മുംബൈ: മത സ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ നടി
കങ്കണ റണൗട്ട്, സഹോദരി രംഗോലി ചന്ദേല എന്നിവരുടെ അറസ്റ്റ് ഇടക്കാലത്തേക്ക് തടഞ്ഞ്
മുംബൈ ഹൈക്കോടതി. ജനുവരി എട്ടിനു മുമ്പ്
മുംബൈ പൊലീസു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. ജനുവരി എട്ടുവരെ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഇവരുടെ ഹർജിയെ ബഹുമാനിക്കണമെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി. ജനുവരി 8ന് മുമ്പ് ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകുമെന്ന് ഇവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
എസ്എസ് ഷിൻഡെ, എംഎസ് കർണിക് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ സഹോദരിമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസിലെ അടുത്ത വാദം ജനുവരി 11ലേക്ക് മാറ്റി. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വിഷയം അടുത്ത ഹിയറിംഗിനിടെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പല തവണ പൊലീസ് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടും കങ്കണയും രംഗോലിയും ഹാജരായിരുന്നില്ല. സഹോദരന്റെ വിവാഹത്തിരക്കുകളിലായിരുന്നതിനാലാണ് ഹാജരാകാത്തതെന്നാണ് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. പൊലീസിന്റെ നോട്ടീസ് മാനിക്കണമെന്ന് കോടതി വ്യക്തമാക്കി.
ട്വിറ്ററിലൂടെ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറായ സാഹില്‍ അഷ്റഫലി സയ്യിദ് ആണ് പരാതി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.