മുംബൈ: ബോളിവുഡ് താരം
കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ മുംബൈ പൊലീസിന്റെ സമൻസ്. ഈ മാസം 26, 27 ദിവസങ്ങളിൽ ഹാജരാകാനാണ് നിർദേശം. വാർത്ത ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'അടുത്ത തിങ്കളാഴ്ചയും ചൊവ്വാഴ്ചയും (ഒക്ടോബർ 26, 27) അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട്
മുംബൈ പൊലീസ് കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും സമൻസ് അയച്ചു.
മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ 124 എ (രാജ്യദ്രോഹം) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു- എഎൻഐ ട്വീറ്റിൽ വ്യക്തമാക്കി.
സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സെപ്തംബർ മൂന്നിന് മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച് നടത്തിയ ട്വീറ്റിനു പിന്നാലെയാണ് കങ്കണയ്ക്കെതിരെ പരാതി നൽകിയത്.
നടി കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാസ്റ്റിങ് ഡയറക്ടറായ സാഹില്‍ അഷ്‌റഫലി സയ്യിദ് നല്‍കിയ ഹര്‍ജി പരിഗണിച്ച മുംബൈക്കോടതി ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ബന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്.
കങ്കണ ട്വീറ്റുകളിലൂടെയും ചാനല്‍ അഭിമുഖങ്ങളിലൂടെയും ബോളിവുഡിലെ പ്രമുഖരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായാണ് പരാതി. മതത്തിന്റെ പേരില്‍ കലാകാരന്മാരെ ഭിന്നിപ്പിക്കാനാണ് ട്വീറ്റുകളിലൂടെ നടി ശ്രമിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ട്വീറ്റുകളും നടി പോസ്‌റ്റ് ചെയ്‌തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി കങ്കണ റണൗട്ട് ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
രണ്ട് സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന് കാരണമാകുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പോസ്‌റ്റ് ചെയ്‌തെന്നാണ് രംഗോലിക്കെതിരായ പരാതി. അതേസമയം, തനിക്കെതിരെയുള്ള പരാതിയിലും കങ്കണ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പരാതിയെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ പപ്പു സേന തനിക്കെതിരെ മറ്റൊരു എഫ്‌ഐആര്‍ കൂടി ഫയല്‍ ചെയ്‌തു എന്ന് ട്വീറ്റില്‍ കങ്കണ പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.