നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow| ഇതുവരെ നിങ്ങൾ സിനിമയിൽ കണ്ട ദുബായ് അല്ല 'മ്യാവൂ'വിൽ; തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറം

  Meow| ഇതുവരെ നിങ്ങൾ സിനിമയിൽ കണ്ട ദുബായ് അല്ല 'മ്യാവൂ'വിൽ; തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറം

  കോളേജിലൊക്കെ കൂടെ പഠിച്ചവരിൽ നമുക്കെല്ലാം ഓർമയുള്ള ചിലരുണ്ടാകും. പിന്നീടുള്ള ജീവിതത്തിൽ വലിയ താര പദവികളിൽ എത്തും എന്ന് കരുതിയിട്ടുള്ളവർ. പിന്നീട് അവരെക്കുറിച്ച് ഒന്നും അറിയാതെ മറഞ്ഞു പോകുന്നവർ. അതിലൊരാളാണ് ദസ്തക്കീർ.

  ചിത്രീകരണത്തിനിടെ ലാൽ ജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും

  ചിത്രീകരണത്തിനിടെ ലാൽ ജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും

  • Share this:
   കോളേജിലൊക്കെ കൂടെ പഠിച്ചവരിൽ നമുക്കെല്ലാം ഓർമയുള്ള ചിലരുണ്ടാകും. പിന്നീടുള്ള ജീവിതത്തിൽ വലിയ താര പദവികളിൽ എത്തും എന്ന് കരുതിയിട്ടുള്ളവർ. പിന്നീട് അവരെക്കുറിച്ച് ഒന്നും അറിയാതെ മറഞ്ഞു പോകുന്നവർ. അഥവാ കണ്ടുമുട്ടിയാൽ തന്നെ എല്ലാവരിൽ നിന്നും ഒതുങ്ങി തന്റേതായ ചെറിയ ജീവിതം നയിച്ച് പോകുന്നവർ. ആ പഴയ കാലത്തിന്റെ ഒരു നിഴൽ പോലും ഇല്ലാതെ ഇപ്പോൾ ജീവിക്കുന്ന ചിലർ. അതിലൊരാളാണ് ദസ്തക്കീർ. മ്യാവൂ (Meow) എന്ന ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. ലാൽ ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയ തിരക്കഥാകൃത്ത് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ന്യൂസ് 18 മലയാളത്തോട് സംസാരിക്കുന്നു .

   അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലേസിനും ശേഷം വീണ്ടും ഗൾഫിലെ കഥയാണ് മ്യാവൂ. പുതുതായി പറയാൻ എന്തൊക്കെയുണ്ട്?

   ആ രണ്ടു ചിത്രങ്ങളും പറഞ്ഞ കഥയല്ല ഇത്. നടക്കുന്നത് ഗൾഫിൽ ആണെങ്കിലും അതല്ല ഈ ചിത്രത്തിലെ ഭൂമിക. നമ്മൾ ഇതുവരെ ദുബായ് കഥകൾ പറഞ്ഞ സിനിമകളിൽ കണ്ട സ്ഥലം അല്ല ഇത്. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത ഇടം. മാത്രവുമല്ല ഇതൊരു കുടുംബ കഥയാണ്. ഒരു കാലത്ത് തിളങ്ങി നിന്ന് പിന്നീട് ഉൾവലിഞ്ഞു ജീവിക്കുന്ന ഒരാൾ. അയാളുടെ ഭാര്യ. കുടുംബം. അതാണ് പറയുന്നത്.

   കുടുംബകഥകൾ കുറഞ്ഞു വരുന്ന കാലമാണ്. കുടുംബ കഥകൾ കാണാൻ ആളുണ്ടാകുമോ എന്ന് സിനിമാക്കാർ സംശയിക്കുന്ന കാലത്ത് എങ്ങനെ ഇത്തരമൊരു ചിത്രം ആലോചിച്ചു?

   നോക്കൂ. കുടുംബം വേണ്ടാ എന്ന് പറയുന്നവരും തിരിച്ചു പോകുന്നത് ഒരുവീട്ടിലേക്കാണ്. ലോകത്തിലെ ഏറ്റവും ശക്തമായ എസ്റ്റാബ്ലിഷ്‌മെന്റാണ് കുടുംബം. നമുക്കെല്ലാം തിരിച്ചു പോകാൻ ഒരു ഇടം അതിന്റെ കഥകൾ ഇനിയും പറയാനുണ്ട്.

   പക്ഷെ കുടുംബ ബന്ധങ്ങൾ പവിത്രീകരിച്ചു കാണിക്കുന്നു എന്നതാണല്ലോ പുതിയ തലമുറയ്ക്ക് കുടുംബ ബന്ധങ്ങളെക്കുറിച്ചു പറയുന്ന സിനിമകളോടുള്ള പരാതി.

   നമ്മൾ ഒരു ക്ലിഷേ വഴിയിൽ പോകുംമ്പോ അവരെ അത് അലോസരപ്പെടുത്തുന്നു. നിങ്ങൾ കുടുംബത്തെക്കുറിച്ച് കുറെ പറഞ്ഞില്ലേ ഇനി എന്ത് പറയാൻ എന്നത് മാത്രമാണ് അവരുടെ പരാതി. അത് ശരിയായ രീതിയിൽ കൊടുക്കാൻ കഴിഞ്ഞാൽ അവരെ അത് ആകർഷിക്കും എന്ന് തന്നെയാണ് തോന്നുന്നത്. സത്യത്തിൽ അമ്മയും അച്ഛനും ഒക്കെയായി കുടുംബം എന്ന സങ്കല്പത്തോട് വളരെ കണക്ടഡ് ആണ് പുതിയ തലമുറ. അവരെ ഡിപെൻഡന്റും ആണ് അവരിൽ പലർക്കും അമ്മയും അച്ഛനും വിട്ടൊരു ലോകം തന്നെ ഇല്ല. എങ്ങനെ കഥ പറയുന്നു എന്നത് തന്നെയാണ് പ്രധാനം. കുടുംബ കഥ പണ്ട് പറഞ്ഞ അതേ രീതിയിൽ പറഞ്ഞാൽ ഇപ്പോൾ ആരെങ്കിലും സ്വീകരിക്കും എന്ന് തോന്നുന്നില്ല. പണ്ടത്തെപ്പോലെ തന്നെ പറഞ്ഞാൽ അവർ തള്ളിപ്പറഞ്ഞേക്കാം. അല്ലാതെ അവർക്ക് കുടുംബത്തോട് ഒരു വിയോജിപ്പും ഇല്ല. പുതുമ മാത്രമാണ് വേണ്ടത്. ഹോം എന്ന സിനിമയെക്കുറിച്ച് എന്നോട് പറഞ്ഞത് എന്റെ മകനാണ്. അവൻ ആ സിനിമ കണ്ടപ്പോൾ എന്നെ ഓർത്തു. ഞാൻ അത് കണ്ടപ്പോൾ എന്റെ ഫാദറിനെ ഉപ്പയെ ഓർത്തു. പറയുന്ന രീതിയും വിഷയവും പ്രധാനമാണ്.

   എങ്ങനെയാണ് ഈ കഥയിൽ എത്തിയത് ?

   കുറേ നാളായി എന്റെ മനസിലുള്ളതാണ് ഈ കഥയും കഥാപാത്രവും. പക്ഷെ അത് ചെറിയൊരു മിസ്സിങ് എവിടെയോ ഉണ്ടായിരുന്നു. അപ്പോഴാണ് ഗൗതമൻ സാറിന്റെ (എഴുത്തുകാരൻ ) ഒരു കഥ വായിച്ചത്. അതിലെ ഒരു എലമെന്റ് ഇത് ചേർന്ന് പോകും എന്നതിനാൽ അദ്ദേഹത്തോട് ചോദിച്ച് അനുവാദവും റൈറ്റ്സും വാങ്ങിയാണ് തിരക്കഥ പൂർത്തിയാക്കിയത്. ദുബായ് കരാമയിൽ എന്നേ കാണാൻ വളരെ ദൂരെ നിന്നും രോഗികൾ വരാറുണ്ട്. അവരിൽ പലരും വളരെ ദൂരെ നിന്നുമാണ് വരുന്നത്. അവരിൽ പലരും താമസിക്കുന്നതും ജീവിക്കുന്നതും നമ്മളൊക്കെ കരുതുന്ന ദുബായ് ജീവിതത്തിൽ നിന്നും വളരെ അകലെയാണ്. അത്തരത്തിൽ ഒരാളാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം. അയാൾക്ക് ഒരു ഭൂതകാലമുണ്ട്. അയാൾ പോലും മറന്നു പോയ ഒന്ന്.   ചെറിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ. പണ്ട് നാട്ടിലെ പോലെ രാത്രി കഞ്ഞിയൊക്കെ കുടിച്ച് ജീവിക്കുന്നവർ ഉണ്ട് എന്നത് ഒരു കൗതുകമായിരിക്കും. പക്ഷെ അവർ അവരുടെ നാട്ടിൽ നിന്നു വന്ന കാലത്തേപ്പോലെ ജീവിക്കുകയാണ്. കിട്ടുന്നതിൽ ഒരു വലിയ പങ്ക് മിച്ചം പിടിച്ച് നാട്ടിലെ അവരുടെ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ. ഇത്തരത്തിൽ ആളുകൾ ഏറെ ഉള്ളത് എന്റെ നാട്ടിൽ നിന്നും സൗദിയിൽ പോയവരാണ്. പക്ഷെ ദുബായ്ക്ക് ചുറ്റിനും ഉണ്ട് അത്തരത്തിൽ ഉള്ളവർ അവരൊക്കെ റാസൽ ഖൈമ, ഫുജൈറ അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആണ്. ദുബായിയുടെ മായക്കാഴ്ചകൾക്ക് അപ്പുറത്താണ് അവരുടെ ജീവിതം. നമ്മുടെ ആളുകൾ മാത്രമേ അങ്ങനെ കാണുകയുള്ളു. മറ്റു നാട്ടുകാരൊക്കെ അവരുടെ ജീവിതം ജീവിച്ച ശേഷം വീട്ടുകാരെ സഹായിക്കും. അല്ലെങ്കിൽ അവരെ സഹായിച്ച ശേഷം സ്വന്തം ജീവിതം ജീവിക്കും. ലൊക്കേഷൻ കാണാൻ പോയപ്പോൾ സഹായിച്ച പലരും അത്തരത്തിൽ ജീവിക്കുന്നവരാണ്.   ലാൽ ജോസുമൊത്ത് നാലാമത്തെ ചിത്രം. സഹപ്രവർത്തകർ എന്നതിനും സുഹൃത്തുക്കൾ എന്നതിനും ഉപരിയാണ് നിങ്ങളുടെ ബന്ധം. പ്രേക്ഷകർ മറക്കാതെ പലപ്പോഴും റഫറൻസ് ഉണ്ടാകുന്നവയാണ് അറബിക്കഥയും ഡയമണ്ട് നെക്‌ലേസും വിക്രമാദിത്യനും ഒക്കെ. എങ്ങനെയാണ് നിങ്ങളുടെ കൂട്ടുകെട്ട് ?

   അത്തരമൊരു ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കിൽ നമുക്ക് വർക്ക് ചെയ്യാൻ കഴിയില്ല. ഈഗോയില്ലാതെ ഒരു പ്രോജെക്ടിന് വേണ്ടിയേ ജോലി ചെയ്യാൻ കഴിയൂ. ഞാൻ ഒരു കാര്യം പറഞ്ഞാ പുള്ളിക്ക് മനസിലാകും. പുള്ളി അത് വേണ്ട എന്ന് പറഞ്ഞാ എനിക്കും മനസിലാകും. അല്ലാതെ തല്ലുകൂടി നടക്കാൻ പറ്റില്ല. അകാരണമായി എന്നോട് നോ പറയില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ തർക്കങ്ങൾ ഉണ്ടാകാറില്ല. എഴുത്തിൽ നല്ല സ്വാതന്ത്ര്യം കിട്ടാറുണ്ട്. നാലോ അഞ്ചോ തവണ എങ്കിലും ഇരുന്നിട്ടാണ് എഴുത്തിലേക്ക് പോകുന്നത്.   പക്ഷെ സിനിമകളിൽ നിങ്ങൾ രണ്ടാളുടെ ജഡ്ജ്മെന്റിനപ്പുറം പ്രേക്ഷകരുടെ അഭിപ്രായമാണല്ലോ വിജയത്തിന് വേണ്ടത്. നിങ്ങൾ ഒരുമിച്ചപ്പോ ഒന്നും അത് തെറ്റിയിട്ടുമില്ല. അതെങ്ങനെ സംഭവിക്കുന്നു ?

   ഞങ്ങൾ പൊതുവെ ആവറേജ് പ്രേക്ഷകരാണല്ലോ. ഞങ്ങളിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. പക്ഷെ എഴുതുന്ന സമയത്ത് പ്രേക്ഷകരുടെ വിമർശനവും ചോദ്യവും ഒക്കെ മനസിലുണ്ടാകും. അങ്ങനെ എഴുത്തിൽ ഒരു ജാഗ്രത ഉണ്ടാകും ഞങ്ങൾ മാത്രം പോരാ പ്രേക്ഷകരും വേണം എന്ന്.

   സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു വരുന്നതാണ് വിക്രമാദിത്യനിലെയും ഡയമണ്ട് നെക്ലേസിലെയും അറബിക്കഥയിലെയും ചില രംഗങ്ങൾ. കാലമിത്ര കഴിഞ്ഞിട്ടും അവയുടെ ജനപ്രീതി തന്നെയാണ് ലാൽ ജോസ് - ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ടിന്റെ മ്യാവൂവിന് പ്രതീക്ഷ നൽകുന്നതും.
   Published by:Chandrakanth viswanath
   First published: