HOME » NEWS » Film »

മേള മാത്രം മതിയോ ? ഫിലിം മാർക്കറ്റും വേണ്ടേ?

News18 Malayalam
Updated: December 25, 2018, 4:41 PM IST
മേള മാത്രം മതിയോ ? ഫിലിം മാർക്കറ്റും വേണ്ടേ?
Dr Biju
  • Share this:
ഡോ. ബിജു (സംവിധായകൻ)

ഫിലിം ഫെസ്റ്റിവൽ എന്നാൽ സിനിമ കാണുക മാത്രമല്ല, ആ നാട്ടിലെ സിനിമകൾക്കും മാർക്കറ്റ് ഉണ്ടാക്കാനാകണം. ഫിലിം മാർക്കറ്റുകൾ എല്ലാ പ്രധാന ചലച്ചിത്രമേളകളുടേയും ഭാഗമാണ്. എന്നാൽ ഐ എഫ് എഫ് കെ യുടെ പോരായ്മ ഇത്തരമൊരു ഫിലിം മാർക്കറ്റ് ഇല്ലെന്നതാണ്. പുതിയ സിനിമകളെയും ഫിലിം മേക്കേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നഅന്തരീക്ഷവും മേളയിലുണ്ടാകണം. മേളയ്ക്കൊപ്പം മാർക്കറ്റും ഉള്ളതുകൊണ്ടാണ് നമ്മളേക്കാൾ പ്രായം കുറവായിരുന്നിട്ടും 'ബുസാൻ' ഏഷ്യയിലെ ഏറ്റവും വലിയ മേളയായി മാറിയത്. നമ്മളേക്കാൾ വൈകി തുടങ്ങിയിട്ടും ബുസാനും ഷാങ്ഹായിയും ടോക്ക്യോയുമൊക്കെ പ്രധാന മേളകളായിമാറുന്നുവെങ്കിൽ അതിന് കാരണം അവിടെ ശക്തമായ ഫിലിം മാർക്കറ്റ് ഉണ്ടെന്നതുതന്നെ.അതേസമയം കേരളത്തിൽ ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ലെന്നത് വലിയ പോരായ്മയാണ്. മാർക്കറ്റ് എന്ന പ്രധാന ഘടകത്തെ ഒഴിവാക്കിയാണ് നമ്മുടെ മേള നടക്കുന്നത്. ഇത് എത്രയോ കാലം മുൻപേ ചിന്തിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചെങ്കിൽ മാത്രമേ ഏഷ്യയിലെ പ്രധാനപ്പെട്ട മേളയായി നമുക്കും മാറാന് സാധിക്കൂ.

ഫിലിം ഫെസ്റ്റിവലിന് സമാന്തരമായി പ്രത്യേക രജിസ്ട്രേഷനോടെയാണ് മാർക്കറ്റ് നടത്തുന്നത്. ആ മാർക്കറ്റിലേക്ക് ലോകത്തിലെ വിവിധ മേളകളുമായി ബന്ധപ്പെട്ടവരും റിപ്പോർട്ടര്‍‌മാരുമെത്തും. അവരെ പ്രാദേശിക സിനിമകൾ കാണിക്കുകയും പുതുതായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്ക്രിപ്റ്റ് എക്സ്പ്ലോർ ചെയ്യാൻ അവസരമൊരുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത് കൃത്യമായി ചെയ്യാൻ പ്രത്യേകം വിഭാഗം തന്നെ ഉണ്ടാകണം. ഇതിനൊക്കെ ചലച്ചിത്ര അക്കാദമി വേണമെന്നില്ല കെ.എസ്.എഫ്.ഡി.സി ചെയ്താലും മതി. ഗോവയിൽ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ മേള നടത്തുമ്പോൾ എൻ.എഫ്.ഡി.സി ആണ് ആണ് ഫിലിം മാർക്കറ്റ് നടത്തുന്നത്. മേള പോലെതന്നെ സംഘാടന മികവ് ഏറെ ആവശ്യമുള്ള ഒന്നാണ് മാർക്കറ്റിങ്ങും. നമ്മുടെ ചലച്ചിത്ര അക്കാദമിക്ക് ഇത്തരമൊരു മാർക്കറ്റിനെപ്പറ്റി ഒട്ടും ബോധ്യമില്ല എന്ന് തോന്നുന്നു.

ഗോവയിലും മറ്റ് മേളകളിലും പോയി ഇതൊക്കെ മനസ്സിലാക്കണം. എന്നാൽ അതിനുള്ള ചെറിയ ശ്രമങ്ങൾപോലും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. അതു മാറണം. ഗോവ മേളയിൽ കുറച്ചു നല്ല ലോക സിനിമകൾ വരുന്നുണ്ട്. എന്നാൽ ഇന്ത്യൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. സർക്കാർ വിരുദ്ധ, ദേശ വിരുദ്ധ സിനിമകളെന്ന് മുദ്രകുത്തി ചില സിനിമകളെ ഒഴിവാക്കുന്നത് പതിവാണ്. ഇതിനായി ഒരു വിശ്വാസ്യതയുമില്ലാത്ത ജൂറി അംഗങ്ങളെ നിയോഗിക്കുന്നതും പതിവാണ്. കഴിഞ്ഞ മൂന്ന്-നാല് വർ‌ഷങ്ങളായി ഗോവ മേള ഒരു ടൂറിസ്റ്റ് മേളയായി മാറിയിട്ടുണ്ട്. നടത്തിപ്പിലും ഉള്ളടക്കത്തിലും സിനിമകളുടെ വൈവിധ്യത്തിലും സിനിമകൾ സംസാരിക്കുന്ന രാഷ്ട്രീയത്തിലുമൊക്കെ കേരള മേള, ഗോവ മേളയേക്കാൾ വളരെ വളരെ മുന്നിലാണ്. ഈ രീതി കൈവിടാതെ മുന്നോട്ടുപോയാൽ രാജ്യത്തെ ഏറ്റവും മികച്ച മേളയായി മാറാൻ ഐ.എഫ്.എഫ്.കെയ്ക്ക് എല്ലാ സാധ്യതയുമുണ്ട്.

ഐ.എഫ്.എഫ്.കെയുടെ കാഴ്ചയുടെ ശീലവും നമ്മുടെ ഇൻഡസ്ട്രിയിലെ കാഴ്ചയുടെ ശീലവും സമാന്തരമായാണ് നീങ്ങുന്നത്. ഐ.എഫ്.എഫ്.കെ ഉള്ളതുകൊണ്ട് ലോകത്തെ പ്രധാന സിനിമകളൊക്കെ മലയാളികൾ കാണുന്നുണ്ടെങ്കിലും മലയാള സിനിമകളുടെ ആസ്വാദന നിലവാരത്തിൽ വലിയ വ്യത്യാസമുണ്ടായെന്നു തോന്നുന്നില്ല. തമിഴിലും മറാത്തിയിലുമൊക്കെ മുഖ്യധാര സിനിമകൾ പരിഷ്ക്കരിക്കപ്പെട്ടപ്പോഴും മലയാളത്തിൽ അടുത്തകാലത്താണ് മാറ്റങ്ങളുണ്ടായത്. ഇവിടെ വൻ വിജയം നേടുന്ന സിനിമകളൊക്കെ പിന്തിരിപ്പനോ അല്ലെങ്കിൽ സ്ത്രീവിരുദ്ധമോ ആയിരിക്കും. ഐ.എഫ്.എഫ്.കെ വന്ന് 20 വർ‌ഷംകൊണ്ട് നമ്മുടെ കാഴ്ചയുടെ ശീലം മാറിയിരുന്നെങ്കിൽ ഇത്തരം സിനിമകൾക്ക് കൂടുതൽ ജനപ്രീതി കിട്ടുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല.

ഐഎഫ്എഫ്കെയുമായി ബന്ധപ്പെടുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. അതുതന്നെ നേരത്തെ ഇവിടെയുണ്ടായിരുന്ന ഫിലിം സൊസൈറ്റികളുടെ പ്രവർത്തകരും ചലച്ചിത്ര വിദ്യാർത്ഥികളും സിനിമയെ പുതുതായി സമീപിക്കുന്ന ചെറുപ്പക്കാരുമൊക്കെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ ഇൻ‍ഡസ്ട്രിയില്‍ ഫിലിം ഫെസ്റ്റിവൽ പൊതുവായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു നിസംശയം പറയാം.

കേരളത്തിന് പുറത്തെ പല ഫെസ്റ്റിവലുകളിലും മലയാള സിനിമ വൻ തിരക്കിലാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇതേ സിനിമകൾ പിന്നീട് തീയറ്ററുകളിലെത്തുമ്പോൾ യാതൊരുവിധ ചലനവുമുണ്ടാക്കുന്നില്ല. ഫിലിം ഫെസ്റ്റിവൽ മറ്റൊരു തരത്തിൽ ഗുണകരമാണ്. ചെറുപ്പക്കാരുടെ സിനിമാ സങ്കൽപങ്ങളെ ഇത് മാറ്റിയിട്ടുണ്ട്. മലയാളത്തിൽ പുതിയ ഫിലിം മേക്കേഴ്സ് പലരും വരുന്നത് ഐ.എഫ്.എഫ്.കെയിൽ പുതിയ സിനിമകൾ കണ്ടും അതിലൂടെ ലഭിക്കുന്ന കാഴ്ചപ്പാടോടു കൂടിയുമാണ്. ചെറിയ തരത്തിലെങ്കിലും ഐ.എഫ്.എഫ്.കെ ആരോഗ്യകരമായ മാറ്റം ഉണ്ടാക്കുന്നതിന് തെളിവാണിത്.
First published: December 25, 2018, 4:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories