• HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്രമേള മറന്നു പോയോ പെരുന്തച്ചന്റെ തച്ചനെ?

ചലച്ചിത്രമേള മറന്നു പോയോ പെരുന്തച്ചന്റെ തച്ചനെ?

Why Perumthachan maker Ajayan finds no place in 24th IFFK? | സംവിധായകൻ എന്ന പേര് ഒറ്റ ചിത്രത്തിന് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും, അജയന്റെ കയ്യൊപ്പ് പല പ്രഗത്ഭമതികളുടെ സിനിമകളിലും പതിഞ്ഞിരുന്നു

അജയൻ, പെരുന്തച്ചനിൽ തിലകൻ

അജയൻ, പെരുന്തച്ചനിൽ തിലകൻ

  • Share this:
വർഷം 2018. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏവരും കാത്തിരുന്ന നിമിഷമായിരുന്നു അന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുൻപിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിജയ ചിത്രങ്ങളും വിജയശില്പികളും സന്തോഷത്തോടെ പുരസ്കാരങ്ങൾ ഏറ്റു വാങ്ങുന്ന സമാപന സമ്മേളന വേദി.

എന്നാൽ തീർത്തും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കേട്ട വാർത്ത. മലയാളിയുടെ പെരുന്തച്ചനെ വാർത്തെടുത്ത മാന്ത്രികൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. ഒരേയൊരു ചിത്രത്തിലൂടെ സംവിധായകന്റെ പട്ടം അണിഞ്ഞ തോപ്പിൽ അജയൻ എന്ന അജയൻ വിസ്മൃതിയിലേക്ക്. പിന്നീടവിടെ ഓരോ നിമിഷത്തിനു മുകളിലും ആ പ്രതിഭയുടെ ഓർമ്മ നിറഞ്ഞു നിന്നു.

അജയൻ വിട്ടുപിരിഞ്ഞിട്ട് ഡിസംബർ 13ന് ഒരു വർഷം തികയുന്നു. മറ്റൊരു ചലച്ചിത്ര മേളയും കൊടിയിറങ്ങുന്നു. എന്നിട്ടും എന്തേ മേള ആ അതുല്യകാലാകാരനെ വിസ്മരിച്ചു? കഴിഞ്ഞ ഒരു വർഷത്തിനിടെ മണ്മറഞ്ഞു പോയ ചലച്ചിത്ര പ്രതിഭകളെ ഓർക്കുമ്പോഴും അജയന് വേണ്ടി ഒരിടം ഐ.എഫ്.എഫ്.കെ. എന്ന മേളയിൽ ഉയർന്നില്ല. മൃണാൾ സെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ. രാധാകൃഷ്ണൻ തുടങ്ങിയവർക്ക് പ്രത്യേകം ഓർമ്മപ്പെടുത്തൽ ഉണ്ടായപ്പോൾ അവിടെ അജയനെന്നോ പെരുന്തച്ചനെന്നോ കേട്ടില്ല. ലക്ഷണമൊത്ത പെരുന്തച്ചനെന്ന ചിത്രത്തെയും അജയനെയും അത്ര എളുപ്പം മലയാളിക്ക് മറക്കാനാവുമോ?

റിട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടണമെങ്കിൽ അഞ്ചു ചിത്രങ്ങൾ എങ്കിലും വേണമെന്നിരിക്കെ, ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് അജയന് ലഭിക്കാതെ പോയത്. ഇതേ ചിത്രം 2012ൽ നടൻ തിലകന് ആദരമർപ്പിച്ച് 'ഹോമേജ്' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു എന്ന കാര്യം ശ്രദ്ധേയം. ഒറ്റ ചിത്രമെങ്കിൽ, ഒറ്റ ചിത്രം. അജയൻ മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പുരുഷായുസ്സും താണ്ടി ഓർമ്മയിൽ തങ്ങുന്ന കലാസൃഷ്‌ടിയാണ്."സിനിമ മേഖലക്ക് കഴിഞ്ഞ വർഷം നഷ്‌ടമായത്‌ 27 പ്രതിഭകളെയാണ്. എല്ലാവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല. ചെയർമാൻ ഉൾപ്പെട്ട ചർച്ചയിലാണ് അക്കാര്യത്തിൽ തീരുമാനമായത്. അതിനാൽ 'ഹോമേജ്' സെക്ഷന്റെ ആരംഭത്തിൽ മേളയിൽ ചിത്രങ്ങൾ പ്രദർശനത്തിനില്ലാത്തവരെയും അനുസ്മരിച്ച ശേഷമാണ് തുടങ്ങിയത്. മൃണാൾ ദാ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ. തുടങ്ങിയവരെ കൂടാതെ നിർമ്മാതാവ് ടി.കെ. പരീക്കുട്ടി, മിസ് കുമാരി എന്നിവരുടെ ഓർമ്മയ്ക്കായും ഒരു ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്," മേള എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പഞ്ചു പറഞ്ഞു.

സംവിധായകൻ എന്ന പേര് ഒറ്റ ചിത്രത്തിന് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും, അജയന്റെ കയ്യൊപ്പ് പല പ്രഗത്ഭമതികളുടെ സിനിമകളിലും പതിഞ്ഞിരുന്നു. പിതാവ് തോപ്പിൽ ഭാസിയുടെ ആലയിൽ ചിന്തേരിട്ട മൂർച്ച അജയന്റെ കലാ സൃഷ്ടികളിൽ പ്രകടം. അജയൻ നൽകിയ ഊർജ്ജം കലാസംവിധായകനായ ഭരതനെയും എഴുത്തുകാരനായ പത്മരാജനെയും സംവിധായകരാക്കിയതെന്ന് അവർ തന്നെ പലപ്പോഴായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മറ്റാരുടെയും കീഴിൽ സംവിധാന പരിശീലനം നേടാത്ത ഇരുവരുടെയും ശക്തി സ്രോതസ് ഒരാളായിരുന്നു, അജയൻ.

ആദ്യ ചിത്രത്തിന്റെ വിജയത്തിനു ശേഷം ഒരു ഡസനിലേറെ നിർമ്മാതാക്കൾ പിന്നാലെ വന്നപ്പോഴും തന്റെ സ്വപ്നമായ മാണിക്യക്കല്ലിന്റെ പിന്നാലെ പോയി എന്നതാവാം അജയനെ ഒരു ചിത്രത്തിൽ ഒതുക്കിയത്. അല്ലാത്ത പക്ഷം ഒരുപക്ഷെ, സിനിമയുടെ തച്ചുശാസ്ത്ര വിധി പാലിച്ചുണ്ടായ ലക്ഷണമൊത്ത പെരുന്തച്ചന് ശേഷം തോപ്പിൽ അജയന്റെ എത്രയെത്ര ചലച്ചിത്രങ്ങൾ മലയാള സിനിമയിൽ പിറക്കുമായിരുന്നേനേ!

സിനിമ സാങ്കേതികതയുടെ കലയാണ്. എന്നാൽ ഒരാളെ ഓർക്കണമെങ്കിൽ അതിനു സാങ്കേതികതയുടെ സഹായം വേണ്ട. പ്രത്യേകിച്ച് പലരുടെയും ഓർമകൾ നിറഞ്ഞു നിൽക്കുന്ന ഒരു ചലച്ചിത്രമേളയ്ക്ക് .
First published: