഗ് കൂടി ഉണ്ടാവും. എന്നാലും ഞാൻ പറയുന്നതെന്തെന്നും, ലിപ് സിങ്കിങ് കൃത്യമെന്നും ഞാൻ ഉറപ്പു വരുത്തും, സീൻ എന്തെന്ന് മനസ്സിലാക്കുകയും ചെയ്യും. കട്ട് പറഞ്ഞാൽ എല്ലാം അപ്പൊ മറക്കും."

    ചണ്ഡീഗഡിൽ ജനിച്ചു വളർന്ന വമിഖ ഇപ്പോൾ മുംബൈയിലാണ് താമസം. "എനിക്ക് സൗത്ത് ഇന്ത്യയിലെ മനുഷ്യരെ വളരെ ഇഷ്ടമാണ്. അവർക്കൊപ്പം ഞാൻ വളരെ സമയം ആസ്വദിക്കുന്നു. എനിക്കൊരു പഞ്ചാബി ചിത്രവും സൗത്ത് ഇന്ത്യൻ ചിത്രവും ലഭിക്കുകയാണെങ്കിൽ, ഞാൻ സൗത്ത് ഇന്ത്യൻ ചിത്രം തിരഞ്ഞെടുക്കും. വളരെ പ്രൊഫഷണലായ, ഡെഡിക്കേറ്റഡ് ആയ, ഫോക്കസ്ഡ് ആയ വ്യക്തികളാണ് ഇവിടുത്തെ സിനിമയിൽ. സംസാരിക്കുമ്പോഴോ, ഒന്നിച്ചു വർക്ക് ചെയ്യുമ്പോഴോ, ഒന്നോ, ഒന്നിൽ കൂടുതലോ കാര്യങ്ങൾ എനിക്കിവിടെ നിന്നും പഠിക്കാൻ കിട്ടും. ഒരു പക്ഷെ പഞ്ചാബി ആയതു കൊണ്ടാവും അവർ എന്നെ അൽപ്പം സ്പെഷ്യൽ ആയി പരിഗണിക്കുന്നത്. എനിക്ക് ഭാഷ അറിയാത്തതു കൊണ്ടും കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാനും മറ്റും കൊണ്ടാവും അത്. ഇവിടെ വർക്ക് ചെയ്യുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു."

    അഭിനേത്രി അല്ലാത്ത പക്ഷം താൻ ഒരു നല്ല പെയ്ന്റർ കൂടി ആണെന്ന് വമിഖ പറയുന്നു. "കുറച്ചു കൂടി പ്രശസ്തയായാൽ ഞാൻ എന്നെങ്കിലും എൻ്റെ പെയിന്റിങ്ങുകൾ വിൽക്കും. ഞാൻ ഒരുപാട് സ്നേഹം കൊണ്ട് ചെയ്യുന്നതാണത്. കൂടാതെ ഞാൻ നൃത്തം ചെയ്യും. എനിക്കൊരു നൃത്താധ്യാപികയാവാനുമാവും. രണ്ടു വർഷമായി കഥക് അഭ്യസിക്കുന്നു."

    ഇനി പ്രേക്ഷകരോട് നയനിനെക്കുറിച്ച്‌: "എല്ലാവരും തങ്ങളുടെ 100 ശതമാനവും ഒരു സിനിമയിൽ നിക്ഷേപിക്കുമ്പോൾ, നയൻ ചില പുതിയ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ശേഷം പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ."

    First published:

    Tags: Jenuse Mohammed Nine movie, Nine Malayalam movie, Nine movie, Nine movie in February, Nine movie trailer, Prithviraj and Prakash Raj in Nine, Prithviraj movie Nine, Wamiqa Gabbi